• Home
  • News
  • കൊതുകിനെ സൂക്ഷിക്കുക; വിദേശയാത്രകർ മുൻകരുതൽ എടുക്കുക

കൊതുകിനെ സൂക്ഷിക്കുക; വിദേശയാത്രകർ മുൻകരുതൽ എടുക്കുക

ദോഹ :സിക വൈറസുള്ള വിവിധ രാജ്യങ്ങളിലേക്ക്‌ പോകാനൊരുങ്ങുന്നവർ ആവശ്യമായ മുൻകരുതലെടുക്കണമെന്ന്‌ ഹമദ്‌ മെഡിക്കൽ കോർപറേഷൻ. ‌സിക, മലേറിയ, മഞ്ഞപ്പനി, ഡെങ്കിപ്പനി, വെസ്‌റ്റ്‌നൈൽ തുടങ്ങിയവ കൊതുകുകടിയിലൂടെ പകരുന്നതാണ്.

മുൻകരുതലെടുത്താൽ തടയാനാവും. അതിനാൽ രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലേക്ക് പോകാനാഗ്രഹിക്കുന്നവർ ട്രാവൽ സ്‌പെഷലിസ്‌റ്റിന്റെ ഉപദേശം തേടണമെന്ന്‌ എച്ച്‌എംസി സാംക്രമിക രോഗപ്രതിരോധ വിഭാഗം (സിഡിസി) മെഡി. ഡയറക്‌ടർ ഡോ. അൽ മസ്‌ലമാനി പറഞ്ഞു. ചില വൈറസ്‌ ബാധകൾക്കെതിരെ പ്രതിരോധകുത്തിവയ്‌പ്‌ ലഭ്യമാണ്‌. എന്നാൽ എല്ലാ പ്രതിരോധ കുത്തിവയ്‌പുകളും എല്ലാവർക്കും ആവശ്യമില്ല.

മുൻകാലരോഗബാധകൾ, പോകുന്ന രാജ്യം, തങ്ങുന്ന സമയം, അവിടെ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ എന്നിവയ്‌ക്കനുസരിച്ച്‌ ആവശ്യമായ പ്രതിരോധകുത്തിവയ്പ് എടുത്താൽ മതിയാവുമെന്ന്‌ ഡോ. മസ്‌ലമാനി പറഞ്ഞു. സികയ്‌ക്കും മലേറിയയ്‌ക്കും പ്രതിരോധ വാക്‌സിൻ ലഭ്യമല്ല.

ഇവയുള്ള രാജ്യങ്ങളിലേക്കു പോകുന്നവർ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അവർ പറഞ്ഞു. കൊതുകുവലയ്‌ക്കുള്ളിൽ ഉറങ്ങുക, കൊതുകുകളെ അകറ്റിനിർത്തുന്ന ക്രീമുകൾ ദേഹത്തു പുരട്ടുക എന്നിവ കൊതുകുകടി ഒഴിവാക്കാൻ ഉത്തമമാണ്. കഴിയുന്നത്ര ദേഹം മൂടുന്ന തരത്തിലുള്ള വസ്‌ത്രങ്ങൾ ഉപയോഗിക്കുന്നതും ഗുണകരമാണ്‌. യാത്രയ്‌ക്കു നാലാഴ്‌ച മുൻപെങ്കിലും എച്ച്‌എംസിയുടെ ട്രാവൽ ക്ലിനിക്കിലെത്തണം. ഖത്തറിൽ വളരെക്കുറച്ച്‌ പ്രവാസികളിൽ മാത്രമാണ്‌.



വിദേശയാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


∙ വിദേശരാജ്യങ്ങളിലേക്കു പോകുന്നവർ ചികിൽസാ ഇൻഷുറൻസ്‌ ഉറപ്പാക്കണം.

∙ പോകുന്ന രാജ്യത്തെ മികച്ച ചികിൽസാ കേന്ദ്രങ്ങളെക്കുറിച്ച്‌ മനസ്സിലാക്കണം.

∙ അടിയന്തരസഹായം വേണ്ടിവന്നാൽ ആ രാജ്യത്തെ സ്‌ഥാനപതികാര്യാലയവുമായി ബന്ധപ്പെടണം
 
∙ നിലവിൽ ചികിൽസയിലുള്ളവരാണ്‌ വിദേശത്തേക്കു പോകുന്നതെങ്കിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്ന്‌ എന്തു രോഗത്തിനാണു ചികിൽസയെന്നും എന്തൊക്കെ മരുന്നുകളാണ്‌ കഴിക്കുന്നതെന്നതും സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ്‌ കൈയിൽ കരുതണം

∙ ഭക്ഷണത്തിലും ഹസ്‌തശുചിത്വത്തിലും പ്രത്യേകം ശ്രദ്ധവേണം. അല്ലെങ്കിൽ ഉദരസംബന്ധമായ പ്രശ്‌നങ്ങളും ഭക്ഷ്യവിഷബാധമൂലമുള്ള പ്രശ്‌നങ്ങളും ഉണ്ടാകാം.

∙ ആവർത്തിച്ചു ചൂടാക്കിയ മീൻ, ഇറച്ചി വിഭവങ്ങൾ കഴിക്കരുത്‌.

∙ ചൂടുകൂടിയ രാജ്യങ്ങളിൽ ദിവസവും എട്ടു ഗ്ലാസ്‌ വെള്ളം കുടിക്കണമെന്നും അവർ നിർദേശിച്ചു.