• Home
  • Sports
  • പോള്‍ പോഗ്‌ബ ബാഴ്‌സലോണയിലേക്ക്‌

പോള്‍ പോഗ്‌ബ ബാഴ്‌സലോണയിലേക്ക്‌

ലണ്ടന്‍: ഫ്രഞ്ച്‌ താരം പോള്‍ പോഗ്‌ബ ബാഴ്‌സലോണയിലേക്ക്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോള്‍ ക്ലബ്‌ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ വിട്ടാണു പോഗ്‌ബ സ്‌പെയിനിലെ ബാഴ്‌സലോണയിലേക്കു കൂടുമാറുന്നത്‌. 100 ദശലക്ഷം യൂറോയുടെ പ്രതിഫല കരാറില്‍ അഞ്ചു വര്‍ഷത്തേക്കാണു പോഗ്‌ബ ബാഴ്‌സയുടെ ഭാഗമാകുക. റഷ്യ ലോകകപ്പില്‍ ഫ്രാന്‍സിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ 25 വയസുകാരനായ പോഗ്‌ബയ്‌ക്കു കഴിഞ്ഞു. ക്ര?യേഷ്യക്കെതിരായ ഫൈനലിലും പോഗ്‌ബ ഗോളടിച്ചിരുന്നു.
2016 ലാണു ഫ്രഞ്ച്‌ താരം ഇറ്റാലിയന്‍ ക്ലബ്‌ യുവന്റസില്‍നിന്നു മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിലെത്തിയത്‌. കോച്ച്‌ ഹൊസെ മൗറീഞ്ഞോയുമായുള്ള അഭിപ്രായ വ്യത്യാസമാണു പോഗ്‌ബയെ ക്ലബ്‌ വിടാന്‍ പ്രേരിപ്പിച്ചതെന്നാണു സൂചന. സഹതാരം ചിലിയുടെ അലക്‌സിസ്‌ സാഞ്ചസിനെക്കാള്‍ പ്രതിഫലം വേണമെന്ന പോഗ്‌ബയുടെ ആവശ്യത്തോടു യുണൈറ്റഡ്‌ പുറംതിരിഞ്ഞതും ക്ലബ്‌ വിടാന്‍ കാരണമായി. പ്രീമിയര്‍ ലീഗ്‌ ട്രാന്‍സ്‌ഫര്‍ വിന്‍ഡോ ഇന്ന്‌ അവസാനിക്കാനിരിക്കേയാണ്‌ പോഗ്‌ബ യുണൈറ്റഡ്‌ വിടുന്നത്‌.
പകരം താരത്തെ ഒറ്റദിവസം കൊണ്ടു തേടിപ്പിടിക്കുകയെന്ന ശ്രമകരമായ ദൗത്യമാണു തന്റെ മുന്നിലെന്നു യുണൈറ്റഡ്‌ ക്ലബ്‌ എക്‌സിക്യൂട്ടീവ്‌ ചെയര്‍മാന്‍ ഈദ്‌ വുഡ്‌വാഡ്‌ പറഞ്ഞു. ക്ലബ്‌ വിടാന്‍ അനുമതി തേടിയുള്ള പോഗ്‌ബയുടെ കത്ത്‌ പരിഗണിച്ചില്ലെന്ന ആരോപണവും വുഡ്‌വാഡ്‌ തള്ളി.
സ്‌പാനിഷ്‌ ട്രാന്‍സ്‌ഫര്‍ വിന്‍ഡോ ഈ മാസം അവസാനം വരെയുണ്ട്‌. ചിലിയുടെ ആര്‍ടുറോ വിദാലിനെ ടീമിലെത്തിച്ചതിനു പിന്നാലെയാണ്‌ ബാഴ്‌സലോണ പോഗ്‌ബയെയും വലവീശിപ്പിടിച്ചത്‌. ക്ലബ്‌ മാറ്റത്തെക്കുറിച്ച്‌ പോഗ്‌ബയുടെ ഏജന്റ്‌ മിനോ റായോള പ്രതികരിച്ചിട്ടില്ല. റൊമേലു ലുക്കാക്കു ഉള്‍പ്പെടെയുള്ള താരങ്ങളെ യുണൈറ്റഡിലെത്തിച്ചതും റായോളയാണ്‌.
പോഗ്‌ബയെക്കുറിച്ചുള്ള മൗറീഞ്ഞോയുടെ പ്രസ്‌താവനയാണ്‌ താരത്തെ ക്ലബ്‌ വിടാന്‍ പ്രേരിപ്പിച്ചതെന്നു ബ്രിട്ടീഷ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. 'പോഗ്‌ബയും ഫ്രഞ്ച്‌ ടീമും ഒരുപോലെയാണ്‌. ശരാശരിയിലും താഴെനിന്നായിരിക്കും പ്രകടനം തുടങ്ങുക, അവസാനത്തോടടുക്കുമ്പോള്‍ ചാമ്പ്യനാകും' എന്നായിരുന്നു മൗറീഞ്ഞോയുടെ പ്രസ്‌താവന. യുണൈറ്റഡിന്റെ പ്രീ സീസണ്‍ പര്യടനത്തില്‍ പോഗ്‌ബയുടെ പ്രകടനം മെച്ചപ്പെട്ടതായിരുന്നില്ല.

Recent Updates