ഒന്നാം ദിനം ഇന്ത്യയ്ക്കു സ്വർണത്തുടക്കം
ഏഷ്യൻ ഗെയിംസിൽ ഗുസ്തിയിലൂടെ ഇന്ത്യയ്ക്കു സ്വർണത്തുടക്കം. 65 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സ്വർണം നേടി ബജ്‌റംഗ് പുനിയ ഒന്നാം ദിനം ഇന്ത്യയുടെ സുവർണതാരമായി. പത്തു മീറ്റർ എയർ റൈഫിൾ മിക്സ്ഡ് ടീം ഇനത്തിൽ വെങ്കലവും വന്നതോടെ ആദ്യദിനം ഇന്ത്യൻ അക്കൗണ്ടിൽ രണ്ടു മെഡലുകൾ.
ഒളിമ്പിക്സിലെ ഇരട്ട മെഡലിനുടമയായ സുശീൽ കുമാർ ഉൾപ്പെടെയുള്ള താരങ്ങൾ ഗോദയിൽ നിറംമങ്ങിയപ്പോഴാണ്, കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിവരുന്ന ബജ്റങ് പൂനിയ ജകാർത്തയിൽ അഭിമാനമായത്. ഗുസ്തി 86 കിലോയിൽ പവൻ കുമാർ റെപാഷെ റൗണ്ടിലൂടെ വെങ്കല പോരാട്ടത്തിനും അർഹത നേടിയെങ്കിലും മെഡൽ മത്സരത്തിൽ തോറ്റു. മംഗോളിയയുടെ ഒർഗഡോൽ ഉടുമെൻ 1-8നാണ് പവൻ കുമാറിനെ മലർത്തിയടിച്ചത്. ഷൂട്ടിങ് റേഞ്ചിലെ ടീം ഇനത്തിലൂടെയായിരുന്നു ഇന്ത്യയുടെ ആദ്യ മെഡൽ പിറവി. 10 മീ. എയർ റൈഫിൾ മിക്സഡിൽ അപുർവി ചന്ദേല-രവികുമാർ സഖ്യം വെങ്കലമണിഞ്ഞു.