• Home
  • News
  • യുഎഇ: അബുദാബി ബാങ്കിൽനിന്ന് 60 ലക്ഷം ദിർഹം മോഷ്ടിച്ച സംഘം പിടിയിലായി

യുഎഇ: അബുദാബി ബാങ്കിൽനിന്ന് 60 ലക്ഷം ദിർഹം മോഷ്ടിച്ച സംഘം പിടിയിലായി

അബുദാബി: അബുദാബി ബാങ്കിൽനിന്ന് 60 ലക്ഷം ദിർഹം മോഷ്ടിച്ച പത്തംഗസംഘം പിടിയിലായി. ഇതേ ബാങ്കിലെ ജീവനക്കാരന്റെ സഹായത്താൽ ഇലക്‌ട്രോണിക് സാങ്കേതികവിദ്യയിലൂടെയാണ് പണം മോഷ്ടിച്ചത്.

‘ഇ-ട്രേഡർ’ എന്ന സംവിധാനം ഉപയോഗിച്ചാണ് പാകിസ്താൻ സ്വദേശികളായ ഇവർ കൊള്ള നടത്തിയതെന്ന് അബുദാബി ക്രിമിനൽ കോടതിയിൽ നടന്ന വിചാരണയിൽ വ്യക്തമാക്കി. ഒരു ജീവനക്കാരന്റെ ഒത്താശയോടെ വൻ തുക അപഹരിക്കപ്പെട്ടതായി ബാങ്ക് പോലീസിന് നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം നടന്നത്.

ബാങ്ക് ജീവനക്കാരനിൽനിന്ന്‌ ലഭിച്ച ഇലക്‌ട്രോണിക് കോഡുകളുടെ അടിസ്ഥാനത്തിൽ ഇലക്‌ട്രോണിക് പേയ്‌മെന്റ് സംവിധാനം പ്രോഗ്രാം ചെയ്താണ് പ്രതികൾ പണം അപഹരിച്ചത്. ഉപഭോക്താക്കളുടെ പണം പല വാണിജ്യാവശ്യങ്ങൾക്ക് വിനിയോഗിച്ചതായി ബാങ്ക് അക്കൗണ്ടിൽ കാണിക്കുകയും ഈ തുക മുഴുവൻ ഒരു ഏഷ്യൻ രാജ്യത്തിലെ അക്കൗണ്ടിലേക്ക് മാറ്റുകയുമായിരുന്നു.

ഐ.ടി. സാങ്കേതികവിദ്യയുടെ ദുരുപയോഗവും നിയമവിരുദ്ധമായ പണാപഹരണവും വഞ്ചനയുമാണ് ഇവരുടെമേൽ കോടതി ചുമത്തിയ കുറ്റം. എന്നാൽ സംഘം കോടതിയിൽ കുറ്റം നിഷേധിച്ചു. വിചാരണ സെപ്റ്റംബർ വരെ അവധിക്കു വെച്ചു.

Related News