• Home
  • Sports
  • ബ്രസീലിന്‌ ജയം; അർജൻറീനക്ക് സമനില

ബ്രസീലിന്‌ ജയം; അർജൻറീനക്ക് സമനില

മേരിലാൻഡ്: അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ എൽ സാൽവദോറിനെതിരെ ബ്രസീലിന് ജയം. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് മഞ്ഞപ്പട ജയിച്ചത്. അതേസമയം സൂപ്പർതാരം ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ അർജൻറീനയെ കൊളംബിയ ഗോൾരഹിത സമനിലയിൽ തളച്ചു.

കളിതുടങ്ങി നാലാംമിനിറ്റിൽ പെനൽറ്റിയിലൂടെ നെയ്മർ ബ്രസീലിനെ മുന്നിലെത്തിച്ചു. റിച്ചാർലിസണിനെ ബോക്സിനുള്ളിൽ വീഴ്ത്തിയതിനാണ് പെനൽറ്റി കിട്ടിയത്. അടുത്ത ഊഴം എവർടൺ താരത്തിന്റേതായിരുന്നു. 16‐ാം മിനിറ്റിൽ റിച്ചാർലിസൺ കളിജീവിതത്തിലെ ആദ്യ രാജ്യാന്തര ഗോൾ സ്വന്തമാക്കി. നെയ്മർ നൽകിയ പാസിൽ ബോക്സിന് പുറത്തു്നിന്ന് റിച്ചാർലിസൺ തൊടുത്ത ഷോട്ട് അവിശ്വസനീയമായി വളഞ്ഞ് വലതുളച്ചു. ആദ്യപകുതിയിൽതന്നെ കുടിന്യോ ലീഡുയർത്തി. നെയ്മർ തന്നെയായിരുന്നു ഈ ഗോളിനു വഴിയൊരുക്കിയത്. നെയ്മർ ബോക്സിന് തൊട്ടുപുറത്തുനിന്ന് കുടീന്യോയ്ക്ക് പന്ത് മറിച്ച് നൽകി. കുടീന്യോയുടെ ഷോട്ട് വലയുടെ ഇടത് മൂലയിൽ പതിച്ചു.

ഇതിനിടയിൽ നെയ്മറിന്റെ ഷോട്ട് ക്രോസ്ബാറിൽ തട്ടി തെറിച്ചു. ഇടവേളയ്ക്കുശേഷം റിച്ചാർലിസൺ രണ്ടാംഗോൾ കണ്ടെത്തി. ഇതിനിടെ സാൽവദോർ ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. കളിയുടെ അവസാനം മാർക്വിന്യോ ബ്രസീലിന്റെ അഞ്ചാംഗോൾ നേടി. നെയ്മറാണ് ഈ ഗോളിനും വഴിയൊരുക്കിയത്.

സൂപ്പർ താരങ്ങളില്ലാതെ ഇറങ്ങിയ അർജന്റീനയെ കൊളംബിയ സമനിലയിൽ കുരുക്കി. ലയണൽ മെസിയും ഗൊൺസാലോ ഹിഗ്വെയ്നും സെർജിയോ അഗ്വേറോയുമില്ലാതെയാണ് അർജന്റീന കൊളംബിയയെ നേരിട്ടത്.

Recent Updates

Related News