• Home
  • News
  • ഖത്തർ : ഫ്ലാറ്റുകളുടെ ലഭ്യത വർധിച്ചു, വാടകനിരക്കിൽ കുറവ്

ഖത്തർ : ഫ്ലാറ്റുകളുടെ ലഭ്യത വർധിച്ചു, വാടകനിരക്കിൽ കുറവ്

ദോഹ :പുതിയ ഫ്ലാറ്റുകളുടെ ലഭ്യത കൂടിയതോടെ ദോഹയിലെ റസിഡൻഷ്യൽ ഫ്ലാറ്റുകളുടെ വാടകനിരക്കിൽ കുറവ്. വാടക കുറഞ്ഞതോടെ പ്രവാസി മലയാളികളുൾപ്പെടെയുള്ളവർ പുതിയ ഫ്ലാറ്റുകളിലേക്കു മാറാനും തുടങ്ങി.

വാടകക്കരാർ പുതുക്കുമ്പോൾ ചുരുങ്ങിയതു 10 ശതമാനമെങ്കിലും അധികം വേണമെന്നാണു സാധാരണഗതിയിൽ ഫ്ലാറ്റുടമകൾ ആവശ്യപ്പെടാറുള്ളത്. എന്നാൽ, ഇപ്പോൾ പല ഫ്ലാറ്റുടമകളും വാടകനിരക്കിൽ 10 – 15% വരെ കുറവു വരുത്താൻ തയാറാവുന്നു.നിർമാണത്തിലിരുന്ന കെട്ടിടങ്ങളുടെ പണി പൂർത്തിയായതോടെ നഗരത്തിൽ ഫ്ലാറ്റുകളുടെ ലഭ്യതയിൽ വലിയ വർധനയുണ്ടായി. പുതിയ ഫ്ലാറ്റുകളിലേക്കു താമസക്കാരെ ആകർഷിക്കാനായി പ്രത്യേക ആനുകൂല്യങ്ങളും ചില ഫ്ലാറ്റുടമകൾ പ്രഖ്യാപിച്ചു. കമ്മിഷൻ ഒഴിവാക്കുക, ഒരു മാസത്തെ വാടക വരെ സൗജന്യമായി നൽകുക തുടങ്ങിയ ആനുകൂല്യങ്ങളാണു നൽകുന്നത്. ഈ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി പഴയ ഫ്ലാറ്റുകളിൽനിന്നു സൗകര്യപ്രദമായ പുതിയ ഫ്ലാറ്റുകളിലേക്കു താമസം മാറുന്നവരുടെ എണ്ണം കൂടിവരുന്നു. നിലവിൽ താമസിക്കുന്ന വാടകക്കാരെ നിലനിർത്താനായി വാടകയിൽ കുറവു വരുത്താനും ഫ്ലാറ്റുടമകൾ തയാറാവുന്നു.

കരാർ പുതുക്കുന്നസമയത്തു 10% വരെ വാടകയിൽ കുറവു വരുത്താൻ ഫ്ലാറ്റുടമ തയാറായെന്നു മത്താർ ഖദീമിലെ താമസക്കാരനായ മലയാളി യുവാവ് പറഞ്ഞു. വേനലവധിക്കാലമായതിനാൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണു പ്രവാസി മലയാളികളിൽ ഭൂരിഭാഗവും വീടു മാറ്റത്തെ കുറിച്ച് ആലോചിക്കുന്നത്. അഞ്ചു വർഷത്തിലേറെയായി ഒരേ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്നവർപോലും സൗകര്യപ്രദമായ പുതിയ ഫ്ലാറ്റ് ലഭിക്കുമോയെന്ന് ഇപ്പോൾ അന്വേഷിക്കുന്നുണ്ട്. ഇത്തരത്തിലുള്ളവർക്കു കൂടുതൽ നല്ല ഓഫറുകൾ നൽകി നിലനിർത്താൻ നിലവിലെ ഫ്ലാറ്റുടമകൾ തയാറാവുന്നുമുണ്ട്.

ഉടമകൾ നേരിട്ടു കൈകാര്യം ചെയ്യുന്ന ഫ്ലാറ്റുകളുടെ വാടകയിലാണു വലിയ തോതിലുള്ള കുറവും, മികച്ച ഓഫറുകളും ലഭിക്കുന്നത്. പ്രോപ്പർട്ടി മാനേജർമാരായ ചില റിയൽ എസ്റ്റേറ്റ് കമ്പനികളും ഓഫറുകളുമായി രംഗത്തുണ്ട്. നിലവിൽ താമസിക്കുന്ന ഫ്ലാറ്റിന്റെ വാടക ഒരുതരത്തിലും ഉയരാത്ത സാഹചര്യമുള്ളതും പലർക്കും ആശ്വാസമാണ്. പുതിയ ഫ്ലാറ്റിലേക്കു മാറുമ്പോഴുണ്ടാവുന്ന മറ്റു ചെലവുകളാണു പലരെയും പിന്നാക്കം വലിക്കുന്നത്. വില്ലകൾ വിഭജിച്ചു താമസിച്ചിരുന്ന രീതിക്കും മാറ്റം വരുന്നുവെന്ന് ഈ രംഗത്തു പ്രവർത്തിക്കുന്നവർ പറയുന്നു. താങ്ങാവുന്ന നിരക്കിൽ പുതിയ ഫ്ലാറ്റ് ലഭ്യമാകുമോയെന്ന കാര്യം ഇവരെല്ലാം പരിശോധിക്കുന്നുണ്ട്.

ദോഹ മെട്രോ ഗതാഗതം സജ്ജമാകുന്നതോടെ ട്രെയിൻ കടന്നുപോകുന്ന വഴികൾ കേന്ദ്രീകരിച്ചാവും ഇനി ദോഹയിൽ താമസമേഖലകൾ വികസിക്കുക. മെട്രോ സ്റ്റേഷനോടു ചേർന്ന സ്ഥലങ്ങളിലേക്കു താമസം മാറ്റാൻ ആളുകൾ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. ദോഹയ്ക്കു പുറത്തുള്ള താമസമേഖലകളിലെ വാടകയിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. നഗരത്തിലേക്കുള്ള യാത്രാസമയം കൂടുമെങ്കിലും വളരെയധികം സൗകര്യമുള്ള അപ്പാർട്ട്മെന്റുകൾ താരതമ്യേന കുറഞ്ഞ വാടകയ്ക്കു ലഭിക്കുമെന്നതാണ് ഇതിന്റെ ആകർഷണം.

Related News

Entertainment