• Home
  • News
  • പ്രവാസി മലയാളിയുടെ വധശിക്ഷ : മാപ്പ് നല്‍കാന്‍ ദിയാപണം 33 കോടി രൂപ രണ്ടു മാസത്തിന

പ്രവാസി മലയാളിയുടെ വധശിക്ഷ : മാപ്പ് നല്‍കാന്‍ ദിയാപണം 33 കോടി രൂപ രണ്ടു മാസത്തിനകം വേണമെന്ന് കുടുംബം

റിയാദ് : കൈയബദ്ധത്തില്‍ സൗദി ബാലന്‍ മരിച്ച കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 16 വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്ന മലയാളി യുവാവിന് മാപ്പുനല്‍കാന്‍ തയ്യാറെന്ന് സൗദി കുടുംബം. 1.5 കോടി റിയാല്‍ (33 കോടി രൂപ) ദിയാധനം (ബ്ലഡ് മണി) ലഭിച്ചാല്‍ മാപ്പ് നല്‍കാമെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം സമ്മതിച്ചതായി റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു.

രണ്ടു മാസത്തിനകം തുക ലഭിക്കണമെന്നാണ് കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടതെന്ന് സൗദി വിദേശകാര്യമന്ത്രാലയം ഇന്ത്യന്‍ എംബസിക്ക് രേഖാമൂലം നല്‍കിയ അറിയിപ്പില്‍ പറയുന്നു. കോഴിക്കോട് ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ പരേതനായ മുല്ല മുഹമ്മദ് കുട്ടിയുടെ മകന്‍ അബ്ദുറഹീം ആണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നത്. വിചാരണാ കോടതിയും രണ്ട് മേല്‍ക്കോടതികളും വധശിക്ഷ വിധിച്ച കേസാണിത്.

ദിയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നല്‍കാന്‍ സമ്മതിച്ച വിവരം ഇന്ത്യന്‍ എംബസി അബ്ദുറഹീമിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. രണ്ടു മാസത്തിനകം ഫണ്ട് കൈമാറണമെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നതെന്ന് കേസില്‍ ഇടപെടുന്ന റഹീം സഹായ സമിതി ഭാരവാഹികള്‍ പറഞ്ഞു. അല്‍ഹായിര്‍ ജയിലിലാണ് റഹീം കഴിയുന്നത്.

2006 നവംബര്‍ 28ന് 26ാം വയസ്സിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദിലെ അല്‍മന്‍സൂറയിലെത്തിയത്. ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ശഹ്രി ആയിരുന്നു സ്പോണ്‍സര്‍. ഇദ്ദേഹത്തിന്റെ മകന്‍ അനസ് അല്‍ശഹ്രി എന്ന ബാലനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. തലക്ക് താഴെ ചലനശേഷിയുമില്ലാത്ത അനസിന് ഭക്ഷണവും വെള്ളവും നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. എപ്പോഴും പ്രകോപിതനാകുമായിരുന്ന അനസിനെ പരിചരിക്കുന്നതിലെ പ്രയാസവും ഭയവും റഹീം ജോലിക്ക് കയറിയ അവസരത്തില്‍ വീട്ടില്‍ വിളിച്ചറിയിച്ചിരുന്നു. ഇടക്കിടെ വീല്‍ ചെയറില്‍ പുറത്തും മാര്‍ക്കറ്റിലും കൊണ്ടുപോയിരുന്നു.

 

ജോലിക്ക് കയറി ഒരു മാസത്തിനുള്ളിലാണ് അനസ് മരണപ്പെടുന്നത്. 2006 ഡിസംബര്‍ 24 നായിരുന്നു സംഭവം. അനസിനെയും കൂട്ടി റഹീം ജിഎംസി വാനില്‍ റിയാദ് ശിഫയിലെ വീട്ടില്‍ നിന്ന് അസീസിയിലെ പാണ്ട ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക് പോകവേ സുവൈദിയിലെ ട്രാഫിക് സിഗ്നലില്‍ പ്രകോപനമൊന്നുമില്ലാതെ അനസ് വഴക്കിട്ടു. സിഗ്നല്‍ കട്ട് ചെയ്തു പോകാന്‍ അനസ് ബഹളം വെച്ചു. അടുത്ത സിഗ്നലില്‍ ബഹളം ആവര്‍ത്തിച്ചു. പിന്‍സീറ്റിലായിരുന്ന കുട്ടിയെ കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ പിന്നോട്ട് തിരിഞ്ഞപ്പോള്‍ റഹീമിന്റെ മുഖത്തേക്ക് പലതവണ തുപ്പി. കണ്ണിലായപ്പോള്‍ തടയാനായി ശ്രമിച്ച അബ്ദുറഹീമിന്റെ കൈ അനസിന്റെ കഴുത്തില്‍ ശസ്ത്രക്രിയ ചെയ്ത് ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടി. യാത്ര തുടരവെ അനസിന്റെ ബഹളമൊന്നും കേള്‍ക്കാതെയായപ്പോഴാണ് ചലനമറ്റതായി ബോധ്യപ്പെട്ടത്.

ഉടന്‍ മാതൃ സഹോദര പുത്രന്‍ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ചുവരുത്തി. രക്ഷപ്പെടാനുള്ള പോംവഴിയെന്ന നിലയില്‍ കവര്‍ച്ചക്കാരാല്‍ ഇരുവരും അക്രമിക്കപ്പെട്ടതായി പറയാന്‍ റഹീമിനോട് നിര്‍ദേശിച്ച് നസീര്‍ തിരിച്ചുപോയി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് റഹീമിനെ അറസ്റ്റ് ചെയ്തു. അവസാനം വിളിച്ച മൊബൈല്‍ നമ്പറിന്റെ ഉടമയെന്ന നിലയില്‍ നസീറിനെയും പിന്തുടര്‍ന്ന് പിടികൂടി.

2012 ജനുവരി 26ന് ശരീഅഃ കോടതി റഹീമിന് വധശിക്ഷ വിധിച്ചു. നസീറിന് രണ്ടുവര്‍ഷം തടവും 300 ചാട്ടയടിയുമായിരുന്നു ശിക്ഷ. അപ്പോഴേക്കും നാലുവര്‍ഷത്തെ ശിക്ഷ അനുഭവിച്ചു കഴിഞ്ഞിരുന്നു. മലസ് സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ നസീര്‍ 2016ല്‍ മോചിതനായി.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All