• Home
  • News
  • സംസ്ഥാനത്ത് ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും കനത്തനാശം

സംസ്ഥാനത്ത് ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും കനത്തനാശം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും  16 പേർ മരിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഉരുൾപൊട്ടലുണ്ടായി.  ഇടുക്കിയില്‍ മാത്രം10 പേരാണ് മരിച്ചത്. മണ്ണിടിഞ്ഞ് വീണാണ് 8 പേരും മരിച്ചത്. മലപ്പുറത്ത് 5 പേരും മരിച്ചു. പാലക്കാട് ജില്ലയുടെ പലഭാഗങ്ങളിലും കനത്ത വെള്ളപ്പൊക്കം അനുഭവപ്പെടുന്നുണ്ട്.ഇടമലയാർ ഡാം തുറന്നു. ഇടുക്കിഡാമിലും ജലനിരപ്പ്‌ ഉയരുകയാണ്‌.

ഇടുക്കി. കഞ്ഞിക്കുഴി. നിലമ്പൂർ, വൈത്തിരി , പെരിയാർ വാലി, അടിമാലി, കോഴിക്കോട്‌ മട്ടിക്കുന്ന്‌ എന്നിവിടങ്ങളിലെല്ലാം ഉരുൾപൊട്ടിയിട്ടുണ്ട്‌.

നിലമ്പൂരിന്‌ സമീപം ചെട്ടിയംപാറയിൽ ഉരുൾപൊട്ടലിൽ അഞ്ചുപേർ മരിച്ചു . ചെട്ടിയം പാറ കോളനി സ്വദേശി പമ്പാടൻ കുഞ്ഞി, മരുമകൾ ഗീത, മക്കളായ നവനീത്‌, നിവേദ്‌ , ബന്ധു മിഥുൻ എന്നിവരാണ്‌ മരിച്ചത്‌. ഗീതയുടെ ഭർത്താവ്‌ കുട്ടനുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്‌

കോഴിക്കോട്‌ മട്ടിക്കുന്ന്‌ കണ്ണപ്പൻക്കുണ്ടിൽ ഉരുൾപൊട്ടലിനെ തുടർന്ന്‌ പുഴ വഴിമാറി ഒഴുകി. ഈ പ്രദേശം ഒറ്റപ്പെട്ടു. ഇവിടെ പുഴയിൽപ്പെട്ട്‌ ഒരാളെ കാണാതായി. മട്ടിക്കുന്ന് സ്വദേശി റിജിത്തിനെയാണ് കാണാതായത്. വട്ടിക്കുന്ന് പ്രദേശത്തുള്ള ഉരുള്‍ പൊട്ടിയ സ്ഥലത്തേക്ക് കാറുമായി എത്തിയയായിരുന്നു റിജിത്തും രണ്ടുസുഹൃത്തുക്കളും. ഇവരുടെ കാർ ഒഴുക്കിൽപെട്ടു. രണ്ടുപേർ രക്ഷപ്പെട്ടെങ്കിലും കാറും റിജിത്തും പുഴയിലേക്ക് ഒഴുകി പോവുകയായിരുന്നു.

കനത്ത മഴയിൽ ചുരത്തിൽ മണ്ണടിഞ്ഞ്‌ വീണ്‌ ഗതാഗതം തടസ്സപ്പെട്ടതോടെ വയനാട് ഒറ്റപ്പെട്ടു. വൈത്തിരിയിൽ ഉരുൾപൊട്ടി ഒരാൾ മണ്ണിനടിയിൽപ്പെട്ടു മരിച്ചു. രണ്ട് വീടുകൾ പൂർണമായും ഏഴ് വീടുകള്‍ ഭാഗികമായും തകർന്നു. വൈത്തിരി പൊലീസ് സ്റ്റേഷന്റെ മെസ് ഹൗസും തകർന്നു. പാൽ ചുരത്തിലൂടെയുള്ള ഗതാഗതം പൂർണമായും കുറ്റ്യാടി ചുരത്തിലൂടെ ഭാഗികമായും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. വയനാട്ടില്‍ നിന്ന് താഴേക്ക് വരാനുള്ള മൂന്ന് ചുരങ്ങളിലും മണ്ണിടിഞ്ഞ് വീണ് ഗതാഗതം മുടങ്ങി.

കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു.തിരുവമ്പാടി ആനക്കാംപൊയിലിനടുത്തമറിപ്പുഴയിൽ ഉരുൾപൊട്ടി. മലവെള്ളപാച്ചിലിൽ പാലം തകർന്നതിനാൽ 20 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. പുല്ലൂരാംപാറഇലന്തുകടവിൽവെള്ളംകയറിയതിനാൽതുരുത്തിലെകുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.തിരുവമ്പാടി, ആനക്കാംപൊയിൽ, പുല്ലു രാംപാറ മേഖലകൾ ഒറ്റപ്പെട്ടു. പുഴകൾ കരകവിഞ്ഞൊഴുകുന്നതിനാൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.

മലമുകളില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. ഫയര്‍ ഫോഴ്സും പൊലീസും ശക്തമായ തിരച്ചില്‍ നടത്തുന്നുണ്ട്. ദേശീയ ദുരന്തപ്രതികരണസേനയുടെ ഒരു സംഘം കോഴിക്കോട്ടേക്ക് പുറപ്പെട്ടു.

മലപ്പുറത്തും ഉരുൾപൊട്ടലുണ്ടായി. നിലമ്പൂരിന് സമീപം ചെട്ടിയം പാറയിലാണ് ആണ് ഉരുൾപൊട്ടിയത്. ജില്ലയിൽ വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. അരീക്കോടിന് സമീപം മൂർക്കനാട് പാലത്തിന്‍റെ പകുതി ഒലിച്ചുപോയി. വയനാട്ടില്‍ 34 ദുരിതാശ്വാസ ക്യാംപുകളിലായി 3000 തോളം പേര്‍ കഴിയുന്നുണ്ട്. മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള അതീവ ജാഗ്രതാ നിര്‍ദേശമാണ് അധികൃതര്‍ നല്‍കുന്നത്.

Entertainment