• Home
  • News
  • ഹജ്ജ്: ഏഴുലക്ഷം തീർഥാടകർ പുണ്യഭൂമിയിലെത്തിയതായി റിപ്പോർട്ട്

ഹജ്ജ്: ഏഴുലക്ഷം തീർഥാടകർ പുണ്യഭൂമിയിലെത്തിയതായി റിപ്പോർട്ട്

മക്ക: ഹജ്ജിനായി ഇതുവരെ ഏഴുലക്ഷം തീർഥാടകർ പുണ്യഭൂമിയിലെത്തിയതായി സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് അറിയിച്ചു. വ്യാഴാഴ്ച വരെ ഇന്ത്യയിൽനിന്ന്‌ 80,000 തീർഥാടകരെത്തിയതായി ഇന്ത്യൻ ഹജ്ജ് മിഷനും വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഹജ്ജ് സീസൺ ആരംഭിച്ച് 20 ദിവസം പിന്നിടുമ്പോൾ രാജ്യത്തെത്തിയ തീർഥാടകരെക്കാൾ അഞ്ചുശതമാനം കൂടുതലാണ് ഈ വർഷം എത്തിയത്. 30,608 തീർഥാടകരാണ് കൂടുതലെത്തിയതെന്നും പാസ്പോർട്ട് ഡയറക്ടറേറ്റ് അറിയിച്ചു. 5.93 ലക്ഷം തീർഥാടകർ വ്യോമമാർഗവും 5,093 പേർ റോഡ് മാർഗവും 5,528 പേർ കപ്പൽ മാർഗവുമാണ് സൗദി അറേബ്യയിലെത്തിയത്. 20 ലക്ഷം തീർഥാടകർ ഈ വർഷം ഹജ്ജ് നിർവഹിക്കാൻ വിദേശരാഷ്ട്രങ്ങളിൽനിന്ന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മക്കയിലെത്തിയ 61,032 ഇന്ത്യൻ തീർഥാടകരിൽ ചികിത്സയിൽ കഴിയുന്നവരൊഴികെയുള്ളവർ വെള്ളിയാഴ്ച ജുമുഅ പ്രാർഥനയ്ക്ക് മസ്ജിദുൽ ഹറമിൽ പങ്കെടുത്തു. 19,160 ഇന്ത്യൻ തീർഥാടകർ മദീനയിലാണുള്ളത്. അവർ മസ്ജിദുന്നബവിയിലാണ് ജുമുഅ പ്രാർഥനയിൽ പങ്കെടുത്തത്.

ഇന്ത്യയിലെ ഔറംഗാബാദ്, ചെന്നൈ, ഡൽഹി, ഗയ, ഗോവ, കൊൽക്കത്ത, ലഖ്‌നൗ, ഗുവാഹാട്ടി, മംഗളൂരു , ശ്രീനഗർ തുടങ്ങിയ സ്ഥലങ്ങളിലെ മുഴുവൻ തീർഥാടകരും എത്തിക്കഴിഞ്ഞു. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തീർഥാടകർ എത്തിക്കൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി 16 വിമാനങ്ങളിൽ 4268 തീർഥാടകരാണ് എത്തിയതെന്നും ഇന്ത്യൻ ഹജ്ജ്മിഷൻ അറിയിച്ചു.

Related News