ഹോക്കി ലോകകപ്പ്; ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് ഇന്ത്യ നെതര്‍ലാന്റ്‌സിനെ നേരിടും
ഭുവനേശ്വര്‍: പുരുഷ ഹോക്കി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ ഇന്ന് കരുത്തരായ നെതര്‍ലാന്റ്‌സിനെ നേരിടും. കാനഡയെ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കു തകര്‍ത്താണ് നെതര്‍ലാന്റ്‌സിന്റെ വരവ്. റാങ്കിങില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ് മുന്‍ ലോകചാംപ്യന്മാരായ നെതര്‍ലാന്റ്‌സ്. നാലാം റാങ്കുകാരായ അവരെ തോല്‍പിക്കാന്‍ ഇന്ത്യ വിയര്‍ക്കേണ്ടി വരും.ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ട് അര്‍ജന്റീനയെ 3-2 എന്ന സ്‌കോറിനു പരാജയപ്പെടുത്തി സെമിയില്‍ കടന്നു. പെയിലാട്ട് ഗൊണ്‍സാലോയിലൂടെ 17ാം മിനുട്ടില്‍ അര്‍ജന്റീനയാണ് മുന്നിലെത്തിയതെങ്കിലും ആദ്യ പകുതിയില്‍ തന്നെ ഗോള്‍ മടക്കി ഇംഗ്ലണ്ട് ഒപ്പമെത്തി. ബാരി മിഡില്‍ട്ടണായിരുന്നു ഗോള്‍ സ്‌കോറര്‍. 45ാം മിനുട്ടില്‍ വില്‍ കാല്‍നന്‍ നേടിയ ഗോളിലൂടെ ഇംഗ്ലണ്ട് മുന്നിലെത്തി. മിനുട്ടുകള്‍ക്കകം പെയിലാട്ട് വീണ്ടും അര്‍ജന്റീനയ്ക്കായി ഗോള്‍ സ്‌കോര്‍ ചെയ്തുവെങ്കിലും അടുത്ത മിനുട്ടില്‍ തന്നെ ഹാരി മാര്‍ട്ടിന്‍ ഇംഗ്ലണ്ടിന്റെ വിജയ ഗോള്‍ നേടി.രണ്ടാം ക്വാര്‍ട്ടറില്‍ ആസ്‌ത്രേലിയ ഫ്രാന്‍സിനെ 3-0ന് തോല്‍പിച്ചു. ജെറിമി ഹേവാര്‍ഡ്, ബ്ലേക്ക് ഗോവേഴ്‌സ്, ആരന്‍ സാല്‍േവ്‌സ്‌കി എന്നിവരാണ് ഗോള്‍ നേടിയത്.