• Home
  • News
  • 'മാമാങ്കവും മരയ്ക്കാരും'; മലബാറിന്റെ മധ്യകാല ചരിത്ര ബ്രഹ്മാണ്ഡ ചിത്രങ്ങൾ
malayalam movie

'മാമാങ്കവും മരയ്ക്കാരും'; മലബാറിന്റെ മധ്യകാല ചരിത്ര ബ്രഹ്മാണ്ഡ ചിത്രങ്ങൾ

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ 2 ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് ഒരേ സമയം ഒരുങ്ങുന്നത്. 50 കോടി രൂപയുടെ മുതൽ‌ മുടക്കിൽ എം. പത്മകുമാറിന്റെ സംവിധാനത്തിൽ ‘മാമാങ്കം’, 100 കോടി രൂപ ചെലവഴിച്ച് പ്രിയദർശന്റെ സംവിധാനത്തിൽ ‘കുഞ്ഞാലി മരയ്ക്കാർ–അറബിക്കടലിന്റെ സിംഹം’ എന്നീ ചിത്രങ്ങളാണ് ചിത്രീകരണം പൂർത്തിയായി പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികളിലേക്കു കടന്നിരിക്കുന്നത്. ഈ 2 സിനിമകളും തമ്മിൽ ഏറെ സമാനതകളുണ്ട്. മലയാളത്തിന്റെ 2 സൂപ്പർ താരങ്ങളാണ് ഈ സിനിമകളിലെ നായക സ്ഥാനത്ത്. മാമാങ്കത്തിൽ മമ്മൂട്ടി നായകനാകുമ്പോൾ കുഞ്ഞാലി മരയ്ക്കാറിൽ മോഹൻലാലാണ് നായക വേഷത്തിലെത്തുന്നത്. ഇവ രണ്ടും മലയാളത്തിൽ മാത്രം ഒതുങ്ങുന്നതല്ല. മാമാങ്കം മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും ലക്ഷ്യമിടുമ്പോൾ കുഞ്ഞാലി മരയ്ക്കാർ തമിഴ്, തെലുങ്ക്, ഹിന്ദി, എന്നിവയ്ക്കു പുറമെ ചൈനീസ് ഉൾപ്പെടെ വിദേശ ഭാഷകളെയും ലക്ഷ്യമിടുന്നുണ്ട്. മാമാങ്കം, കുഞ്ഞാലി മരയ്ക്കാർ എന്നീ പേരുകളിൽ നേരത്തെ മലയാളത്തിൽ സിനിമകൾ വന്നിട്ടുമുണ്ട്. 1964ൽ ‘കുഞ്ഞാലി മരയ്ക്കാർ’ എന്ന പേരിൽ സിനിമ വന്നപ്പോൾ 1979ൽ മാമാങ്കവും കേരളത്തിലെ തിയറ്ററുകളിൽ എത്തി.

എന്തുകൊണ്ട് ഈ സിനിമകൾ പുനഃരാവിഷ്ക്കരിക്കപ്പെടുന്നു? വീരൻമാരെയും സാഹസികരെയും കേരളീയ ജനത പണ്ടുമുതലെ നെഞ്ചോടു ചേർത്തിരുന്നു. ആധുനിക കാലത്ത് കഥകളിലും നോവലുകളിലും നാടകങ്ങളിലും പഴയ ധീരൻമാർ നിറഞ്ഞാടുന്നതായി കാണാം. കലാ ആവിഷ്ക്കാരങ്ങളിൽ ഇവരെ കൂടുതൽ പൊലിമയോടെ പുനഃരാവിഷ്ക്കരിച്ചു കൊണ്ടേയിരിക്കുന്നു. അതുകൊണ്ടു തന്നെയാവണം മാമാങ്കവും കുഞ്ഞാലി മരയ്ക്കാർമാരും വീണ്ടും പുനഃരാവിഷ്ക്കരിക്കപ്പെടുന്നതും. മാമാങ്കം നവംബർ ആദ്യവാരം തിയറ്ററുകളിലെത്തുമ്പോൾ കുഞ്ഞാലി മരയ്ക്കാർ: അറബി കടലിന്റെ സിംഹം അടുത്ത വർഷം ആദ്യം തിയറ്ററുകളിലെത്തുമെന്നാണ് അറിയുന്നത്. ഈ 2 സിനിമകളും പറയുന്നത് മലബാറിന്റെ മധ്യകാല ചരിത്രമാണ്. നായകൻമാരുടെ ധീരതയിലും സാഹസികതയിലും കേന്ദ്രീകരിച്ചാണ് ഇരു സിനിമകളുടെയും പുതിയ കഥയും രൂപപ്പെടുത്തിയിരിക്കുന്നത്. ചോര കൊണ്ടും വാളു കൊണ്ടും കണക്കു തീർക്കാൻ ശ്രമിച്ച ചേകവൻമാരുടെ കഥയാണ് മാമാങ്കം പറയുന്നതെങ്കിൽ കടൽ കടന്നെത്തിയ കൊളോണിയലിസത്തെ കടലിൽ വെല്ലുവിളിച്ച കുഞ്ഞാലി മരയ്ക്കാരെക്കുറിച്ചാണ് കുഞ്ഞാലി മരയ്ക്കാർ– അറബിക്കടലിന്റെ സിംഹം പറയുന്നത്.16–ാം നൂറ്റാണ്ടിലാണ് സാമൂതിരിയുടെ നാവിക മേധാവികളായി കുഞ്ഞാലി മരയ്ക്കാർമാർ ചരിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അതേ കാലത്തു തന്നെയാണ് സാമൂതിരി രക്ഷാപുരുഷ സ്ഥാനത്ത് നിന്നു കൊണ്ട് തിരുനാവായയിൽ മാമാങ്കവും കൊണ്ടാടിയിരുന്നത്. ഈ വിധത്തിൽ ഒരേ ചരിത്രകാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന വിഷയങ്ങളാണ് 2 സിനിമകൾക്കും ആധാരമാകുന്നത്.

