• Home
  • News
  • പൊതുമാപ്പിന് ശേഷവും രാജ്യത്ത് തുടരുന്ന നിയമ ലംഘകർക്ക് കനത്ത നിയമനടപടികളും നേരിടേ

പൊതുമാപ്പിന് ശേഷവും രാജ്യത്ത് തുടരുന്ന നിയമ ലംഘകർക്ക് കനത്ത നിയമനടപടികളും നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

ദുബായ്:പൊതുമാപ്പിന് ശേഷവും നിയമലംഘകർ രാജ്യത്ത് തുടർന്നാൽ കനത്ത ശിക്ഷയെന്ന് മുന്നറിയിപ്പ്.പൊതുമാപ്പിന് ശേഷവും താമസരേഖകള്‍ ശരിയാക്കാതെ രാജ്യത്ത് തുടരുന്ന നിയമ ലംഘകർക്ക് കനത്ത പിഴയും നിയമനടപടികളും നേരിടേണ്ടിവരുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. രാജ്യത്തേയ്ക്ക് അനധികൃതമായി എത്തിയവര്‍ക്ക് പൊതുമാപ്പിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കില്ലെന്നും രണ്ടു വര്‍ഷത്തേയ്ക്ക് രാജ്യത്തേക്ക് പ്രവേശന നിരോധനം ഉണ്ടാകുമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് താമസകാര്യ വിഭാഗം തലവൻ ബ്രി. സഈദ് റക്കൻ അൽ റഷീദ് പറഞ്ഞു. അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രി. സഈദ് റക്കൻ അൽ റഷീദിനെ അവീർ കേന്ദ്രത്തിന്റെ മുഖ്യചുമതലയുള്ള ബ്രി. ജനറൽ ഖലഫ് അൽ ഗൈത്ത്‌ സ്വീകരിച്ചു. പൊതുമാപ്പ് അപേക്ഷയുമായി എത്തുന്നവർക്ക് നൽകുന്ന സേവന- സൗകര്യങ്ങൾ അദ്ദേഹം പരിശോധിച്ചു. കേന്ദ്രത്തിൽ ജോലി ചെയ്യുന്ന എമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങളും നൽകി. മറ്റു ഉന്നത മേധാവികൾ അദ്ദേഹത്തെ അനുഗമിച്ചു. യുഎഇയിലുള്ള ഏറ്റവും വലിയ സേവന കേന്ദ്രമായ ഇവിടെ പുരുഷൻമാർക്കും സ്ത്രീകൾക്കും വെവ്വേറെ ശീതീകരിച്ച ടെന്റുകളിലാണ് പൊതുമാപ്പ് സേവന നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയാണ് പ്രവർത്തന സമയം.

അപേക്ഷകരുടെ ഒഴുക്ക് വർധിച്ചു

പൊതുമാപ്പ് അപേക്ഷകളുമായി നിത്യേന നൂറുകണക്കിന് ആളുകളാണ്‌ കേന്ദ്രത്തിൽ എത്തുന്നത്. പലരും ആർടിഎ ഏർപ്പെടുത്തിയ ബസ് സേവനം  ഉപയോഗപ്പെടുത്തുന്നു. പൊതുമാപ്പ് കേന്ദ്രത്തിന്റെ സമീപമുള്ള ദുബായ് ടാക്സി സ്റ്റാന്റിൽ നിന്നുള്ള വാഹന സൗകര്യവും ആളുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. അനധികൃതമായി രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കായി യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഈ മാസം ഒന്ന് മുതലാണ് ആരംഭിച്ചത്. ശിക്ഷാനടപടികളില്ലാതെയും ചെറിയ ഫീസ് നല്‍കിയും രേഖകള്‍ ശരിയാക്കി നാട്ടിലേയ്ക്ക് പോകാനോ യുഎഇയില്‍ത്തന്നെ തുടരാനോ അനുവദിക്കുന്നതാണ് പൊതുമാപ്പ്. ഒക്ടോബര്‍ 31ന് സമാപിക്കും.

Related News