യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നൊവാക് ജോക്കോവിച്ചിന്
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിന്. ഫൈനലില്‍ അർജന്റീനയുടെ യുവാന്‍ മാര്ട്ടിന് ഡെല്‍പെട്രോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജോക്കോവിച്ച് കിരീടം നേടിയത്. സ്കോര്‍ 6-3, 7-6 (7-4), 6-3. ജോക്കോവിച്ചിന്റെ മൂന്നാം യുഎസ് ഓപ്പണ്‍ കിരീടമാണിത്.
യുഎസ് ഓപ്പണില്‍ ജോക്കോവിച്ചിന്റെ മൂന്നാമത്തെ കിരീടനേട്ടമാണിത്. 2011 ലും 2015ലും ജോക്കോവിച്ച് ആയിരുന്നു ചാമ്പ്യന്‍. നിലവില്‍ റഫാല്‍ നദാലുമായി മൂന്നു ഗ്രാന്‍സ്ലാമുകള്‍ക്ക് പിന്നിലാണ് ജോക്കോവിച്ച്. ഏറ്റവും കൂടുതല്‍ ഗ്രാന്സ്ലാമുമായി റെക്കോര്‍ഡുള്ള ഫെഡറിന്റെ 20 എന്ന നേട്ടത്തിനൊപ്പമെത്താല് ഇനി ജോക്കോവിച്ചിന് ആറു ഗ്രാന്സ്ലാമുകള് കൂടി നേടണം.
31 കാരനായ സെര്‍ബിയന്‍ താരത്തിന് മുട്ടിനേറ്റ പരിക്ക് വില്ലനായതോടെ കഴിഞ്ഞ തവണ ടൂര്‍ണമെന്റ് നഷ്ടമായിരുന്നു. മൂന്നാം റാങ്കുകാരനായ ഡെല്‍ പെട്രോയുടെ ഇതു രണ്ടാം ഗ്രാന്സ്ലാം ഫൈനലായിരുന്നു. യുഎസ് ഓപ്പണില്‍ 2009 ല്‍ റോജര്‍ ഫെഡററെ വീഴ്ത്തിയ ചരിത്രം ഡെല്‍ പെട്രോവിന് കൂട്ടുണ്ടായിരുന്നു. പക്ഷെ ഇത്തവണ ജോക്കോവിച്ചിന് മുന്നില്‍ ഈ കരുത്തും ചരിത്രവും മതിയാകാതെ വന്നു.