• Home
  • Sports
  • പി.വി. സിന്ധു ജയിച്ചുകയറിയത് ചരിത്രത്തിലേക്ക്

പി.വി. സിന്ധു ജയിച്ചുകയറിയത് ചരിത്രത്തിലേക്ക്

ബീജിങ‌്: മുൻകാല നിരാശകളെ കുടഞ്ഞെറിഞ്ഞ പി വി സിന്ധു ബാഡ‌്മിന്റൺ ലോക ടൂർ ഫൈനൽസ‌് കിരീടത്തിൽ മുത്തമിട്ടു. തുടർച്ചയായ ഫൈനൽ തോൽവികളിലുള്ള പ്രായശ്ചിത്തമായി ചാമ്പ്യൻമാരുടെ ചാമ്പ്യനായുള്ള കിരീടനേട്ടം. വനിതാ സിംഗിൾസ‌് കിരീടത്തിനായുള്ള കലാശപ്പോരിൽ ജപ്പാന്റെ നസോമി ഒകുഹരയെയാണ‌് ഇന്ത്യൻതാരം കീഴടക്കിയത‌്. നേരിട്ടള്ളു ഗെയിമുകൾക്കായിരുന്നു ജയം. സ‌്കോർ: 21–-19, 21-–-17. മത്സരം ഒരു മണിക്കൂറും രണ്ട് മിനിറ്റും നീണ്ടുനിന്നു. തുടര്‍ച്ചയായ മൂന്നാം തവണയാണ് സിന്ധു ഇവിടെ ഫൈനല്‍ കളിക്കുന്നത് . കഴിഞ്ഞ തവണ റണ്ണേഴ്‌സ് അപ്പായി.സിന്ധുവിന്റെ കരിയറിലെ പതിനാലാം കിരീടമാണിത്. ഈ വര്‍ഷത്തെ ആദ്യത്തേതും. ഇതിന് മുമ്പ് ലോക ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, തായ്‌ലന്‍ഡ് ഓപ്പണ്‍ എന്നിവയില്‍ സിന്ധു വെളളി മെഡല്‍ കരസ്ഥമാക്കിയിരുന്നു.

ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവായ സിന്ധു കലാശപ്പോരാട്ടത്തില്‍ ഒകുഹാരക്കെതിരെ ഉശിരന്‍ പോരാട്ടമാണ് കാഴ്ചവെച്ചത്. പ്ലേസിങ്ങ് ഷോട്ടുകളിലുടെ പോയിന്റുകള്‍ വാരിക്കൂടി തുടക്കത്തില്‍ തന്നെ 7-3 ന് മുന്നിലെത്തി. പക്ഷെ ഒകുഹാര തുടര്‍ച്ചയായ റാലികളിലൂടെ ലീഡ് 5-7 ആക്കി കുറച്ചു. ഇടവേളയ്ക്ക് സിന്ധു 14-6 ന് മുന്നിലായി. ഒകുഹാര തുര്‍ച്ചയായി പോയിന്റുകള്‍ നേടിയതോടെ ഇരുവരും ഒപ്പത്തിനൊപ്പം (16-16) എത്തി. പിന്നീട് ജാപ്പനീസ് താരം പിഴവുകള്‍ വരുത്തിയതോടെ സിന്ധു 21-19 ന് ഗെയിം സ്വന്തമാക്കി.രണ്ടാം ഗെയിമിന്റെ തുടക്കത്തിലും സിന്ധുവിന്റെ മുന്നേറ്റമാണ് കണ്ടത്. ഒകുഹാര തകര്‍ത്തുകളിച്ചതോടെ സ്‌കോര്‍ 7-7. ഇടവേളയ്ക്ക് സിന്ധു വീണ്ടും ലീഡ് നേടി. 11-9. പിന്നീട് രണ്ടുപേരും ഒപ്പത്തിനൊപ്പമാണ് മുന്നേറിയത്. പക്ഷെ അവസാന ഘട്ടങ്ങളില്‍ ഒകുഹാര പിഴവ് ആവര്‍ത്തിച്ചതോടെ ഗെയിമും (21-17) സ്വര്‍ണവും സിന്ധുവിന് സ്വന്തമായി.

Recent Updates