• Home
  • Sports
  • വെങ്കലം സ്വര്‍ണമാക്കി വിനേഷ് ഫൊഗട്ട്

വെങ്കലം സ്വര്‍ണമാക്കി വിനേഷ് ഫൊഗട്ട്

ജക്കാര്‍ത്ത: കഴിഞ്ഞ ഇഞ്ചിയോണ്‍ എഷ്യന്‍ ഗെയിംസിലെ വെങ്കലം സ്വര്‍ണമാക്കി വിനേഷ് ഫൊഗട്ട്. വനിതകളുടെ 50 കി.ഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലാണ് വിനേഷിന്റെ സ്വര്‍ണനേട്ടം. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമെന്ന നേട്ടവും ഇതോടെ വിനേഷ് ഫോഗട്ട് സ്വന്തമാക്കി.

ഗുസ്തിയില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണമാണിത്. കഴിഞ്ഞ ദിവസം ബജ്‌റംഗ് പൂനിയയാണ് സ്വര്‍ണം നേടിയത്.ഇന്നലെ ഫൈനലില്‍ ജപ്പാന്‍ താരം യൂകി ഇറിയെ മലര്‍ത്തിയടിച്ചാണ് ഫൊഗട്ടിന്റെ സ്വര്‍ണനേട്ടം. പ്രീ ക്വാര്‍ട്ടറില്‍ ചൈനയുടെ സണ്‍ യാനനെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണ കൊറിയയുടെ കിം ഹ്യുങ് ജോയെയും സെമിയില്‍ ഉസ്ബക്കിസ്ഥാന്റെ മുറടോവയെയും മലര്‍ത്തിയടിച്ചാണ് ഫൊഗട്ട് ഫൈനലിലെത്തിയത്.

ഏഷ്യന്‍ ഗെയിംസിലെ വിനേഷ് ഫൊഗട്ടിന്റെ രണ്ടാം മെഡലാണിത്. 2014-ല്‍ 48 കിലോഗ്രാം വിഭാഗത്തില്‍ വിനേഷ് വെങ്കലമെഡല്‍ കരസ്ഥമാക്കിയിരുന്നു. ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ രണ്ടു മെഡലുകള്‍ നേടുന്ന രണ്ടാമത്തെ വനിതാ താരമെന്ന റെക്കോഡും ഇതോടെ വിനേഷ് ഫൊഗട്ട് സ്വന്തമാക്കി. 63 കിലോഗ്രാം ഗുസ്തിയില്‍ വെള്ളിയും വെങ്കലവും നേടിയിട്ടുള്ള ഗീതിക ജാഖറാണ് ആദ്യത്തെയാള്‍.

2014, 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയിട്ടുണ്ട്. ഹരിയാനയില്‍ നിന്നുള്ള ഈ 23കാരി. സ്വര്‍ണം നേടിയ ഫൊഗട്ടിനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ അഭിനന്ദിച്ചു.അതേസമയം 62 കി.ഗ്രാം വിഭാഗത്തില്‍ സാക്ഷി മാലികും 57 കി.ഗ്രാം വിഭാഗത്തില്‍ പൂജ ധന്‍ഡയും വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ പരാജയപ്പെട്ടു.

Recent Updates

Related News