• Home
  • News
  • സാഹോദര്യത്തിലേക്ക് വാതിൽ തുറന്ന് ബിഎപിഎസ് ഹിന്ദു മന്ദിറിൽ എല്ലാവർക്കും പ്രവേശനം

സാഹോദര്യത്തിലേക്ക് വാതിൽ തുറന്ന് ബിഎപിഎസ് ഹിന്ദു മന്ദിറിൽ എല്ലാവർക്കും പ്രവേശനം

അബുദാബി ∙ മാനവികതയുടെ വസന്തത്തിലേക്കാണ് അബുദാബി ക്ഷേത്രം ലോകത്തെ സ്വാഗതം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാകും ക്ഷേത്രം. ലോകപ്രസിദ്ധ നിർമിതികളായ ബുർജ് ഖലീഫ, ഫ്യൂച്ചർ മ്യൂസിയം, ഗ്രാൻഡ് മോസ്ക് എന്നിവയുടെ പട്ടികയിൽ സാംസ്കാരിക തനിമയുടെ പുതിയ അധ്യായമായി ബിഎപിഎസ് ഹിന്ദു ക്ഷേത്രം മാറി.

പതിറ്റാണ്ടുകൾക്ക് മുൻപ് അറബ് സഞ്ചാരികളുടെ കാലം മുതൽ ഇന്ത്യയ്ക്ക് മധ്യപൂർവദേശവുമായി ബന്ധമുണ്ട്. നമ്മുടെ പൗരാണിക ബന്ധത്തിൽ ഈ ക്ഷേത്രം പുതിയ ഊർജം നൽകും. ഇത് ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ഇടമല്ല, മാനവിക പൈതൃകത്തിന്റെ പ്രതീകമാണ്. 

ഇന്ത്യയുടെയും അറബ് നാടിന്റെയും സൗഹൃ‍ദത്തിന്റെ പ്രതീകമാണ്. യുഎഇയുമായുള്ള ബന്ധത്തിലെ ആധ്യാത്മിക പ്രതിബിംബാണിത്. ആയുസ്സുള്ള കാലത്തോളം ഭാരത്തിനുവേണ്ടി ജീവിക്കും. ഇന്ത്യയിലെ 140 കോടി ജനങ്ങളും ഞാൻ പൂജിക്കുന്ന എന്റെ ആരാധ്യ ദേവന്മാരാണ്. അയോധ്യയിൽ രാമക്ഷേത്രം തുറക്കാനും അബുദാബിയിൽ ഹിന്ദു ക്ഷേത്രം തുറക്കാനും സാധിച്ചത് നിയോഗമായി കാണുന്നു. 

പണ്ഡിതർ പല പേരിൽ വിളിക്കുമെങ്കിലും ഒരു ദൈവത്തെയും ഒരു സത്യത്തെയുമാണ് നാം ആരാധിക്കുന്നത്. മാനവികതയിലാണ് നമ്മുടെ വിശ്വാസം അടിസ്ഥാനമിട്ടിരിക്കുന്നത്. വസുധൈവ കുടുംബകം എന്നതാണ് വേദം നമ്മെ പഠിപ്പിക്കുന്നത്. ആ ദർശനത്തിൽ ലോക സമാധാനത്തിനായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ക്ഷേത്ര നിർമാണത്തിലെ അവശേഷിച്ച മാർബിൾ കഷണങ്ങൾ പെയിന്റ് ചെയ്ത് സ്മാരകമാക്കിയ വിദ്യാർഥികളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഓട്ടോഗ്രാഫ് നൽകുകയും ചെയ്തു.

∙ ഭൂകമ്പത്തെയും അതിജീവിക്കും, 1000 കൊല്ലം നിലനിൽക്കും 
2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഥമ യുഎഇ സന്ദർശനത്തോട് അനുബന്ധിച്ചാണ് ഇപ്പോഴത്തെ യുഎഇ പ്രസിഡന്റും അന്നത്തെ അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ക്ഷേത്രത്തിന് സ്ഥലം അനുവദിച്ചത്. 

ശിലാസ്ഥാപന ചടങ്ങും പ്രധാനമന്ത്രി അന്നു നിർവഹിച്ചു. 2019ലായിരുന്നു നിർമാണോദ്ഘാടനം. പാർക്കിങ് ഉൾപ്പെടെ മൊത്തം 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം. ഹിന്ദു സമൂഹത്തിലെ എല്ലാ സമ്പ്രദായങ്ങളും പിന്തുടർന്നാണ് ക്ഷേത്രം പ്രവർത്തിക്കുക. ഭൂകമ്പത്തെ അതിജീവിക്കാൻ സാധിക്കുന്നവിധം അത്യാധുനിക സംവിധാനങ്ങളോടെ നിർമിച്ച ക്ഷേത്രത്തിന് ആയിരത്തിലേറെ വർഷം കേടുകൂടാതെ നിലനിൽക്കാനാകും. 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All