• Home
  • Sports
  • സംസ്ഥാന സ‌്കൂൾ കായികോത്സവം; എറണാകുളം കുതിപ്പ‌് തുടങ്ങി

സംസ്ഥാന സ‌്കൂൾ കായികോത്സവം; എറണാകുളം കുതിപ്പ‌് തുടങ്ങി

തിരുവനന്തപുരം: സംസ്ഥാന സ‌്കൂൾ കായികോത്സവകിരീടം കൈവിടില്ലെന്ന പ്രഖ്യാപനത്തോടെ ആദ്യദിനംതന്നെ എറണാകുളം കുതിപ്പ‌് തുടങ്ങി. മൂന്നു പ്രായവിഭാഗങ്ങളിലും ഒരുപോലെ മികവു കാട്ടിയ അവർ 88 പോയിന്റ‌് സ്വന്തമാക്കി. 46 പോയിന്റുമായി പാലക്കാട‌് രണ്ടാമതാണ‌്. 35 പോയിന്റുള്ള കോഴിക്കോട‌് തൊട്ടുപിന്നിൽ.ആതിഥേയരായ തിരുവനന്തപുരത്തിന്റെ സ്വര്‍ണവാര്‍ത്തയോടെയാണ് ആദ്യദിനം ട്രാക്കുണര്‍ന്നത്. രാവിലെ നടന്ന ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സായിയുടെ സല്‍മാന്‍ ഫറൂക്കിലൂടെയാണ് അനന്തപുരി സ്വര്‍ണമണിഞ്ഞത്. കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ എം വി അമിത്ത് വെള്ളിയും കരസ്ഥമാക്കി. തുടര്‍ന്നു എറണാകുളത്തിന്റെയും പാലക്കാടിന്റെയും മുന്നേറ്റങ്ങള്‍ക്കാണ് യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എറണാകുളം സ്വര്‍ണം നേടി. കോതമംഗലം മാര്‍ ബേസിലിന്റെ ആദര്‍ശ് ഗോപിക്കാണ് സ്വര്‍ണ്ണം. പാലക്കാട് സിഎംടി മാത്തൂരിന്റെ എം അജിത്തിന് വെള്ളി മെഡല്‍ ലഭിച്ചു.

പാലക്കാടോ എറണാകുളമോ മുമ്പന്‍ എന്ന പതിവ് ചോദ്യം മാത്രമേ ഇത്തവണയും സംസ്ഥാന സ്‌കൂള്‍ കായികോല്‍സവത്തിനുള്ളൂ എന്നാണ് ആദ്യ ദിനത്തിലെ പ്രകടനം തെളിയിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ വീശിയടിച്ച പാലക്കാടന്‍ കാറ്റിനെ ബഹുദൂരം പിന്തള്ളിയാണ് എറണാകുളം ആദ്യദിനത്തെ മുമ്പന്‍മാരായത്. ഒന്‍പതു സ്വര്‍ണവും 12 വെള്ളിയും ഏഴു വെങ്കലവും സഹിതം 88 പോയിന്റുമായാണ് എറണാകുളം മുന്നിലെത്തിയത്. ആറു സ്വര്‍ണവും നാലുവീതം വെള്ളിയും വെങ്കലവും ഉള്‍പ്പെടെ 46 പോയിന്റുമായി പാലക്കാട് രണ്ടാമതുണ്ട്. നാലുവീതം സ്വര്‍ണവും വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പെടെ 35 പോയിന്റുമായി കോഴിക്കോടാണ് മൂന്നാമതുള്ളത്. മൂന്നു സ്വര്‍ണവും അഞ്ച് വെള്ളിയും ഒരു വെങ്കലവുമടക്കം 31 പോയിന്റുമായി തൃശൂര്‍ നാലാംസ്ഥാനത്തും നാല് സ്വര്‍ണവും നാല് വെങ്കലവുമടക്കം 24 പോയിന്റുമായി ആലപ്പുഴ അഞ്ചാം സ്ഥാനത്തുമാണ്.

സ്‌കൂളുകളുടെ ഇനത്തില്‍ ആദ്യ ദിനം കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിന്റെ കുതിപ്പായിരുന്നു. മൂന്നു വീതം സ്വര്‍ണവും ഒരു വെങ്കലവും ഉള്‍പ്പെട 25 പോയിന്റുമായി നിലവിലെ ചാംപ്യന്‍മാരായ കോതമംഗലം മാര്‍ ബേസില്‍ ഒന്നാം സ്ഥാനത്തെത്തി. മാര്‍ ബേസില്‍ നിന്നും കിരീടം തട്ടിയെടുക്കുമെന്ന് വെല്ലുവിളിച്ചെത്തിയ കോതമംഗലം സെന്റ് ജോര്‍ജിന് മീറ്റിന്റെ തുടക്കത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. എന്നിരുന്നാലും രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയും നാലു വെങ്കലവും ഉള്‍പ്പെടെ 23 പോയിന്റുമായി കോതമംഗലം സെന്റ് ജോര്‍ജ് തൊട്ടുപിന്നിലുണ്ട്. സെന്റ് ജോസഫ് പുല്ലൂരാംപാറ (രണ്ടു സ്വര്‍ണം, മൂന്നു വെള്ളി, ഒരു വെങ്കലം 20 പോയിന്റ്), കെ.എച്ച്.എസ്. കുമാരംപുത്തൂര്‍ (മൂന്നു സ്വര്‍ണം, ഒരു വെള്ളി, ഒരു വെങ്കലം 19 പോയിന്റ്), നാട്ടിക ഗവണ്‍മെന്റ് ഫിഷറീസ് എച്ച്എസ്എസ് (മൂന്നു സ്വര്‍ണം, ഒരു വെള്ളി, ഒരു വെങ്കലം 19 പോയിന്റ്) എന്നിവര്‍ പിന്നാലെയുണ്ട്. സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളുടെ വിഭാഗത്തില്‍ രണ്ടു സ്വര്‍ണവും ആറ് വെങ്കലവുമടക്കം 16 പോയിന്റുമായി തിരുവനന്തപുരം സായി ഒന്നാം സ്ഥാനത്തും,ഒരു സ്വര്‍ണവും രണ്ടു വെള്ളിയുമടക്കം 11 പോയിന്റുമായി കോതമംഗലം എംഎ കോളജ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ രണ്ടാം സ്ഥാനത്തും ഒരു സ്വര്‍ണവും ഒരു വെള്ളിയുമടക്കം എട്ടു പോയിന്റുമായി കോഴിക്കോട് സായി മൂന്നാം സ്ഥാനത്തുമാണുള്ളത്.

Recent Updates

Related News