• Home
  • News
  • ഹജ്ജ് : ബലി കൂപ്പൺ നിരക്ക് പ്രഖ്യാപിച്ചു

ഹജ്ജ് : ബലി കൂപ്പൺ നിരക്ക് പ്രഖ്യാപിച്ചു

ജിദ്ദ : വിശുദ്ധ ഹജ്ജിന് ഈ വർഷം ആടിനെ ബലിയർപ്പിക്കുന്നതിനുള്ള കൂപ്പൺ നിരക്ക് 475 റിയാലായിരിക്കുമെന്ന് ഐ.ഡി.ബി ചെയർമാൻ ഡോ. ബന്ദർ ഹജ്ജാർ പറഞ്ഞു.

ഓൺലൈൻ വഴി ലോകത്തെവിടെ നിന്നും ബലി കൂപ്പണുകൾ വാങ്ങുന്നതിന് അവസരമൊരുക്കിയിട്ടുണ്ട് . ഹജ്, ഉംറ തീർഥാടകർക്കുള്ള ഇ-ട്രാക്ക് വഴിയും ബലി കൂപ്പണുകൾ വാങ്ങുന്നതിന് സാധിക്കും .

ഹജിനിടെ തീർഥാടകർക്കു വേണ്ടി ബലി കർമം നിർവഹിക്കുന്നതിന് പുണ്യസ്ഥലങ്ങളിലെ കശാപ്പുശാലകളിൽ 20,000 കശാപ്പുകാർ സേവനമനുഷ്ഠിക്കുമെന്ന് ബലി മാംസം പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നതിന്റെ ചുമതലയുള്ള ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് അറിയിച്ചു. ഈജിപ്ത്, തുർക്കി, ജോർദാൻ, മൊറോക്കൊ, സുഡാൻ എന്നീ അഞ്ചു രാജ്യങ്ങലിൽ നിന്നാണ് കശാപ്പുകാരെ ഇതിനായി റിക്രൂട്ട് ചെയ്യുക .

ഈജിപ്ത് ( 12,000 ), തുർക്കി( 7000 ) സുഡാൻ, മൊറോക്കൊ, ജോർദാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 1000 - കശാപ്പുകാരെയുമാണ് റിക്രൂട്ട് ചെയ്യുന്നത്.
വിദേശ രാജ്യങ്ങളുടെ ഹജ് മിഷൻ ഉദ്യോഗസ്ഥരും കോൺസുലേറ്റ് അധികൃതരും ആഭ്യന്തര ഹജ് സർവീസ് കമ്പനി അധികൃതരേയും പങ്കെടുപ്പിച്ചുകൊണ്ട് ബലി മാംസം പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതിയെ കുറിച്ച് അറിയിക്കുന്നതിന് ജിദ്ദയിൽ കഴിഞ്ഞ ദിവസം ഐ.ഡി.ബി യോഗം സംഘടിപ്പിച്ചു .

മക്കയിലും മദീനയിലും പുണ്യസ്ഥലങ്ങളിലും അതിർത്തി പ്രവേശന കവാടങ്ങളിലും ബലി കൂപ്പൺ വിൽപന കേന്ദ്രങ്ങളും ഹജ് തീർഥാടകർക്കായി ഒരുക്കിയിട്ടുണ്ട് .

Related News