മമ്മൂട്ടി, ഉണ്ണിമുകുന്ദൻ, പഞ്ചാബി നടി പ്രാചി തെഹ്‌ലാൻ, സിദ്ദീഖ്, നീരജ് മാധവ്, അനു സിത്താര, കനിഹ, സുനിൽ സുഗത, തരുൺ അറോറ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. എം.ജയചന്ദ്രനാണ് സംഗീത സംവിധായകൻ. മനോജ് പിള്ള ക്യാമറ കൈകാര്യം ചെയ്യുന്നു. ചരിത്രത്തിലെ അവസാനത്തെ മാമാങ്കത്തെ അടിസ്ഥാനമാക്കിയാണ് കഥ പറയുന്നത്. അസാമാന്യ ധീരനായ ഒരു ചേകവരായാണ് മമ്മൂട്ടി എത്തുന്നത്. പ്രാചീന കാലത്ത് വള്ളുവക്കോനാതിരിയുടെ രക്ഷാകർതൃത്വത്തിൽ 12 വർഷത്തിലൊരിക്കൽ തിരുനാവായ മണൽപ്പുറത്ത് നടത്തിയിരുന്ന വ്യാപാര മേളയായിരുന്നു മാമാങ്കം. സാമൂതിരി രാജാവ് വള്ളുവക്കോനാതിരിയെ പരാജയപ്പെടുത്തിയതോടെ 1400 മുതൽ 1765 വരെ മാമാങ്കത്തിൽ സാമൂതിരിക്കായി രക്ഷാപുരുഷ സ്ഥാനം. ഇത് അംഗീകരിക്കാൻ വള്ളുവക്കോനാതിരി തയാറായില്ല. തുടർന്ന് സാമൂതിരിയുടെ നേതൃത്വത്തിൽ നടക്കുന്ന മാമാങ്കത്തിലേക്ക് വള്ളുവക്കോനാതിരി ചാവേറുകളെ അയച്ചു തുടങ്ങി. ഇതോടെയാണ് വ്യാപാരമേളയായിരുന്ന മാമാങ്കത്തിനു ചോരയുടെ ചരിത്രം തുടങ്ങുന്നത്. മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത താരനിരയാണ് ഈ ചിത്രത്തിൽ അരങ്ങേറുന്നത്. മോഹൻലാൽ, സുനിൽഷെട്ടി, അർജുൻ, പ്രഭു, മഞ്ജു വാരിയർ, സിദ്ദീഖ്, മുകേഷ്, നെടുമുടി വേണു, രൺജി പണിക്കർ എന്നിവർക്കൊപ്പം സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണിയും മോഹൻലാലിന്റെ മകൻ പ്രണവും അതിഥി വേഷങ്ങളിലെത്തുന്നുണ്ട്. സാബു സിറിലാണ് കലാ സംവിധായകൻ. തമിഴ് ക്യാമറാമാൻ തിരു ക്യാമറ കൈകാര്യം ചെയ്യുന്നു. പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ നടത്തിയ കടൽ യുദ്ധങ്ങളുടെ പശ്ചാത്തലത്തിലാണ് സാമൂതിരിയുടെ നാവിക മേധാവികളായ കുഞ്ഞാലി മരയ്ക്കാർമാർ ചരിത്രത്തിൽ ഇടം പിടിക്കുന്നത്. 1507നും 1600നും ഇടയിൽ 4 കുഞ്ഞാലിമാരാണുണ്ടായിരുന്നത്. ഇതിൽ 4–ാം കുഞ്ഞാലിയായ മുഹമ്മദ് കുഞ്ഞാലിയുടെ കഥയാണ് സിനിമ പറയുന്നത്.