• Home
  • News
  • ഇടുക്കിയിൽ കൂടുതൽ ഷട്ടറുകൾ തുറന്നു

ഇടുക്കിയിൽ കൂടുതൽ ഷട്ടറുകൾ തുറന്നു

ചെറുതോണി: ഇടുക്കി ചെറുതോണി ഡാമിൽ രണ്ട്‌ ഷട്ടറുകൾ കൂടി തുറന്നു. ഇതോടെ ഇന്നലത്തേതിനേക്കാള്‍ ഇരട്ടിവെള്ളമാണ്‌ പുറത്തേക്കൊഴുകുന്നത്‌. രാവിലെ ഏഴിന്‌ രണ്ടും നാലും ഷട്ടറുകളാണ്‌  തുറന്നത്‌.  ഇന്നലെ 12.30ഓടെ തുറന്ന മുന്നാമത്തെ ഷട്ടർ അടച്ചിരുന്നില്ല. ഷട്ടർ തുറന്നിട്ടും ഡാമിലേക്കുള്ള ജലനിരപ്പ്‌ ഉയരുകയാണ്‌. വെള്ളിയാഴ്‌ച രാവിലെ ജലനിരപ്പ്‌ 2401 അടിയിലെത്തി. പരമാവധി സംഭരണശേഷി 2403 അടിയാണ്‌. മൂന്ന്‌ ഷട്ടറുകൾ തുറന്നതോടെ പെരിയാറിലെ ജലനിരപ്പ്‌ വീണ്ടുമുയരും.ഇന്നലെ 12.30ന് ഷട്ടര്‍ ഉയര്‍ത്തുമ്പോള്‍ 2399.04 അടിയായിരുന്നു ജലനിരപ്പ്.

മൂന്ന്‌ ഷട്ടറുകളിലുടെ സെക്കൻഡിൽ ഒന്നേര ലക്ഷം ലീറ്റർ (150 ക്യുമെക്സ്) വെള്ളമാണ് പുറത്തേക്ക് വിടുന്നത്.40 സെൻറീമീറ്റർ വീതമാണ്‌ ഷട്ടറുകൾ തുറന്നിട്ടുള്ളത്‌.  പ്രദേശത്ത്‌ കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുകയാണ്. ഇടുക്കി കഴിഞ്ഞ 24 മണിക്കൂറിനിടെ ലഭിച്ചത് 12.9 സെന്റീമീറ്റർ മഴയാണ്‌. നേരത്തെ റെഡ് അലര്‍ട്ട് വന്ന് നാല് മണിക്കൂറിന് ശേഷമേ ഷട്ടര്‍ തുറക്കൂവെന്ന് പറഞ്ഞിരുന്നെങ്കിലും രാവിലെ തന്നെ രണ്ട് ഷട്ടറുകള്‍ തുറക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

അതീവ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. . റവന്യു മന്ത്രിയുടെ നേതൃത്വത്തിൽ ആലുവയിൽ  അവലോകന യോഗം രാവിലെ 9 ന്‌ ചേരും.

ട്രയല്‍ റണ്ണിന്റെ ഭാഗമായി തുറന്ന ചെറുതോണി ഡാമിന്റെ  ഷട്ടർ അടച്ചിരുന്നില്ല.നാലുമണിക്കൂറിന്‌ ശേഷം അടയ്‌ക്കുമെന്ന്‌ പറഞ്ഞിരുന്നുവെങ്കിലും ജലനിരപ്പ്‌ ഉയർന്നതിനാൽ ഷട്ടർ അടക്കേണ്ടതില്ലെന്ന്‌ തീരുമാനിക്കുകയായിരുന്നു. 

 മൂലമറ്റത്ത് വൈദ്യുതി ഉദ്പാദിപ്പിക്കാന്‍ ആവശ്യമായതിനേക്കാള്‍ ഏതാണ് അഞ്ചിരട്ടി വെള്ളമാണ് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കൂടതൽ ഷട്ടറുകൾ തുറന്നത്‌.

26 വര്‍ഷത്തിന് ശേഷമാണ് ഇടുക്കി അണക്കെട്ട് തുറന്നത്. ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ ആണ് ഉയര്‍ത്തിയത്. അഞ്ച് ഷട്ടറുകളില്‍ മധ്യഭാഗത്തെ ഷട്ടറാണ് ഇന്നലെ തുറന്നത്. 

Related News