ഖത്തർ : ബലിപെരുന്നാളിന് ആടുകൾ കുറഞ്ഞ വിലക്ക്
ദോഹ: ബലിപെരുന്നാളിന് ഖത്തർ പൗരൻമാർക്ക് കുറഞ്ഞ നിരക്കിൽ ബലിയറുക്കാനുള്ള ആടുകൾ ലഭിക്കാനായി വാണിജ്യ ധനകാര്യമന്ത്രാലയം നടപടി തുടങ്ങി. സബ്സിഡി നിരക്കിലുള്ള ആടുകളുടെ വിൽപന ആഗസ്റ്റ് 14 ചൊവ്വാഴ്ച തുടങ്ങും. ആഗസ്റ്റ് 23 വരെ തുടരും. 40 കിലോയും അതിന് മുകളിലുമുള്ള പ്രാദേശിക ആടുകൾക്ക് 1200 റിയാലാണ് മന്ത്രാലയം വില നിശ്ചയിച്ചിരിക്കുന്നത്.
45 കിലോയും അതിന് മുകളിലുമുള്ള അറബ് ആടുകൾക്ക് 1100 റിയാലുമാണ് വില. 12,500 പ്രാദേശിക ആടുകളെയും അറബ് ആടുകളെയും ഖത്തരി പൗരൻമാർക്കായി ഇൗ സബ്സിഡി നിരക്കിൽ വിപണിയിൽ ലഭ്യമാക്കുമെന്ന് വിദാം ഫുഡ് കമ്പനിയുമായാണ് കരാറിൽ ഏർപ്പെട്ടത്. സെൻട്രൽ മാർക്കറ്റ്, ശമാൽ, ഉംസലാൽ സെൻട്രൽ മാർക്കറ്റ്, അൽഖോർ എന്നിവിടങ്ങളിലുള്ള വിദാം ഫുഡ് കമ്പനിയുടെ പ്ലാൻറുകളിൽ നിന്ന് സബ്സിഡി നിരക്കിലുള്ള ആടുകൾ ഇൗ കാലയാളിൽ ലഭ്യമാകും. ഇൗ ആനുകൂല്യം ഖത്തരി പൗരൻമാർക്ക് മാത്രമേ ലഭിക്കൂവെന്ന് മന്ത്രാലയം വ്യക്തമാക്കി. പൗരൻമാർ അവരുടെ തിരിച്ചറിയൽ രേഖകൾ ഇതിനായി സമർപ്പിക്കണം. വാങ്ങുന്നയാൾ 20 വയസെങ്കിലും പ്രായമുള്ളയാൾ ആകണം. ഒരാൾക്ക് ഒരു ആട്ടിൻ തല മാത്രമേ വാങ്ങാൻ അർഹതയുള്ളൂ. വിൽപന നടക്കുന്ന എല്ലാ ദിവസങ്ങളിലും മന്ത്രാലയം പ്രത്യേക പരിശോധന നടത്തും. സബ്സിഡി നിരക്കിലാണോ ആടുകളെ വിൽക്കുന്നത് എന്നത് സംബന്ധിച്ച് തുടർ അന്വേഷണം ഉണ്ടാകും.