• Home
  • Editor's Pick
  • നാലുവർഷത്തിനുശേഷം മലമ്പുഴ ഡാം തുറന്നു...

നാലുവർഷത്തിനുശേഷം മലമ്പുഴ ഡാം തുറന്നു

തിരുവനന്തപുരം∙ നാലുവർഷത്തിനു ശേഷം മലമ്പുഴ അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ ഷട്ടറുകളെല്ലാം തുറന്നിട്ടുണ്ട്. പരമാവധിശേഷിയായ 115.06 മീറ്ററിലെത്തിയതോടെയാണ് അണക്കെട്ട് തുറന്നത്. അതിനിടെ, സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ മഴ തുടരുന്നു. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഴയേറെയും. ആലപ്പുഴ കരുവാറ്റയിൽ റയിൽപാളത്തിലേക്ക് മരം വീണു. കടല്‍പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

അതേസമയം, ഇടമലയാർ അണക്കെട്ടിലും ജാഗ്രതാ നിർദ്ദേശം – ‘ഓറഞ്ച് അലർട്ട്’ – പ്രഖ്യാപിച്ചു. നിലവില്‍ ഡാമിലെ ജലനിരപ്പ് 167.05 മീറ്ററാണ്. 168.5 മീറ്റർ എത്തുമ്പോൾ അവസാന ജാഗ്രതാ നിർദ്ദേശം(റെഡ് അലർട്ട്) പ്രഖ്യാപിക്കും. ഒഡീഷ തീരത്ത് രൂപപ്പെട്ട അന്തരീക്ഷച്ചുഴിയെ തുടര്‍ന്ന് കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റമാണ് സംസ്ഥാനത്ത് മഴ ശക്തമാകാന്‍ കാരണം. ഇതിനോടകം ജില്ലയിലെ മംഗലംഡാം, പോത്തുണ്ടി അണക്കെട്ടുകളിലെ വെളളം തുറന്നുവിട്ടിരുന്നു. ‌

തൂക്കുപാലങ്ങളിൽ നിയന്ത്രണം

മലമ്പുഴ ഡാം തുറന്നതോടെ താഴെയുള്ള രണ്ടു തൂക്കു പാലങ്ങളിലും പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി. തിരഞ്ഞെടുക്കപ്പെട്ടവർക്കു മാത്രമെ പ്രവേശനം അനുവദിക്കുന്നുള്ളൂ. വെള്ളത്തിലുള്ള നടപ്പാലത്തിലെ നടപ്പും നിരോധിച്ചു. താഴെ വിനോദ സഞ്ചാരികൾക്കുള്ള ബോട്ടിങ് നിർത്താൻ ടൂറിസം വിഭാഗത്തിനു ഇന്നലെത്തന്നെ നിർദേശം നൽകിയിരുന്നു.