• Home
  • News
  • ഖത്തർ: പുതിയ നികുതി ചുമത്തിയതായി വ്യാജ വാർത്ത

ഖത്തർ: പുതിയ നികുതി ചുമത്തിയതായി വ്യാജ വാർത്ത

ദോഹ: ഖത്തറിൽ പൗരന്മാർക്ക് മേൽ പുതിയ നികുതി ഏർപെടുത്തിയതായി സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നതായി റിപ്പോർട്ട്. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള വ്യാജ സ്ക്രീൻഷോട്ടാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. രാജ്യത്തെ എല്ലാ പൗരന്മാർക്ക് മേലും ഖത്തർ പുതിയ നികുതി ഏർപെടുത്തിയെന്നാണ് സ്ക്രീൻഷോട്ടിൽ തലക്കെട്ടായി നൽകിയിരിക്കുന്നത്. ഇക്കാര്യം അറിയിച്ചു കൊണ്ട് സർക്കാർ പുതിയ ഉത്തരവിറക്കിയതായും അറിയിപ്പിൽ പറയുന്നു.

എന്നാൽ ഇത് സംബന്ധിച്ച് ഇതുവരെ ഏതെങ്കിലും ഔദ്യോഗിക അറിയിപ്പോ മാധ്യമ വാർത്തകളോ പുറത്തുവന്നിട്ടില്ല. സ്ക്രീൻഷോട്ടിനൊപ്പം നൽകിയിരിക്കുന്ന വെബ്‌സൈറ്റ് ലിങ്കിന് റിയാദിലെ ഒരു അറബി ദിനപത്രത്തിന്റെ പേരുമായി സാമ്യമുണ്ടെങ്കിലും ഈ ലിങ്ക് പ്രവർത്തന ക്ഷമമല്ല.

വ്യാജവാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും സ്ഥിരീകരണമില്ലാത്ത വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നു. ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിന്റെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ട് ചില കേന്ദ്രങ്ങളിൽ നിന്ന് ഇത്തരം അടിസ്ഥാനരഹിതമായ വാർത്തകൾ നിരന്തരം പ്രചരിക്കുന്നുണ്ട്.

Related News