• Home
  • News
  • മതിയായ സുരക്ഷാ സംവിധാനമില്ലാതെ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നതിനെതിരെ അബുദാബ

മതിയായ സുരക്ഷാ സംവിധാനമില്ലാതെ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നതിനെതിരെ അബുദാബി പൊലീസ് ബോധവൽക്കരണം നൽകി

അബുദാബി ∙ മതിയായ സുരക്ഷാ സംവിധാനമില്ലാതെ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നതിനെതിരെ അബുദാബി പൊലീസ് ബോധവൽക്കരണം ഊർജിതമാക്കി. ഹ്രസ്വദൂര യാത്രയ്ക്കും ബസ് സ്റ്റേഷൻ, ഷോപ്പിങ് മാൾ, താമസ കെട്ടിടങ്ങൾ, ജോലിസ്ഥലം എന്നിവിടങ്ങളിലേക്കു പോകാനും തിരിച്ചുവരാനുമാണ് പലരും സൈക്കിളും ഇ–ബൈക്കും സ്കൂട്ടറും ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരം വാഹനാപകടങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് ബോധവൽക്കരണം ശക്തമാക്കിയത്.

ഹെൽമറ്റ്, റിഫ്ലക്ടർ വസ്ത്രം തുടങ്ങിയവ ധരിച്ച ശേഷമേ ഇലക്ട്രിക് ബൈക്ക് (ഇ–സ്കൂട്ടർ), സൈക്കിൾ, ബൈക്ക്, ക്വാഡ് ബൈക്ക് എന്നിവ ഓടിക്കാവൂ. വിവിധ മേഖലകളിൽ  പൊലീസ് നേരിട്ടെത്തി സുരക്ഷാമാർഗനിർദേശങ്ങൾ നൽകിയതിനു പുറമേ ഹെൽമറ്റും റിഫ്ലക്ടർ വസ്ത്രവും ഫസ്റ്റ് എയ്ഡ് ബോക്‌സും ലഘുലേഖയും വിതരണം ചെയ്തു. ഡെലിവറി റൈഡർമാർ ഉപയോഗിക്കുന്ന ബോക്‌സിന്റെ വീതിയും നീളവും ഉയരവും 50 സെന്റിമീറ്ററിൽ കൂടരുത്. പെട്ടിയുടെ അരികുകളിൽ റിഫ്ലക്ടീവ് സ്റ്റിക്കർ പതിച്ചിരിക്കണം. പെട്ടിയിലെ എഴുത്ത് 20 മീറ്റർ അകലത്തിൽ വായിക്കാൻ പാകത്തിലാവണം. ഫൈബർ ഗ്ലാസുകൊണ്ടുള്ള പെട്ടിയായിരിക്കണം. എളുപ്പത്തിൽ തുറക്കുന്നതിനായി പെട്ടിയുടെ മുന്നിൽ സംവിധാനമുണ്ടാവണം. 

സുരക്ഷാ മുൻകരുതൽ നടപടികളെക്കുറിച്ച് വിശദീകരിച്ച പൊലീസ് അമിതവേഗവും അപകടകരമായ ഡ്രൈവിങും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ഗതാഗത, സുരക്ഷാ നിയമം അനുസരിച്ച് ഹെൽമറ്റ്, റിഫ്ലക്ടർ ജാക്കറ്റ്, പാന്റ്‌സ്, ബൂട്ട് തുടങ്ങി മുഴുവൻ സുരക്ഷാ ഉപകരണങ്ങളും ധരിച്ച് യാത്ര ചെയ്യുന്ന ഇരുചക്ര ഡ്രൈവർമാർക്ക് സമ്മാനങ്ങൾ നൽകുമെന്നും പറഞ്ഞു. നല്ല ടയറുകൾ, മുന്നിലും പിന്നിലും ലൈറ്റുകൾ, റിഫ്ലക്ടീവ് സ്റ്റിക്കറുകൾ എന്നിവയും വാഹനത്തിനുണ്ടാകണം. മോശം കാലാവസ്ഥയിൽ വാഹനമോടിക്കരുത്. കാൽനടയാത്രക്കാർക്കുള്ള പാതകളിലും വീടുകളുടെയും കെട്ടിടങ്ങളുടെയും പ്രവേശനകവാടങ്ങളിലും വാഹനം നിർത്തിയിടരുതെന്നും പറഞ്ഞു.  

∙ ശ്രദ്ധിക്കാൻ‍

∙ നടക്കാനും ഓടാനുമായി നിശ്ചയിച്ച പാതയിലൂടെ ഇരുചക്രം ഓടിക്കരുത്.

∙ ഒരാൾക്ക് സഞ്ചരിക്കാവുന്ന സ്കൂട്ടറിൽ ഒന്നിലേറെ പേർ യാത്ര ചെയ്യരുത്.

∙ ഹെൽമറ്റ്, റിഫ്ലക്ടർ വസ്ത്രം തുടങ്ങി സുരക്ഷാ ഉപകരണങ്ങൾ നിർബന്ധം.

∙ ഹെഡ് ലൈറ്റ്, ടെയ്ൽ ലൈറ്റ്, ഹോൺ, ബ്രേക്ക് എന്നിവ ഉണ്ടാകണം.

∙ സുരക്ഷിത അകലം പാലിക്കണം.  റോഡിന്റെ എതിർദിശയിൽ സഞ്ചരിക്കരുത്.

∙ നടപ്പാതയിലോ റോഡിലോ മാർഗതടസ്സം ഉണ്ടാക്കരുത്.

∙ കാൽനടയാത്രക്കാരുടെ സഞ്ചാരത്തിന് തടസ്സമാകും വിധം വാഹനം നിർത്തരുത്.

∙ തെരുവുവിളക്കുകാലിലോ മറ്റു തൂണിലോ ചങ്ങലയിട്ട് ബന്ധിപ്പിക്കരുത്.

∙ കവലകളിലും സീബ്രാ ക്രോസിലും കാൽനടയാത്രക്കാർക്ക് മുൻഗണന നൽകണം.

 

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All