• Home
  • Sports
  • ഏഷ്യൻ ഗെയിംസിന് ഇന്ന് തിരിതെളിയും

ഏഷ്യൻ ഗെയിംസിന് ഇന്ന് തിരിതെളിയും

ജക്കാർത്ത: ഏഷ്യൻ ഗെയിംസിന് ഇന്ന് ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ തിരിതെളിയും. ഉദ്ഘാടനച്ചടങ്ങുകൾ മാത്രമാണ് ഇന്ന്. മത്സരങ്ങൾ നാളെമുതൽ ആരംഭിക്കും. സെപ്തംബർ രണ്ടുവരെയാണ് മേള. ഹാൻഡ്ബോൾ, ഫുട്ബോൾ, ബാസ്കറ്റ്ബോൾ യോഗ്യതാ റൗണ്ട് മത്സരങ്ങൾ ആരംഭിച്ചു. ഇന്ത്യക്ക് ഇക്കുറി 572 അംഗ സംഘമാണുള്ളത്. 36 ഇനങ്ങളിൽ ഇന്ത്യ മത്സരിക്കുന്നു.

ജക്കാർത്തയിലെ ഗെലോറ ബുങ് കർണോ സ്റ്റേഡിയത്തിൽവച്ചാണ് ഉദ്ഘാടനച്ചടങ്ങുകൾ. 76,000 ആളുകളെ ഉൾക്കൊള്ളുന്നതാണ് ഈ സ്റ്റേഡിയം. അത്ലറ്റിക്സ് മത്സരങ്ങൾ ഇവിടെവച്ച് നടക്കും. അതിനിടെ ജക്കാർത്തയിൽ വായു മലിനീകരണം മേളയെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്.

45 രാജ്യങ്ങളിൽനിന്ന് 16,000 കായികതാരങ്ങളാണ് മേളയിൽ മത്സരിക്കാനെത്തിയത്. ജക്കാർത്തയ്ക്കൊപ്പം ഇന്തോനേഷ്യയിലെ മറ്റൊരു നഗരമായ പാലെംബാങ്ങിലും മത്സരങ്ങൾ നടക്കുന്നുണ്ട്. ഗെലോറ ശ്രീവിജയ സ്റ്റേഡിയത്തിലാണ് പ്രധാനമത്സരങ്ങൾ നടക്കുക. വനിതാ ഫുട്ബോൾ ഫൈനൽ ഇവിടെവച്ചാണ്. ജക്കാർത്തയിലും പാലെംബാങ്ങിലുമായി രണ്ട് അത്ലീറ്റ് വില്ലേജുകളാണുള്ളത്.

42 കായിക വിഭാഗങ്ങളിലായി 484 മത്സര ഇനങ്ങളാണ് നടക്കുക. ഇതിൽ 28 എണ്ണം റിയോ ഒളിമ്പിക്സിൽ നടന്നതാണ്. 2020ലെ ടോക്യോ ഒളിമ്പിക്സിൽ നടക്കുന്ന  ഇനങ്ങളും ഏഷ്യൻ ഗെയിംസിൽ പുതുതായി ഇടംനേടി. സാമ്പോ, പെൻകേക്ക് സിലാത്ത്, കുറാഷ്, സെപക് താക്റോ, ജിയു ജിറ്റ്സു, ബ്രിഡ്ജ്, സ്പോർട്സ് ക്ലിംബിങ് എന്നിവയാണ് പുതിയ ഇനങ്ങൾ.

മത്സരങ്ങൾ തുടങ്ങുന്ന ഞായറാഴ്ച ഷൂട്ടിങ്, ഗുസ്തി, ഭാരോദ്വഹനം എന്നീ പ്രധാന ഇനങ്ങൾ നടക്കും. ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ. ഗുസ്തി, ബോക്സിങ്, ബാഡ്മിന്റൺ, കബഡി, അത്ലറ്റിക്സ് എന്നിവയിലും മെഡൽ പ്രതീക്ഷിക്കുന്നു. ഇഞ്ചിയോണിൽ എട്ടാംസ്ഥാനമായിരുന്നു ഇന്ത്യക്ക്. 11 സ്വർണമാണ് ലഭിച്ചത്. വിവാദങ്ങളോടെയായിരുന്നു ഇന്ത്യയുടെ ടീം തെരഞ്ഞെടുപ്പ്. കായികതാരങ്ങൾ കോടതി കയറി. ഒടുവിൽ കായിക മന്ത്രാലയംവരെ ഇടപെട്ടു. ഫുട്ബോൾ ടീമിനെ മത്സരിപ്പിക്കാൻ തയ്യാറാകാത്ത തീരുമാനം വിമർശിക്കപ്പെട്ടു. ജാവലിൻ ത്രോ താരം നീരജ് ചോപ്രയാണ് ഇന്ത്യൻ ടീം ക്യാപ്റ്റൻ.

പതിവുപോലെ ചൈനതന്നെയാണ് ഒന്നാമതെത്താൻ സാധ്യത. വൈരംമറന്ന് ഒരു കുടക്കീഴിൽ അണിനിരക്കുന്ന കൊറിയയും ജപ്പാനും ആതിഥേയരായ ഇന്തോനേഷ്യയുമെല്ലാം പ്രതീക്ഷയിലാണ്.
 

Recent Updates

Related News