• Home
  • Sports
  • ലോകകപ്പ് ക്രിക്കറ്റ്; ആദ്യ മത്സരം ഈ മാസം 30ന് ഇംഗ്ലണ്ടും ദക്
worldcup

ലോകകപ്പ് ക്രിക്കറ്റ്; ആദ്യ മത്സരം ഈ മാസം 30ന് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിൽ

ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരം ഈ മാസം 30ന് തുടക്കം കുറിക്കും. ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തോടെ ഒന്നര മാസം നീണ്ടു നില്‍ക്കുന്ന ക്രിക്കറ്റ് കാര്‍ണിവെലിന് തുടക്കമാകും. എല്ലാ കാലത്തും ഏറ്റവും മികച്ച ടീമുണ്ടായിരുന്നിട്ടും ദക്ഷിണാഫ്രിക്കക്ക് ക്രിക്കറ്റ് ലോകകപ്പ് ചുണ്ടിലേക്കടുപ്പിക്കാനായിട്ടില്ല. പലപ്പോഴും സെമിയില്‍ പ്രവേശിച്ചെങ്കിലും പല കാരണങ്ങളാല്‍ പുറത്താവുകയായിരുന്നു. ഇത്തവണ ഏറ്റവും മികച്ച ടീമിനൊപ്പം പ്രാര്‍ഥനയോടെയാണ് ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിലെത്തിയിട്ടുള്ളത്. 1992 ലും 2015ലും സെമിയില്‍ പ്രവേശിച്ച ദക്ഷിണാഫ്രിക്കയെ പുറത്താക്കിയത് മഴയായിരുന്നു. ഇത്തവണയും മഴ ചതിക്കരുതേ എന്ന പ്രാര്‍ഥനയിലാണ് ദക്ഷിണാഫ്രിക്ക. റാങ്കിങ്ങില്‍ ഒന്നുവരെ എത്തിയിട്ടുണ്ടെങ്കിലും ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ വട്ടപ്പൂജ്യമാണ്. നിലവില്‍ ഏകദിനം, ടെസ്റ്റ്, ടി20 എന്നിവയിലെല്ലാം റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്കയുടെ സ്ഥാനം.

1991 നവംബര്‍ 10ന് ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ ദക്ഷിണാഫ്രിക്കക്ക് എല്ലാ കാലത്തും മികച്ച നിരയുണ്ടായിട്ടുണ്ട്. ജാക്വസ് കാലിസ്, അലന്‍ ഡൊണാള്‍ഡ്, ജോണ്ടി റോഡ്‌സ്, പീറ്റര്‍ കിര്‍സ്റ്റന്‍, മാക്മില്ലന്‍ എന്നീ ദക്ഷിണാഫ്രിക്കന്‍ താരങ്ങളെല്ലാം ലോക ക്രിക്കറ്റിലെ അതികായന്‍മാരായിരുന്നു. ജോണ്ടി റോഡ്‌സും ജാക്വസ് കാലിസും ലോക ക്രിക്കറ്റ് ഭരിച്ചിരുന്ന കാലത്തും ലോകകപ്പിലെത്തിയാല്‍ ദക്ഷിണാഫ്രിക്ക പിറകോട്ടായിരുന്നു കളിച്ചിരുന്നത്. ഏറ്റവും ഭാഗ്യംകെട്ട ടീമായിട്ടായിരുന്നു ദക്ഷിണാഫ്രിക്കയെ കണക്കാക്കിയിരുന്നത്. ഇത്തവണ ഇംഗ്ലണ്ടില്‍നിന്ന് കപ്പുമായി തിരിച്ച് വരുന്നതിന് വേണ്ടി ഏറ്റവും മികച്ച ടീമിനെയാണ് അവര്‍ അയക്കുന്നത്. ടീമില്‍ പകുതി പേരും ലോകകപ്പില്‍ അരങ്ങേറുന്നവരാണ്. ഫാഫ് ഡുപ്ലസിസാണ് ടീമിനെ നയിക്കുന്നത്.

Recent Updates