• Home
  • News
  • സൗദിയിലെ എറ്റവും വലിയ പുഷ്പമേളയ്ക്ക് യാമ്പുവിൽ തുടക്കമായി

സൗദിയിലെ എറ്റവും വലിയ പുഷ്പമേളയ്ക്ക് യാമ്പുവിൽ തുടക്കമായി

യാമ്പു ∙ സൗദിയിലെ എറ്റവും വലിയ പുഷ്പമേളയ്ക്ക് യാമ്പുവിൽ ഇന്ന് തുടക്കമായി. നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമെത്തിയ പുഷ്പ ഉദ്യാനമേളയ്ക്കായി ഇത്തവണ വൈവിധ്യങ്ങളായ പൂക്കളും ചെടികളുമാണ് എത്തിച്ചിരിക്കുന്നത്. പുതുമയും വിസ്മയവും നിറയുന്ന ഉദ്യാനകാഴ്ചകളാണ് യാമ്പു  വ്യാവസായിക നഗരത്തിലെ ജിദ്ദ ഹൈവേയോടു ചേർന്നുള്ള അൽ മുനാസബാത്ത് ഈവന്‍റസ് പാർക്കിൽ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. മാർച്ച് 9 വരെ നടക്കുന്ന ബൃഹത്തായ പുഷ്പമേളയോട് അനുബന്ധിച്ച് ആകർഷകമായ നിരവധി പരിപാടികളാണ് സംഘാടകർ ആസൂത്രണം ചെയ്തിരിക്കുന്നത്. യാമ്പുവിലെ തനത് പ്രകൃതിയിൽ കലാപരവും സാംസ്‌കാരികവും വിനോദ പരിപാടികളും മേളയിൽ അവതരിപ്പിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പുഷ്പപരവതാനി എന്ന നേട്ടമുൾപ്പെടെ മുൻവർഷങ്ങളിൽ നടന്ന മേളകളിൽ നിരവധി റെക്കോർഡുകൾ നേടിയിരുന്ന പോലെ ഇത്തവണയും പുത്തൻ റെക്കോർഡുകൾ സ്ഥാപിക്കപ്പെടുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പൂക്കളമൊരുക്കൽ, പൂന്തോട്ടപരിപാലന സേവനങ്ങൾ, വീട്ടിലെ ഉദ്യാന നടീലും പരിപാലനവും, പക്ഷി, ചിത്രശലഭ ഉദ്യാനങ്ങൾ, സ്ട്രോബെറി തോട്ടങ്ങൾ, കാർഷിക ഉപകരണങ്ങൾ, നഴ്സറി ഉൽപന്നങ്ങൾ, അനുബന്ധ മേഖലകളിൽ വിദഗ്ധരായ കമ്പനികൾ, പുനരുപയോഗം ചെയ്യുന്ന പൂന്തോട്ടത്തിനൊപ്പം, പുനരുത്പ്പാദന, പുനരുപയോഗ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വാർഷിക നൂതന ആശയ പദ്ധതികളും മേളയിലുണ്ട്. പ്രാദേശിക ഉൽപന്നങ്ങൾ വിൽക്കുന്ന സ്റ്റാളുകൾ, പലതരം വിഭവങ്ങളുടെ ശേഖരങ്ങളുമായി ഫുഡ് കോർട്ടുകൾ. കലാസംഘങ്ങളുടെ പരിപാടികൾ, കുട്ടികൾക്കുള്ള വിവിധ പഠന ശിൽപശാലകൾ, കരിമരുന്ന് പ്രകടനങ്ങൾ ഒപ്പം എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന വിവിധ സംവിധാനങ്ങൾ ഇത്തവണത്തെ മേളയിൽ ഒരുക്കിയിട്ടുണ്ട്.

വിശ്രമകേന്ദ്രങ്ങൾ, നമസ്കാര സ്ഥലം, വിശാലമായ വാഹന പാർക്കിങ് എന്നിവയും നഗരിയിൽ ക്രമീകരിച്ചിട്ടുണ്ട്. സംഗീതസാന്ദ്രമായ പുഷ്പോത്സവ ഉദ്യാനം   വൈദ്യുത ദീപലങ്കാരങ്ങൾ വർണ്ണകാഴ്ച നൽകുന്നു. ദിവസവും രാവിലെ എട്ടുമുതൽ ഉച്ചക്ക് 12 വരെയും വൈകീട്ട് നാലുമുതൽ രാത്രി 12.30 വരെയുമാണ് സന്ദർശകർക്ക് പ്രവേശനം.

https://yanbuflowerfestival.com.sa/en എന്ന ലിങ്കിൽനിന്ന് 11.50 റിയാൽ നിരക്കിൽ  ടിക്കറ്റ് ലഭിക്കും. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ് മേളയുടെ എല്ലാ ദിവസങ്ങളിലും സന്ദർശനം നടത്താൻ ഒരു തവണയെടുക്കുന്ന പ്രവേശന പാസ് മതിയാകുമെന്ന് സംഘാടകർ അറിയിച്ചു. യാമ്പുവിലെത്തുന്നവർക്ക് പൂഷ്പമേള കൂടാതെ സന്ദർശിക്കാൻ വിനോദകേന്ദ്രങ്ങൾ ധാരാളമുണ്ട്. ബീച്ച് ഹൈവേക്കരികെയുള്ള വാട്ടർ ഫ്രണ്ട് പാർക്ക്, നൗറസ് ദ്വീപ്, യാമ്പു തടാകം, ബോട്ടിങ് സവാരി, യാമ്പു ഹെറിറ്റേജ് പാർക്ക് തുടങ്ങിയവ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. മലയാളികളടക്കം സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രവാസി സംഘടനകളും കുടുംബങ്ങളും പുഷ്പ ഉദ്യാന മേള സന്ദർശിക്കാൻ വരും നാളുകളിലെത്തും.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All