• Home
  • News
  • യുഎഇയിലുടനീളം കനത്ത മഴ വരുന്നു; നാളെ മുതല്‍ ഞായറാഴ്ച വരെ ഇടിമിന്നലും

യുഎഇയിലുടനീളം കനത്ത മഴ വരുന്നു; നാളെ മുതല്‍ ഞായറാഴ്ച വരെ ഇടിമിന്നലും

അബുദാബിയില്‍ താപനില 15 ഡിഗ്രി വരെ എത്തും

നാളെ രാത്രി 10 മണി മുതല്‍ രാജ്യത്ത് കനത്ത കാറ്റുണ്ടാവും

ദുബായില്‍ ഉയര്‍ന്ന താപനില 27 ഡിഗ്രി സെല്‍ഷ്യസ്

അബുദാബി: നാളെ മുതല്‍ യുഎഇയിലുടനീളം കനത്ത മഴയുണ്ടാവുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശക്തമായ ഇടിമിന്നലോടെ വ്യത്യസ്തമായ തീവ്രതയുള്ള മഴയുണ്ടാവും.

ഈയാഴ്ച യുഎഇയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ശക്തമായ കാറ്റ് വീശിയടിച്ചതിന് പിന്നാലെ ഇടിയും മിന്നലും കനത്ത മഴയും തുടരുകയാണ്. ചൊവ്വാഴ്ച ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ രാജ്യത്തുടനീളം ഇടിയും മിന്നലും മഴയും ആലിപ്പഴവും ഉണ്ടായിരുന്നു. അല്‍ ഐനിലെ ചിലയിടങ്ങളില്‍ ശക്തമായ ആലിപ്പഴ വര്‍ഷത്തില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടിരുന്നു.

യുഎഇയില്‍ കനത്ത മഴയും ഇടിയും മിന്നലും വാരാന്ത്യത്തിലും തുടരുമെന്ന് ആഗോള കാലാവസ്ഥാ നിരീക്ഷകരും പ്രവചിക്കുന്നു. വെള്ളിയാഴ്ച രാത്രി 10 മണി മുതല്‍ രാജ്യത്ത് കനത്ത കാറ്റുണ്ടാവും. ഞായറാഴ്ച രാത്രി 11 മണിയോടെ കാലാവസ്ഥ ശാന്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാളെ വെള്ളിയാഴ്ച അബുദാബിയില്‍ താപനില 15 ഡിഗ്രി സെല്‍ഷ്യസ് വരെയും ദുബായില്‍ 16 ഡിഗ്രി സെല്‍ഷ്യസ് വരെയും താഴും. വൈകുന്നേരത്തോടെ തണുപ്പ് ശക്തമാവുന്നതിനാല്‍ താമസക്കാര്‍ ഇതിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ അധികൃതര്‍ നിര്‍ദേശിക്കുന്നു. നാളെ പകല്‍ ഉയര്‍ന്ന താപനില അബുദാബിയില്‍ 29 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 27 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. ഉള്‍പ്രദേശങ്ങളില്‍ 31 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില എത്തും.

ഇന്ന് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. നാളെ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശും. ശനിയാഴ്ചയോടെ സ്ഥിതിഗതികള്‍ ഒറ്റരാത്രികൊണ്ട് കൂടുതല്‍ വഷളാകും. താപനില കുറയുകയും 65 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റ് വീശുകയും ചെയ്യും. ഞായറാഴ്ച മഴയുടെ അളവ് കുറയുകയും കാറ്റ് ശാന്തമാകുകയും 45 കിലോമീറ്റര്‍ വരെ വേഗതയിലേക്ക് മാറുകയും ചെയ്യും. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും വാരാന്ത്യത്തില്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കും.

'അസ്ഥിര കാലാവസ്ഥ'യെക്കുറിച്ച് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്‍സിഎം) പ്രതിവാര ബുള്ളറ്റിനില്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തുടനീളം വ്യത്യസ്ത തീവ്രതയുള്ള മഴ ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. തെക്ക് പടിഞ്ഞാറ് നിന്ന് ഈര്‍പ്പമുള്ള തെക്ക്-കിഴക്ക്, വടക്ക്-കിഴക്കന്‍ കാറ്റിനൊപ്പം ഉപരിതല ന്യൂനമര്‍ദ്ദം വ്യാപിക്കുന്നതാണ് രാജ്യത്തെ ബാധിക്കുന്നതെന്നും അറിയിപ്പില്‍ വിശദീകരിച്ചു. ഈ ന്യൂനമര്‍ദ്ദമാണ് മൂന്ന് ദിവസങ്ങളില്‍ മഴയ്ക്ക് കാരണമാവുന്നത്.

രാജ്യത്തിന്റെ പടിഞ്ഞാറും തെക്കും ഭാഗങ്ങളില്‍ വ്യാഴാഴ്ച രാത്രി മുതല്‍ മഴമേഘങ്ങള്‍ ക്രമേണ വര്‍ധിക്കും. വെള്ളിയാഴ്ച രാജ്യത്തിന്റെ ചിതറിക്കിടക്കുന്ന പ്രദേശങ്ങളിലേക്ക് ഇത് വ്യാപിക്കും. ഇത് ചില സമയങ്ങളില്‍ മിന്നലോടും ഇടിയോടും കൂടി കനക്കുകയും ചില പ്രദേശങ്ങളില്‍ ആലിപ്പഴം വീഴുകയും ചെയ്യും. ശനിയാഴ്ചയാണ് സ്ഥിതിഗതികള്‍ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലെത്തുക.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All