ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് നേട്ടത്തിന്റെ ദിനം. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. 88.03 മീറ്റര്‍ എറിഞ്ഞാണ് നീരജ് സ്വര്‍ണ മെഡല്‍ നേടിയത്. ദേശീയ റെക്കോര്‍ഡും നീരജ് ചോപ്രയുടെ ഏറ്റവും മികച്ച വ്യക്തിഗത ദൂരവുമാണിത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടം എട്ടായി.
അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ കേരളത്തിന്റെ മെഡല്‍ പ്രതീക്ഷകളുമായി കളത്തില്‍ ഇറങ്ങിയ മലയാളി താരം നീന പിന്റോ, തമിഴ്‌നാട്ടുകാരന്‍ ധരുണ്‍ അയ്യസാമി, ഉത്തര്‍പ്രദേശുകാരി സുധ സിംഗ് എന്നിവരിലൂടെ ഇന്ന് മൂന്നു വെള്ളി മെഡലുകളും ഇന്ത്യ സ്വന്തമാക്കി. ലോംഗ്ജംപില്‍ നീനയും സ്റ്റീപ്പിള്‍ ചേസില്‍ സുധ സിംഗും വെള്ളിമെഡലുകള്‍ സ്വന്തമാക്കി. 6.51 മീറ്റര്‍ ചാടിയാണ് നീന വെള്ളി നേടിയത്. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ് 9:40.3 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സുധ വെള്ളി സ്വന്തമാക്കി.ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 41 ആയി.
ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി സിന്ധു ഫൈനലില്‍ കടന്നു. ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ അകാനെ യമാഗുച്ചിയെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലില്‍ പ്രവേശിച്ചത്. ഹോക്കിയില്‍ ഇന്ത്യന്‍ വനിതാ ടീം സെമിയില്‍ പ്രവേശിച്ചു. തായ്‌ലന്‍ഡിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയില്‍ കടന്നത്. ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ റാണി രാംപാല്‍ ഹാട്രിക് ഗോള്‍ നേടി.