• Home
  • News
  • ആദ്യം വേണ്ടെന്നു വച്ച വേഷം; തണ്ണീർ മത്തൻ നായിക
anaswara rajan

ആദ്യം വേണ്ടെന്നു വച്ച വേഷം; തണ്ണീർ മത്തൻ നായിക

മലയാളികൾ ഏറെ ഇഷ്ടത്തോടെ ആഘോഷിക്കപ്പെടുന്ന നായികയായി അങ്ങനെ തണ്ണീർമത്തനിലെ കീർത്തിയും മാറി പ്രേക്ഷക ഹൃദയം സ്വന്തമാക്കുകയാണ്. ജാതിക്കാത്തോട്ടത്തിലെ പ്രേമത്തെയും ചിത്രത്തിലെ പ്ലസ്ടു പഠനകാലത്തെയും പറ്റി പറയുമ്പോൾ അനശ്വരയ്ക്കു നൂറു നാവ്.

തണ്ണീർമത്തനിലേക്ക് എങ്ങനെയെത്തി?

ഉദാഹരണം സുജാതയിലെ അഭിനയം കണ്ടിട്ടാണ് എന്നെ ഈ ചിത്രത്തിലേക്കു വിളിക്കുന്നത്. ഞാൻ പത്താം ക്ലാസ് പരീക്ഷയുടെ തിരക്കിലായിരുന്നു. ജിബു ജേക്കബിന്റെ ആദ്യരാത്രി എന്ന ചിത്രവും രണ്ടു തമിഴ് സിനിമയുമായിരുന്നു പരീക്ഷ കഴിഞ്ഞു ചെയ്യേണ്ടിയിരുന്നത്. യാദൃച്ഛികമായി ആദ്യരാത്രിയുടെ ഷൂട്ട് നീണ്ടുപോയി. കൂടാതെ രണ്ടു തമിഴ് സിനിമയുടെ ഓഫറും വേണ്ടെന്നു വച്ചു. അവധിക്കാലത്ത് അങ്ങനെ തണ്ണീർമത്തന്റെ ഭാഗമായി.

ആദ്യമായി നായികയാകുന്നു, നാണമുണ്ടായിരുന്നോ?

ആദ്യ ഷോട്ടുകൾ എടുക്കുമ്പോൾ ചെറിയൊരു നാണമുണ്ടായിരുന്നു. പിന്നെ നായകൻ ജയ്‌സണായി അഭിനയിച്ച മാത്യു തോമസ് നല്ല കമ്പനിയായതോടെ അതു മാറി.

വീട്ടുകാർ എന്തു പറയുന്നു. അഭിനയം പഠനത്തിനു തടസ്സമാകുമെന്നു പേടിയുണ്ടോ?

കണ്ണൂരിലെ പയ്യന്നൂരിനടുത്തുള്ള കരിവെള്ളൂര് ആണ് എന്റെ സ്വദേശം.അച്ഛൻ രാജൻ. അമ്മ ഉഷ.വിദ്യാഭ്യാസ കാര്യത്തിലും ഇനിയുമേറെ പഠിക്കാനുണ്ട്. അഭിനയത്തിലും അതിലുമേറെ പഠിക്കാനുണ്ട്. രണ്ടും കൂടി ഒന്നിച്ചു കൊണ്ടു പോകാനാണ് താൽപര്യം. ഇപ്പോൾ റാങ്കി എന്നൊരു തമിഴ് സിനിമ ചെയ്യുന്നുണ്ട്. നല്ല വേഷങ്ങൾ കിട്ടുന്നതിന് അനുസരിച്ചു പഠനവും ക്രമീകരിക്കും.