• Home
  • Pachakam
  • കടുക്കപ്പത്തിരി

കടുക്കപ്പത്തിരി

ചേരുവകള്‍
കടുക്ക - 1 കപ്പ്
വലിയ ഉള്ളി ചെറുതായി അരിഞ്ഞത് - അര കപ്പ്
വെളുത്തുള്ളി പേസ്റ്റ് - 1 ടീ സ്പൂണ്‍
ഇഞ്ചി പേസ്റ്റ് - 1 ടീസ്പൂണ്‍
മുളകുപൊടി - അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
ഗരം മസാല - അര ടീസ്പൂണ്‍
പച്ച മുളക് - രണ്ടെണ്ണം ചെറുതായി വട്ടത്തില്‍ അരിഞ്ഞത്
കറിവേപ്പില, മല്ലിയില - അരിഞ്ഞത് അര കപ്പ്
മൈദ - 1 കപ്പ്
മുട്ട - 1 എണ്ണം
ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം
കടുക്ക ഉപ്പ് പാകത്തിന് ചേര്‍ത്ത്  കുക്കറില്‍ വേവിച്ചെടുക്കുക. ഒരു പാനില്‍ രണ്ടു ടീസ്പൂണ്‍ എണ്ണ ഒഴിച്ച് അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളി ഉപ്പു ചേര്‍ത്ത് മൂപ്പിച്ചെടുക്കുക. ഉള്ളി മൂത്ത് വരുമ്പോള്‍ വെളുത്തുള്ളി പേസ്റ്റും ഇഞ്ചി പേസ്റ്റും മുളകുപൊടിയും മഞ്ഞള്‍പൊടിയും ഗരം മസാലയും പച്ചമുളകും കൂടി ചേര്‍ത്തിളക്കുക. ഈ ചേരുവകള്‍ നന്നായി ചേര്‍ത്തിളക്കിയ ശേഷം നേരത്തെ വേവിച്ചുവച്ചിരിക്കുന്ന കടുക്ക കൂടി ചേര്‍ത്ത് ഇളക്കുക. ചെറുതീയില്‍ അഞ്ചു മിനിറ്റ് വയ്ക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊടുത്ത് അടിയില്‍ പിടിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. ഇനി ഇതിനു മുകളിലായി കറിവേപ്പിലയും മല്ലിയിലയും കൂടി വിതറി അടുപ്പില്‍ നിന്നും വാങ്ങാം. ഇനി പത്തിരി ഉണ്ടാക്കുന്നതിലേക്ക് കടക്കാം. മൈദാമാവ് ഉപ്പും മുട്ടയും വെള്ളവും ചേര്‍ത്തു ചപ്പാത്തിക്ക് കുഴയ്ക്കുന്നതു പോലെ കുഴച്ചെടുക്കുക. മാവ് കുഴച്ചുരുട്ടി ഒരു പന്തിന്റെ പരുവത്തിലാക്കി ഇടത്തരം വട്ടത്തില്‍ ചപ്പാത്തിക്കെന്ന പോലെ പരത്തി എടുക്കുക. 

പരത്തി എടുത്ത ഒരെണ്ണം എടുത്ത് ഒരു പരന്ന പ്രതലത്തിലോ പരന്ന പാത്രത്തിലോ വച്ച് അതിനു മുകളിലായി നേരത്തേ തയ്യാറാക്കി വച്ചിരിക്കുന്ന കടുക്ക മസാലക്കൂട്ടില്‍ നിന്നും കുറച്ചെടുത്ത് നിരത്തുക. ഇതിനു മുകളിലായി മാവ് പരത്തിയതില്‍ നിന്നും ഒരെണ്ണം കൂടി എടുത്ത് വയ്ക്കുക. ഇപ്പോള്‍ അടിയിലും മുകളിലും ചപ്പാത്തിപരുവത്തില്‍ പരത്തിയെടുത്ത മാവും അകത്ത് കടുക്ക മസാലയുമായിരിക്കും. ഇനി മാവിന്റെ രണ്ട് ലെയറുകളുടെയും അരികുകള്‍ ഇഷ്ടാനുസരണം ഡിസൈന്‍ ചെയ്തോ അല്ലാതെയോ കൈകൊണ്ട്‌ അമര്‍ത്തി ഒട്ടിക്കുക. ഇനി ഒരു കുഴിഞ്ഞ ചട്ടിയില്‍ പത്തിരി മുക്കിയെടുക്കാന്‍ പാകത്തിന് എണ്ണയെടുത്ത് ചൂടാക്കുക. എണ്ണ നന്നായി ചൂടായിക്കഴിഞ്ഞാല്‍ ഓരോ പത്തിരിയായി ചെറുതീയില്‍ മൊരിച്ചെടുക്കുക. മലബാറിന്റെ ഇഷ്ടഭക്ഷണമായ കടുക്കപ്പത്തിരി തയ്യാര്‍.