ഹജ്ജ് ഹാക്കത്തോണിനു തുടക്കം; ഹാജിമാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍
മക്ക:ഗിന്നസ് റെക്കോര്‍ഡോടെ ഹജ്ജ് ഹാക്കത്തോണിനു തുടക്കം , പങ്കെടുക്കുന്നത് 100ല്‍പരം രാഷ്ട്രങ്ങളിലുള്ളവര്‍, വിജയികള്‍ക്ക് 20 ലക്ഷം റിയാല്‍ സമ്മാനം. ഹാജിമാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിനുള്ള വഴികള്‍ കണ്ടെത്തുന്നതിനായി ഹാക്കത്തോണിനു തുടക്കമായി മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന പരിപാടിയില്‍ നൂറിലധികം രാഷ്ട്രങ്ങളില്‍ നിന്നായി മുവ്വായിരം യുവതീ യുവാക്കളാണ് പങ്കെടുക്കുന്നത്. ഹജ്ജ് തീര്‍ഥാടകര്‍ക്ക് സഹായകരമാകുന്ന വിവിധ സംരംഭങ്ങള്‍ കണ്ടെത്തുകയെന്നലക്ഷ്യത്തോടെ തുടങ്ങിയ ഹാക്കത്തോണ്‍ മിഡ്ഡിലെ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയതാണ്.
കംപ്യുട്ടര്‍ പ്രോഗ്രാം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍, വന്‍കിട കമ്പനികള്‍, എന്നിവടയുടെ സഹകരണത്തോടെ നടത്തുന്ന പരിപാടി സഊദി ഫെഡറേഷന് ഫോര്‍ സൈബര്‍ സെക്ക്യൂരിറ്റി പ്രോഗ്രാമിങ് ആന്‍ഡ് ഡ്രോണ്‍സ് ആണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതോടെ ഏറ്റവും വലിയ ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്ന രാജ്യമായി സഊദി മാറി.
വികിപീഡിയ സ്ഥാപകന്‍ ജിമ്മി വെയ്ല്‍സ്, ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വോസ്നിയാക് എന്നിവരുടെ സാന്നിധ്യമാണ് പരിപാടിയിലെ പ്രധാന ആകര്‍ഷണം. ഹജ്ജ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നൂതനവും ഭാവനാത്മകവുമായ പദ്ധതികള്‍ ഇവിടെ അവതരിപ്പിക്കപ്പെടും. ഭക്ഷണം, പാനീയം, ആരോഗ്യം, സാമ്പത്തിക രംഗം, ഗതാഗതം, ആള്‍ക്കൂട്ട നിയന്ത്രണം, ഗതാഗത നിയന്ത്രണം, യാത്ര, താമസം, മാലിന്യ നിര്‍മാര്‍ജനം, വിനിമയ സംവിധാനം തുടങ്ങി ഹജ്ജുമായി ബന്ധപ്പെട്ട സകല മേഖലകളിലും ആശയങ്ങള്‍ രൂപപ്പെടുത്തും.
ഗൂഗിള്‍ ആണ് മാര്ഗനിര്ദേശകത്വം നല്‍കുക. ഇതുപോലൊരു മഹത്തായ വേദിയുടെ ഭാഗമായതില്‍ അഭിമാനമുണ്ടെന്ന് വെയ്ല്‍സ് അഭിപ്രായപ്പെട്ടു. ആശയങ്ങള്‍ പദ്ധതികളാക്കി മാറ്റുന്നതിന് ഹാക്കത്തോണില്‍ മുന്നിലെത്തുന്ന മൂന്നുപേര്‍ക്ക് മൊത്തം 20 ലക്ഷം റിയാല്‍ റിയാല്‍ സമ്മാനതുകയാണ് എസ്.എ.എഫ്.സി.എസ്.പി പ്രഖ്യാപിച്ചിരിക്കുന്നത്.
ആദ്യ സ്ഥാനക്കാരന് 10 ലക്ഷവും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷവും മൂന്നര ലക്ഷവും വീതം. ഇത് കൂടാതെ ഒന്നര ലക്ഷം റിയാലിന്റെ പ്രോത്സാഹന സമ്മാനവും നല്‍കും.ഹജ്ജ് തീര്‍ഥാടകര്‍ക്ക് നല്കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും പരിഷ്കരിക്കുന്നതിലും ഹാക്കത്തോണ്‍ അനുകൂല ഫലം ചെലുത്തുമെന്ന് റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും സഊദി ഫെഡറേഷന് ഫോര്‍ സൈബര്‍ സെക്ക്യൂരിറ്റി പ്രോഗ്രാമിങ് ആന്‍ഡ് ഡ്രോണ്‍സ് ഡയറക്റ്റര്‍ ബോര്‍ഡ് ചെയര്‍മാനുമായ സഊദ് അല്‍ഖഹ്താനി പറഞ്ഞു.
ഹാക്കത്തോണ്‍ പ്രോഗാമില്‍ ഗിന്നസില്‍ കയറിയ സഊദി നേരത്തെ ഇന്ത്യയില്‍ നടത്തിയ റെക്കോര്‍ഡാണ് ഭേതിച്ചത്. 2012 ല്‍ ഇന്ത്യ സംഘടിപ്പിച്ച ഹാക്കത്തോണ്‍ പരിപാടിയില്‍ 2577 വിദഗ്ധരാണ് പങ്കെടുത്തിരുന്നത്. ഹജ്ജ് ഹാക്കത്തോണില്‍ 2950 പേര് പങ്കെടുത്തതിലൂടെ ഇതു തകര്‍ത്തിരിക്കുകയാണ് സഊദി.