എംബാപ്പെയ്ക്കു മൂന്നു മത്സരങ്ങളില്‍ വിലക്ക്
പാരീസ്: പിഎസ്ജി മുന്നേറ്റക്കാരൻ കിലിയൻ എംബാപ്പെയ്ക്ക് മൂന്നു മത്സരങ്ങളിൽ വിലക്ക്. ഫ്രഞ്ച് ലീഗിൽ നിമെസിനെതിരായ കളിയിൽ ചുവപ്പ് കാർഡ് കിട്ടിയതിനെത്തുടർന്നാണ് നടപടി. മത്സരത്തിന്റെ പരിക്കുസമയത്ത് നിമെസ് താരം തേജി സവാനിയേഴ്സിനെ തള്ളിയിട്ടതിനാണ് എംബാപ്പെയ്ക്ക് കാർഡ് കിട്ടിയത്.
പത്തൊമ്പതുകാരനായ താരം ഫ്രാന്‍സിന്റെ ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു. ലോകകപ്പിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരവും എംബാപ്പെയ്ക്കായിരുന്നു. നിമെസിനെതിരേ 4-2ന് പിഎസ്ജി ജയിച്ച മത്സരത്തില്‍ യുവതാരം ഗോള്‍ നേടിയിരുന്നു. കളിയുടെ അവസാന മിനിറ്റുകളില്‍ പന്തുമായി മുന്നേറിയ എംബാപ്പെയെ തെജി സാവനിര് ഫൗള്‍ ചെയ്തു വീഴ്ത്തിയിരുന്നു. ഇതില്‍ പ്രകോപിതനായി താരം എഴുന്നേറ്റ് വന്ന് നിമെസ് മിഡ്ഫീല്‍ഡറെ തള്ളി താഴെയിട്ടു. ഇതോടെ റഫറി ഇരുവര്‍ക്കും ചുവപ്പ് കാര്‍ഡ് നല്കി. സാവനീര്ക്ക് അഞ്ചു കളിയിലാണ് വിലക്ക്.14ന് സാന്‍ എറ്റിനെയ്ക്കെതിരേയും 23ന് റെനേസിനെതിരേയും 26ന് റിംസിനെതിരേയുമുള്ള മത്സരങ്ങളാണ് എംബാപ്പെയ്ക്കു നഷ്ടമാകുക.