• Home
  • News
  • കുവൈത്ത്: സന്ദർശക വീസയുടെ കാലാവധി ഒരുമാസം മാത്രമായി

കുവൈത്ത്: സന്ദർശക വീസയുടെ കാലാവധി ഒരുമാസം മാത്രമായി

കുവൈത്ത് സിറ്റി: സന്ദർശക വീസയുടെ കാലാവധി ഒരുമാസം മാത്രമായി. കുവൈത്ത് താമസാനുമതി വിഭാഗത്തിന്റെ ഉത്തരവ് പ്രഖ്യാപിച്ചു. ആശ്രിത/ വാണിജ്യ/ വിനോദസഞ്ചാര സന്ദർശക വീസകൾക്കെല്ലാം ഇതു ബാധകമാണെന്ന് ആറു ഗവർണറേറ്റുകളിലെയും താമസാനുമതികാര്യ ഓഫിസുകളിലേക്ക് അയച്ച സർക്കുലറിൽ താമസാനുമതികാര്യ വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ അബ്ദുല്ല അൽ ഹജ്‌രി വ്യക്തമാക്കി.

നിലവിൽ ആശ്രിതവിഭാഗത്തിൽ മാതാപിതാക്കൾ, ഭാര്യാഭർത്താക്കന്മാർ, മക്കൾ എന്നിവർക്കു മൂന്നുമാസ കാലാവധിയുള്ള സന്ദർശക വീസയാണ് അനുവദിക്കാറുള്ളത്. ഒരുമാസത്തേക്കു നൽകുന്ന വീസയുടെ കാലാവധി നീട്ടിക്കൊടുക്കേണ്ടെന്നും നിർദേശിച്ചിട്ടുണ്ട്. അതേസമയം അവധി കഴിഞ്ഞെത്തുന്ന ഗാർഹിക തൊഴിലാളികളെ വിമാനത്താവളത്തിൽ വൈദ്യപരിശോധനയ്ക്കു വിധേയമാക്കണമെന്നു മുഹമ്മദ് അൽ ദലാൽ എം‌പി നിർദേശം സമർപ്പിച്ചു.

ഇഖാമ പുതുക്കുന്നതിന്റെ മുന്നോടിയായി വൈദ്യപരിശോധന എന്നതിനു പകരം രാജ്യത്തിനു പുറത്തുപോയി തിരിച്ചുവരുമ്പോഴും അത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഗാർഹിക തൊഴിലാളികൾ ഇടപഴകേണ്ടതു ഭവനങ്ങളിലാണ്. ഭവനങ്ങൾ സാംക്രമിക രോഗങ്ങളിൽനിന്നു മുക്തമാണെന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്.

അതുകൊണ്ടുതന്നെ രാജ്യത്തിനു പുറത്തുപോയി വരുന്ന ഗാർഹിക തൊഴിലാളികളുടെ ആരോഗ്യക്ഷമത ഉറപ്പുവരുത്തുന്നതു നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ആവശ്യത്തിനായി വിമാനത്താവളത്തിൽ പ്രത്യേകം സംവിധാനം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിശോധനയിൽ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയാൽ ചികിത്സയ്ക്കു സംവിധാനമുണ്ടാക്കണം. അനിവാര്യഘട്ടത്തിൽ അവിടെവച്ചുതന്നെ തിരിച്ചയയ്ക്കാനും നടപടി വേണമെന്നും നിർദേശത്തിലുണ്ട്.

Related News