• Home
  • News
  • ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുക: മരയ്ക്കാര്‍ ഓഡിയോ റൈറ്റ്‌സ് സ
marakkar-arabikadalinte-audio-rights-sold

ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുക: മരയ്ക്കാര്‍ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. ആരാധകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന ചിത്രത്തിന്റെ ഓഡിയോ റൈററ്സ് റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയിരിക്കുകയാണ് സൈന വീഡിയോസ്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് സൈന മരയ്ക്കാറിന്റെ ഓഡിയോ റൈറ്റ്‌സ് വാങ്ങിയിരിക്കുന്നത്. അതേസമയം തുക വെളിപ്പെടുത്തിയിട്ടില്ല. മരയ്ക്കാറിന്റെ മറ്റ് ഭാഷകളുടെ ഓഡിയോ റൈറ്റ്‌സും സൈന തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്.

അഞ്ചു ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം വേള്‍ഡ് വൈഡ് റിലീസായി 5000 ത്തോളം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. മര്‍ച്ച് 26നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. മരയ്ക്കാറിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം എപ്പോള്‍ നടത്തണം എന്നതില്‍ ഒരു തീരുമാനം എടുത്തിരിക്കുകയാണ് ആശിര്‍വാദ് സിനിമാസ്. ചിത്രത്തിന്റെ ആദ്യ ഫാന്‍സ് ഷോ അര്‍ധരാത്രി 12 മണിക്കും പിന്നീട് പുലര്‍ച്ചെ 4 മണിക്കും ഉണ്ടായിരിക്കും. ഈ രണ്ട് ഷോകള്‍ക്ക് ശേഷം മാത്രമായിരിക്കും റെഗുലര്‍ ഷോകള്‍ ആരംഭിക്കുന്നത്.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് മരക്കാര്‍- അറബിക്കടലിന്റെ സിംഹം. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രഭു, ഫാസില്‍, മധു, അര്‍ജുന്‍ സര്‍ജ, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, നെടുമുടി വേണു, മുകേഷ്, സുനില്‍ ഷെട്ടി, സിദ്ദിഖ്, മാമുക്കോയ, ബാബുരാജ്, അശോക് സെല്‍വന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ഇവരെക്കൂടാതെ വിദേശത്ത് നിന്നുള്ള താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ആക്ഷനും വിഎഫ്എക്‌സിനും, ഗ്രാഫിക്‌സ് വര്‍ക്കുകള്‍ക്കും ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണിത്. തിരുവാണ് ഛായാഗ്രഹന്‍. സാബു സിറില്‍ കലാസംവിധാനവും നിര്‍വ്വഹിക്കും. ആന്റണി പെരുമ്പാവൂറും കോണ്‍ഫിഡന്റ് ഗ്രൂപ്പും സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Recent Updates