ഇന്ത്യന്‍ ബാഡ്മിന്റണിന് ചരിത്ര നേട്ടം
ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ചരിത്രമെഴുതി വനിതാ സിംഗിൾസിൽ ഇന്ത്യൻ താരങ്ങളായ സൈന നെഹ്വാളും പി.വി. സിന്ധുവും സെമി ഫൈനലിൽ. ഇതോടെ ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ ഇരുവരും മെഡലുറപ്പാക്കി. ബാഡ്മിന്റണ്‍ വ്യക്തിഗത ഇനത്തിൽ 36 വർഷത്തിനിടെ ഇന്ത്യയുടെ ആദ്യ മെഡലുകളാണിത്.
മൂന്നു ഗെയിം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് സിന്ധു വിജയിച്ചത്. ആദ്യ ഗെയിം 21-11ന് സിന്ധു നേടി. എന്നാല്‍ രണ്ടാം ഗെയിമില്‍ തിരിച്ചുവന്ന തായ്ലന്ഡ് താരം 21-16ന് ഗെയിം വിജയിച്ച് മത്സരം നിര്‍ണായകമായ മൂന്നാം ഗെയിമിലെത്തിച്ചു. എന്നാല്‍ 22 മിനിറ്റിനുള്ളില്‍ 21-14ന് മൂന്നാം ഗെയിമും സെമി ടിക്കറ്റും സിന്ധു നേടിയെടുത്തു.
തായ്ലൻഡിന്റെ ലോക നാലാം നന്പർ താരം റാഞ്ചനോക്ക് ഇന്റനോണിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സൈനയുടെ നേട്ടം. സ്കോർ: 21-18, 21-16. ചൈനീസ് തായ്പേയിയുടെ തായ് സൂയിംഗാണ് സെമിയിൽ സൈനയുടെ എതിരാളി.