• Home
  • News
  • പ്രവാസി ഒളിച്ചോടിയെന്ന് വ്യാജരേഖ, തൊഴിലുടമ 40 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

പ്രവാസി ഒളിച്ചോടിയെന്ന് വ്യാജരേഖ, തൊഴിലുടമ 40 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

റിയാദ്: വിദേശ തൊഴിലാളി ഒളിച്ചോടിയെന്ന് (ഹുറൂബ് കേസ്) വ്യാജരേഖയുണ്ടാക്കിയ തൊഴിലുടമയ്‌ക്കെതിരേ സൗദി ലേബര്‍ കോടതിയുടെ വിധി. വ്യാജ ഹുറൂബില്‍ കുടുക്കിയതിന് തൊഴിലുടമ 1,80,000 റിയാല്‍ (ഏകദേശം 39,82,327 രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് അപ്പീല്‍ കോടതിയിലെ ലേബര്‍ ബെഞ്ച് വിധിച്ചു.

നിയമാനുസൃത അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നതിനാണ് തൊഴിലാളിയെ വ്യാജ ഹുറൂബില്‍ കുടുക്കിയത്. വിദേശ തൊഴിലാളികള്‍ ഒളിച്ചോടിയാല്‍ യഥാസമയം സൗദി ആഭ്യന്തര മന്ത്രാലയത്തെ രേഖാമൂലം അറിയിക്കണമെന്നാണ് നിയമം. എന്നാല്‍ തൊഴിലാളികളോടുള്ള പ്രതികാര നടപടിയായി ഹുറൂബ് നിയമം ചില സ്‌പോണ്‍സര്‍മാര്‍ ദുരുപയോഗം ചെയ്യാറുണ്ട്. കഫാല സമ്പ്രദായം പാലിക്കാതിരിക്കുമ്പോഴും ഇഷ്ടാനുസരണം ജോലി ചെയ്യുമ്പോഴും ആണ് ഇങ്ങനെ സംഭവിക്കാറുള്ളതെങ്കിലും ആനുകൂല്യങ്ങള്‍ തടയാന്‍ ഹുറൂബാക്കുന്ന സംഭവം അപൂര്‍വമാണ്.

വിദേശ തൊഴിലാളി തൊഴിലുടമക്കെതിരെ ലേബര്‍ കോടതിയെ സമീപിച്ചാണ് നഷ്ടപരിഹാരം ഉള്‍പ്പെടെ നേടിയെടുത്ത് അനുകൂല വിധി സമ്പാദിച്ചത്. മതിയായ കാരണമില്ലാതെ തൊഴില്‍ കരാര്‍ അവസാനിപ്പിക്കുകയും വേതന കുടിശ്ശികയും സര്‍വീസ് ആനുകൂല്യങ്ങളും തീര്‍ക്കാതിരിക്കുകയും സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് റിലീസ് നല്‍കാതിരിക്കുകയും ചെയ്തുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തൊഴില്‍ കരാറില്‍ എട്ടു മാസം ശേഷിക്കുന്നതിനാല്‍ അക്കാലത്തെ വേതനവും മറ്റു നിയമാനുസൃത ആനുകൂല്യങ്ങളും തൊഴിലാളിക്ക് തൊഴിലുടമ നല്‍കണമെന്ന് ലേബര്‍ കോടതി വിധിച്ചു. എന്നാല്‍ ഇത് നല്‍കാതിരിക്കുന്നതിനാണ് തൊഴിലാളി ഒളിച്ചോടിയെന്ന് മന്ത്രാലയത്തിന് റിപോര്‍ട്ട് ചെയ്തത്. ഹുറൂബായാല്‍ ജയിലില്‍ കഴിയേണ്ടിവരുമെന്നതിനാല്‍ പ്രവാസിയെ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിടാന്‍ നിര്‍ബന്ധിക്കാനാവുമെന്നും സ്‌പോണ്‍സര്‍ കണക്കുകൂട്ടി.

എന്നാല്‍, വ്യാജമായാണ് ഹുറൂബാക്കിയതെന്ന് തെളിയിക്കാന്‍ തൊഴിലാളി അബഹ ലേബര്‍ കോടതിയെ സമീപിച്ചു. ഹുറൂബ് വ്യാജമാണെന്ന് തെളിയിക്കാന്‍ രണ്ട് വര്‍ഷമെടുത്തു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വ്യാജ ഹുറൂബ് നീക്കിയെങ്കിലും തൊഴിലുടമയുടെ നിസ്സഹകരണം തുടര്‍ന്നു.

തൊഴിലുടമ അനുവദിക്കാത്തതിനാല്‍ ഇഖാമ പുതുക്കാനോ സ്പോണ്‍സര്‍ഷിപ്പ് മാറ്റാനോ തൊഴിലാളിക്ക് സാധിച്ചിരുന്നില്ല. ഇതുമൂലം തൊഴില്‍രഹിതനായി തുടരേണ്ടിവന്നു. ഇതിനിടെ നിയമാനുസൃത നഷ്ടപരിഹാരവും ആനുകൂല്യങ്ങളും തേടി തൊഴിലാളി അപ്പീല്‍ കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് ഇതുവരെയുള്ള മുഴുവന്‍ നഷ്ടപരിഹാരമെന്നോണം 1.80 ലക്ഷം റിയാല്‍ നല്‍കാന്‍ വിധിവന്നത്.

തൊഴിലാളി ഒളിച്ചോടിയാല്‍ യഥാസമയം മന്ത്രാലയത്തെ അറിയിച്ചാല്‍ തൊഴിലാളിയുടെ മേലുള്ള തുടര്‍ന്നുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് സ്‌പോണ്‍സര്‍ക്ക് ഒഴിയാനാവും. ഇഖാമ പുതുക്കാനോ എക്‌സിറ്റ് വിസ ലഭിക്കാനോ സ്‌പോണ്‍സര്‍ഷിപ്പ് മാറാനോ ഹുറൂബുകാര്‍ക്ക് സാധിക്കില്ല. നിയമപ്രകാരം സ്‌പോണ്‍സറോ അധികാരികളോ ഹുറൂബ് നീക്കാത്ത പക്ഷം നാടുകടത്തല്‍ കേന്ദ്രം വഴി പ്രവേശന വിലക്കോടെ രാജ്യംവിടേണ്ടിവരും.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All