• Home
  • Sports
  • ജര്‍മന്‍ സ്‌ട്രൈക്കര്‍ മരിയോ ഗോമസ് അന്താരാഷ്ട്ര ഫുട്‌ബോളില്‍

ജര്‍മന്‍ സ്‌ട്രൈക്കര്‍ മരിയോ ഗോമസ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

ബെര്‍ലിന്‍:  മെസ്യൂട്ട് ഓസിലിന് പിന്നാലെ ജര്‍മന്‍ സ്‌ട്രൈക്കര്‍ മരിയോ ഗോമസും അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. റഷ്യന്‍ ലോകകപ്പില്‍ കളിച്ച മുപ്പത്തിമൂന്നുകാരനായ ഗോമസ് ജര്‍മനിയുടെ ജഴ്‌സിയില്‍ 78 മത്സരങ്ങളില്‍ നിന്ന് 31 ഗോളുകള്‍ നേടിയിട്ടുണ്ട്. യുവതാരങ്ങള്‍ക്ക് വേണ്ടി വഴിമാറി കൊടുക്കുകയാണെന്നും എന്തെങ്കിലും പ്രത്യേക കാരണങ്ങള്‍കൊണ്ട് പരിശീലകന്‍ തിരിച്ചുവിളിച്ചാല്‍ മാത്രമേ ടീമിലേക്ക് തിരിച്ചുവരികയുള്ളൂവെന്നും ഗോമസ് വ്യക്തമാക്കി. 

തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് ഗോമസ് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം ജര്‍മന്‍ ക്ലബ് സ്റ്റുറ്റ്ഗര്‍റ്റിനായി താരം കളി തുടരും. 2020 വരെയാണ് ജര്‍മന്‍ ക്ലബ്ബുമായുള്ള ഗോമസിന്റെ കരാര്‍.

ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളില്‍ തോറ്റാണ് പുറത്തായതെങ്കിലും റഷ്യന്‍ ലോകകപ്പിലൂടെ സഫലമായത് വലിയൊരു സ്വപനമാണ്. ഇനി ജഴ്‌സി അഴിക്കാന്‍ സമയമായിരിക്കുന്നു. 2007-ല്‍ ഇരുപത്തി ഒന്നുകാരനായി വന്ന എന്നെപോലെ ഫുട്‌ബോളിന്റെ ആകാശങ്ങള്‍ കീഴടക്കാന്‍ വരുന്നവര്‍ക്ക് വേണ്ടി ഞാന്‍ ഗ്രൗണ്ട് വിടുന്നു. ഗോമസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു

2007-ല്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ആയിരുന്നു ഗോമസിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. 2010, 2018 ലോകകപ്പിന് പുറമേ 2008, 2012 യൂറോ കപ്പുകളിലും കളിച്ച ജര്‍മന്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട് ഗോമസ്. സ്റ്റുറ്റ്ഗര്‍ട്ടില്‍ കരിയര്‍ ആരംഭിച്ച ഗോമസ് ബയറണ്‍ മ്യൂണിക് അടക്കമുള്ള പ്രമുഖ ജര്‍മന്‍ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. 

ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ ടീം പുറത്തായ ശേഷം വിരമിക്കുന്ന രണ്ടാമത്തെ ജര്‍മന്‍ താരമാണ് ഗോമസ്. നേരത്ത മധ്യനിര താരം മെസ്യൂട്ട് ഓസില്‍ വിരമിച്ചിരുന്നു. വംശീയാധിക്ഷേപം ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഓസില്‍ രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് വിരമിച്ചത്.

Recent Updates