• Home
  • News
  • ഓണം‐ബക്രീദ‌് ;സർക്കാർസംവിധാനങ്ങൾ പൂർണസജ്ജം

ഓണം‐ബക്രീദ‌് ;സർക്കാർസംവിധാനങ്ങൾ പൂർണസജ്ജം


വിപണിയിൽ കൈപൊള്ളാത്ത ഓണം‐ബക്രീദ‌് ആഘോഷമൊരുക്കാൻ സംസ്ഥാന സർക്കാർ. വിലക്കയറ്റം നിറംകെടുത്താത്ത ആഘോഷങ്ങൾ സമ്മാനിക്കാനായി സർക്കാർസംവിധാനങ്ങൾ പൂർണസജ്ജം. സപ്ലൈകോയുടെ മെഗാഫെയർ, കൃഷിവകുപ്പിന്റെ നാടൻ പഴം‐ പച്ചക്കറി ചന്തകൾ, സഹകരണ വകുപ്പിന്റെ സഹകരണ ഓണം‐ബക്രീദ‌് ചന്തകൾ എന്നിവയ‌്ക്കുള്ള മുന്നൊരുക്കം പുരോഗമിക്കുന്നു.

പ്രത്യേക വ്യാപാരമേളകൾ സംഘടിപ്പിച്ചാണ‌് സപ്ലൈകോയുടെ ഓണം‐ബക്രീദ‌് വിപണി ഇടപെടൽ. 14 ജില്ലാകേന്ദ്രത്തിലും 15 ദിവസം മെഗാഫെയറുകൾ നടത്തും. 72 താലൂക്കുകേന്ദ്രത്തിൽ ഒമ്പതുദിവസത്തേക്ക് താലൂക്ക് ഫെയറുകളും 72 നിയോജകമണ്ഡലത്തിൽ അഞ്ച‌ുദിവസത്തേക്ക് മണ്ഡലം ഫെയറുകളും സപ്ലൈകോ വിൽപനശാല ഇല്ലാത്ത 23 പഞ്ചായത്തിൽ പ്രത്യേക മിനിഫെയറുകളുമുണ്ടാകും. മറ്റ‌് ഏജൻസികളുടെ സ‌്റ്റാളും ഫെയറിലുണ്ടാകും.

അഞ്ച‌്, രണ്ട‌്, ഒരു പവൻ ലഭിക്കുന്ന സപ്ലൈകോ ഓണം സമ്മാനമഴ പദ്ധതിയുമുണ്ട‌്.  ദൈനംദിന നറുക്കെടുപ്പുപദ്ധതിയും ഉറപ്പായ സമ്മാനപദ്ധതിയുമുണ്ട‌്. 1000, 2000 രൂപ വിലയുള്ള  ഗിഫ്റ്റ‌് വൗച്ചറുകളുമുണ്ട‌്. 18 ഇനം അവശ്യസാധനങ്ങൾ ഉൾപ്പെടുത്തി സ്പെഷ്യൽ ഓണക്കിറ്റും ഇറക്കും. പൊതുവിപണിയിൽനിന്ന‌് കുറഞ്ഞത് 200 രൂപയുടെ കിഴിവ‌് കിറ്റിലൂടെ ലഭിക്കും.

2000 നാടൻ പഴം‐പച്ചക്കറി വിപണികളാണ‌് കൃഷിവകുപ്പ‌് ഒരുക്കുക. കൃഷിവകുപ്പിന്റെ കീഴിലുള്ള ആഴ്ചച്ചന്തകൾ, ഇക്കോ ഷോപ്പുകൾ, എ ഗ്രേഡ് ക്ലസ്റ്ററുകൾ, ബ്ലോക്കുലെവൽ ഫേഡറേറ്റഡ് ക്ലസ്റ്ററുകൾ എന്നിവ മുഖാന്തരമാണ് നാടൻവിപണി. ഹോർട്ടികോർപ‌്‐450, വിഎഫ്പിസികെ‐200 എന്നിങ്ങനെ വിപണിയൊരുക്കും.

കോർപറേഷൻ, മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ മെഗാ സ്റ്റാളുകൾ തുറക്കും. കർഷകരിൽനിന്ന‌് നേരിട്ട് സംഭരിക്കുന്നതാകും പഴം‐പച്ചക്കറികൾ. പൊതുവിപണി വിൽപ്പനവിലയിൽനിന്ന‌് 30 ശതമാനം കുറഞ്ഞ വിലയ‌്ക്കാണ‌് വിൽപ്പന.   കൺസ്യൂമർ ഫെഡറേഷന്റെ പത്തുദിവസം നീളുന്ന 3500 സഹകരണ വിപണികൾ 14ന‌് തുടങ്ങും. പൊതുവിപണിയിൽ നിലവിലുള്ള വിലയേക്കാൾ  കുറഞ്ഞത് 750 രൂപമുതൽ 900 രൂപവരെ കുറവിൽ തെരഞ്ഞെടുക്കപ്പെട്ട 41 ഇനങ്ങൾ ചന്തകളിൽ ലഭ്യമാക്കും.

സർക്കാർ  സബ്സിഡി നിരക്കിൽ ജയ അരി, കുറുവ അരി, കുത്തരി, പച്ചരി, പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ, കടല, ഉഴുന്ന്, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി തുടങ്ങിയ 13 ഇനങ്ങൾ  ലഭിക്കും. സബ‌്സിഡി ഇനം കൂടാതെ 13 ഇനംകൂടി മാർക്കറ്റ് വിലയേക്കാൾ കുറവിൽ നൽകും. പുറമെ സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന വിഭാഗത്തിലെ 5.95 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റ‌് നൽകും.  സപ്ലൈകോ വഴിയാണ് കിറ്റുവിതരണം. സംസ്ഥാനത്തെ 81 ലക്ഷം കാർഡ് ഉടമകൾക്ക് ഒരുകിലോ പഞ്ചസാര 22 രൂപ നിരക്കിൽ റേഷൻ കടകൾവഴിയും വിതരണം ചെയ്യും.