• Home
  • Sports
  • സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ എറണാകുളം ജില്ലക്ക് കിരീടം

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ എറണാകുളം ജില്ലക്ക് കിരീടം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ എറണാകുളം ജില്ലക്ക് കിരീടം. 30 സ്വര്‍ണവും 26 വെള്ളിയും 20 വെങ്കലവും ഉള്‍പ്പെടെ 253 പോയിന്റ് നേടിയാണ് എറണാകുളം ജേതാക്കളായത്. എറണാകുളത്തിന്റെ 13-ാം കിരീടമാണിത്. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ പാലക്കാട് 196 പോയിന്റുമായി ഇക്കുറിയും രണ്ടാമതെത്തി. 101 പോയിന്റുകളുള്ള തിരുവനന്തപുരമാണ് മൂന്നാമത്.100 പോയിന്റ് നേട്ടത്തില്‍ കോഴിക്കോടാണ് നാലാം സ്ഥാനത്ത്.പാലക്കാടിന് 24 സ്വര്‍ണവും 16 വെള്ളിയും 13 വെങ്കലവും ലഭിച്ചു. മൂന്നാം സ്ഥാനം ലഭിച്ച തിരുവന്തപുരത്തിന് 10 സ്വര്‍ണവും 11 വെള്ളിയും 10 വെങ്കലവും ലഭിച്ചപ്പോള്‍ നാലാംസ്ഥാനം നേടിയ കോഴിക്കോടിന് എട്ട് സ്വര്‍ണവും 12 വെള്ളിയും 10 വെങ്കലവും ലഭിച്ചു. എറണാകുളത്തിന് കഴിഞ്ഞ വര്‍ഷം പാലായിലെ മേളയില്‍ 34 സ്വര്‍ണം ലഭിച്ചത് ഇത്തവണ 30 ആയി ചുരുങ്ങി. രണ്ടാം സ്ഥാനക്കാരനായ പാലക്കാട് രണ്ട് സ്വര്‍ണം അധികം നേടി.

കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂള്‍ മണിപ്പൂരിത്താരങ്ങളുടെ പിന്‍ബലത്തില്‍ ചാമ്പ്യന്‍ഷിപ്പ് തിരികെ നേടിയപ്പോള്‍ സ്ഥിരം എതിരാളികളും ചാമ്പ്യനുമായ കോതമംഗലം മാര്‍ ബേസിലിസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി. 10 സ്വര്‍ണവും ഒന്‍പത് വെള്ളിയും ആറ് വെങ്കലവുമടക്കം 81പോയിന്റാണ് സെന്റ് ജോര്‍ജിന് ലഭിച്ചത്. 62 പോയിന്റുമായി രണ്ടാം സ്ഥാനത്ത് കുതിച്ചെത്തിയ പാലക്കാട് കെഎച്ച്എസ് മേളയിലെ താരമായി. 10 സ്വര്‍ണവും മൂന്ന് വീതം വെള്ളിയും വെങ്കലവും നേടിയാണ് രണ്ടാംസ്ഥാനത്തേക്ക് പറന്നുയര്‍ന്നത്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ മാര്‍ ബേസിലിന്റെ അക്കൗണ്ടില്‍ അഞ്ച് സ്വര്‍ണവും ഏഴ് വെള്ളിയും നാല് വെങ്കലവും ചേര്‍ത്ത് 50 പോയിന്റ് മാത്രമായി. കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായിരുന്ന കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്‌കൂള്‍ 28 പോയിന്റില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Recent Updates

Related News