• Home
  • News
  • ജെറ്റ് എയര്‍വെയ്‌സ് ദമാം- കോഴിക്കോട്, കൊച്ചി സര്‍വിസുകള്‍ നിര്‍ത്തുന്നു

ജെറ്റ് എയര്‍വെയ്‌സ് ദമാം- കോഴിക്കോട്, കൊച്ചി സര്‍വിസുകള്‍ നിര്‍ത്തുന്നു

ദമാം: ദമാമില്‍നിന്നു കോഴിക്കോട്, കൊച്ചി സെക്റ്ററുകളിലേക്കുണ്ടായിരുന്ന ജെറ്റ് എയര്‍വെയ്‌സിന്റെ പ്രതിദിന സര്‍വിസ് നിര്‍ത്തിവയ്ക്കുന്നു.ഇതു കൂടാതെ ദമാമില്‍നിന്നു കൊച്ചി, ഹൈദരാബാദ് വിമാനത്താവളങ്ങളിലേക്കുള്ള സര്‍വിസുകളും റദ്ദ് ചെയ്തിട്ടുണ്ട്. ഒരു മാസത്തേയ്ക്ക് താത്കാലികമായാണ് വിമാന സര്‍വിസുകള്‍ റദ്ദ് ചെയ്യുന്നതെന്ന് സര്‍ക്കുലറില്‍ പറയുന്നുണ്ടെങ്കിലും ഇത് പുനഃസ്ഥാപിക്കാന്‍ ഇടയില്ലെന്നാണ് സൂചന.

കോഴിക്കോട്, കൊച്ചി, ഹൈദരാബാദ് എന്നീ സെക്റ്ററുകളിലേക്ക് ദമാമില്‍ നിന്ന് സെപ്റ്റംബര്‍ 22 മുതല്‍ ഒക്‌ടോബര്‍ 27 വരെയുള്ള സര്‍വിസുകളാണ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതെന്ന് ജെറ്റ് എയര്‍വെയ്‌സ് അറിയിച്ചു.കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് നിലവില്‍ ദിവസേന സര്‍വിസുകള്‍ നടത്തുന്നുണ്ടെങ്കിലും സെപ്റ്റംബര്‍ഒക്ടോബര്‍ കാലയളവില്‍ ഈ റൂട്ടില്‍ കൂടുതല്‍ യാത്രക്കാര്‍ ഇല്ലാത്തതാണ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ കാരണമായതെന്നാണ് ജെറ്റ് എയര്‍വെയ്‌സ് അധികൃതര്‍ നല്‍കുന്ന വിശിദീകരണം.

റദ്ദാക്കപ്പെട്ട ദിവസങ്ങളില്‍ ഈ റൂട്ടില്‍ നേരത്തെ ടിക്കറ്റ് എടുത്തവര്‍ ട്രാവല്‍ ഏജന്‍സികളുമായോ ജെറ്റ് എയര്‍വെയ്‌സുമായോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.എന്നാല്‍, ജെറ്റ് എയര്‍വെയ്‌സിന്റെ ദമാം-തിരുവനന്തപുരം സര്‍വിസില്‍ മാറ്റമില്ലെന്നും കോഴിക്കോട്ടു നിന്നും കൊച്ചിയില്‍ നിന്നും മുംബൈ വഴിയുള്ള സര്‍വിസുകള്‍ നേരത്തെ പോലെ തുടരുമെന്നും ജെറ്റ് എയര്‍വെയ്‌സ് അറിയിച്ചു.

ദമാമില്‍നിന്നു കേരളത്തിലേക്കുള്ള പ്രധാനപ്പെട്ട രണ്ടു സര്‍വിസുകള്‍ നിര്‍ത്തുന്നതോടെ ഈ സെക്റ്ററില്‍ വിമാന യാത്ര ദുരിതമാകും. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ മലയാളികള്‍ പ്രവാസ ജീവിതം നയിക്കുന്നത് ഈ സെക്റ്ററുകളിലുള്ളവരാണെന്നതിനാല്‍ ദിനം പ്രതിയുള്ള സര്‍വിസ് നിര്‍ത്തിവെക്കുന്നത് വിമാന നിരക്ക് ഉയരാനും കാരണമായേക്കും.സഊദിയിലെ നിലവിലെ പ്രത്യേക സാഹചര്യത്തില്‍ കുടുംബങ്ങളടക്കമുള്ള പ്രവാസികള്‍ ഇത്തവണ വണ്‍വേ ടിക്കറ്റ് മാത്രമാണ് എടുത്തിരിക്കുന്നത്.

വര്‍ധിച്ച ജീവിതച്ചെലവില്‍ നില്‍ക്കാന്‍ കഴിയാതെ ഇവര്‍ തിരിച്ചു വരില്ലെന്നാണ് മനസിലാക്കുന്നത്. കൂടാതെ വരും മാസങ്ങളിലൊന്നും മുന്‍കൂട്ടിയുള്ള ബുക്കിംഗുകള്‍ കാര്യമായി ഉണ്ടാവുന്നുമില്ലെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നു.

Related News