• Home
  • News
  • കുവൈറ്റിലും,ഖത്തറിലും പൊടിക്കാറ്റ് രൂക്ഷമായി

കുവൈറ്റിലും,ഖത്തറിലും പൊടിക്കാറ്റ് രൂക്ഷമായി

കുവൈറ്റ്: കുവൈത്തിൽ ഇന്നലെ വൈകീട്ടോടു കൂടി പൊടിക്കാറ്റ് രൂക്ഷമായി. മണിക്കൂറിൽ എഴുപതു കിലോമീറ്റർ വേഗതയിലാണ് പൊടിക്കാറ്റ് വീശുന്നതെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വിഭാഗം വക്താവ് അബ്ദുൽ അസീസ് അൽ കറവി അറിയിച്ചു.

കാലാവസ്ഥയിലെ പെട്ടന്നുള്ള മാറ്റവുമായി ബന്ധപ്പെട്ട് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രത്യേക നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിലെ മൺസൂൺ സീസൺ ആരംഭിച്ചതുമായി ബന്ധപ്പെട്ടാണ് കുവൈത്തിലെ കാലാവസ്ഥയിൽ അപ്രതീക്ഷിത മാറ്റമുണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. അതെസമയം കാലാവസ്ഥാ വ്യതിയാനം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നു കുവൈത്ത് വാർത്താ ഏജൻസി (കുന) റിപ്പോർട്ട് ചെയ്തു.

ഇതിനിടെ,ഖത്തറിലും ഇന്ന് രാവിലെ മുതൽ ശക്തമായ പൊടിക്കാറ്റ് വീശുന്നുണ്ട്. ഞായറാഴ്ച രാവിലെ മുതൽ വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുമെന്നും കാഴ്ചാ പരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിരുന്നു. കടലിൽ പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Related News