• Home
  • Sports
  • നെതെർലാൻഡിനോട് ഇന്ത്യ കീഴടങ്ങി

നെതെർലാൻഡിനോട് ഇന്ത്യ കീഴടങ്ങി

ഭുവനേശ്വർ : ലോകകപ്പിന്റെ സെമിയിലെത്താമെന്ന ഇന്ത്യൻ ഹോക്കി ടീമിന്റെ സ്വപ്നങ്ങൾ ക്വാർട്ടറിലെ ഡച്ച് കോട്ടയിലിടിച്ച് ചിതറി.ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നെതർലാൻഡ്സ് ഇന്ത്യയെ കീഴടക്കിയത്.സ്വന്തം കാണികൾക്ക് മുന്നിൽ ആദ്യ ഗോളടിച്ച് ആവേശം കാട്ടിയ ഇന്ത്യയെ രണ്ടുഗോളുകൾകൊണ്ട് കൂട്ടിലടയ്ക്കുകയായിരുന്നു ഡച്ചുകാർ.12-ാം മിനിട്ടിൽ ആകാശ് ദീപ് സിംഗ് ഇന്ത്യയ്ക്ക് വേണ്ടി സ്കോർ ചെയ്തപ്പോൾ 16-ാം മിനിട്ടിൽ തിയറി ബ്രിങ്ക്മാനും 50-ാം മിനിട്ടിൽ മിൻക് വാൻഡർ വ്രീഡനുമാണ് ഡച്ചുകാർക്ക് വേണ്ടി സ്കോർ ചെയ്തത്.

മത്സരത്തിന്റെ തുടക്കം മുതൽ ഡച്ചുകാർ ആക്രമിച്ചു കളിച്ചെങ്കിലും ഇന്ത്യ വിട്ടുകൊടുക്കാൻ ഒരുക്കമായിരുന്നില്ല. ലളിത് ഉപാദ്ധ്യായ, മൻദീപ് സിംഗ് എന്നിവരിലൂടെയാണ് ഇന്ത്യ ഡച്ച് ആക്രമണങ്ങൾക്ക് മറുപടി നൽകിക്കൊണ്ടിരിക്കുന്നത്.12-ാം മിനിട്ടിൽ മത്സരത്തിലെ ആദ്യ പെനാൽറ്റി കോർണറായാണ് ആകാശ് ദീപ് സിംഗ് ഇന്ത്യയുടെ ആദ്യ ഗോളാക്കി മാറ്റിയത്. ഹർമൻ പ്രീതിന്റെ ഡ്രാഗ് ഫ്ളിക്ക് ഡച്ച് ഗോളി തടുത്തത് പിടിച്ചെടുത്തായിരുന്നു ആകാശ് ദീപിന്റെ സ്കോറിംഗ്.എന്നാൽ ഇന്ത്യയുടെ ആഘോഷത്തിന് നാലു മിനിട്ടേ ആയുസുണ്ടായിരുന്നുള്ളൂ. ഡച്ചുകാരുടെ കൂട്ടായ ആക്രമണത്തിനൊടുവിൽ തിയറി ബ്രിങ്ക്മാന്റെ സ്റ്റിക്കിൽത്തട്ടി പന്ത് വലയിൽ കയറുകയായിരുന്നു. തുടർന്ന് ഇന്ത്യ പൊരുതിയെങ്കിലും വിജയിക്കാൻ ഭാഗ്യമുണ്ടായത് നെതർലാൻഡ്സിനാണ്.

Recent Updates