• Home
  • Sports
  • ചിലി കോപ്പ അമേരിക്കന്‍ ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍
quarter final

ചിലി കോപ്പ അമേരിക്കന്‍ ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

സാല്‍വദോര്‍: സൂപ്പര്‍ താരം അലക്‌സി സാഞ്ചസിന്റെ ഗോളില്‍ ചിലി കോപ്പ അമേരിക്കന്‍ ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഒന്നിനെതിരേ രണ്ട് ഗോളിനാണ് ചിലിയുടെ വിജയം. ജോസ് പെഡ്രോ ഫെന്‍സാലിഡയും സാഞ്ചസും ചിലിക്കു വേണ്ടി ലക്ഷ്യംകണ്ടപ്പോള്‍, പെനാല്‍റ്റിയിലൂടെ എന്നര്‍ വലന്‍സിയ അക്വഡോറിനു വേണ്ടി ആശ്വസഗോളും അടിച്ചു. കണങ്കാലിനേറ്റ പരിക്ക് വകവെയ്ക്കാതെയാണ് സാഞ്ചസ് ഇന്നു പുലര്‍ച്ചെ നടന്ന മല്‍സരത്തില്‍ ബൂട്ടണിഞ്ഞത്. ഇന്നത്തെ പരാജയത്തോടെ ഇക്വഡോര്‍ കോപ്പ അമേരിക്കയില്‍ നിന്ന് പുറത്തായി. ആദ്യ മത്സരത്തില്‍ ഉറുഗ്വായോടും ഇക്വഡോര്‍ തോറ്റിരുന്നു. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് സിയില്‍ ഒന്നാമതാണ് ചിലി.

മത്സരം തുടങ്ങി എട്ടാം മിനിറ്റില്‍ ജോസ് പെഡ്രോ ഫെന്‍സാലിഡ ചിലിയെ മുന്നിലെത്തിച്ചു. എന്നാല്‍ 26ാം മിനിറ്റില്‍ ഇക്വഡോറിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. പെനാല്‍റ്റിയെടുത്ത എന്നര്‍ വലന്‍സിയക്ക് പിഴച്ചില്ല, 1- 1. പിന്നീട് 51ാം മിനിറ്റില്‍ അലക്‌സി സാഞ്ചസിലൂടെ ചിലി മുന്നിലെത്തുകയായിരുന്നു. മല്‍സരം അവസാനിക്കുന്നത് വരെ ലീഡ് നിലനിര്‍ത്താനും ചിലിക്കു കഴിഞ്ഞു. ജപ്പാനെതിരായ മത്സരത്തിലും സാഞ്ചസ് ഗോള്‍ നേടിയിരുന്നു. 89ാം മിനിറ്റില്‍ ആര്‍തുറോ വിദാലിനെ ഫൗള്‍ ചെയ്തതിന് പ്രതിരോധ താരം ഗബ്രിയേല്‍ അചിലിയര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ചിലിക്ക് കൂടുതല്‍ തിരിച്ചടിയായി.

Recent Updates