• Home
  • News
  • യു.എ.ഇ.യിൽ സ്വർണവിലയിൽ കുറവ്

യു.എ.ഇ.യിൽ സ്വർണവിലയിൽ കുറവ്

ദുബായ്: യു.എ.ഇ.യിൽ സ്വർണവിലയിൽ വീണ്ടും കുറവ്.22 കാരറ്റ് സ്വർണം ഗ്രാമിന് 136.75 ദിർഹമാണ് (ഏകദേശം 2603.58 രൂപ) തിങ്കളാഴ്ചത്തെ നിരക്ക്. 24 കാരറ്റ് സ്വർണം ഗ്രാമിന് 145.50 ദിർഹമാണ് (ഏകദേശം 2770.17രൂപ). 17 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയാണിത്. ആഗോള തലത്തിൽ സ്വർണവിലയിൽ ഉണ്ടായ ഇടിവാണ് യു.എ.ഇ.യിലും പ്രതിഫലിച്ചത്. തുർക്കിപ്രതിസന്ധിയാണ് സ്വർണവിലയിലെ ഇടിവിന് കാരണം. അമേരിക്കൻ ഡോളർ ശക്തിപ്പെട്ടതോടെ ആളുകൾ നിക്ഷേപം ഡോളറിലേക്ക് മാറ്റി. പുതിയ യു.എസ്. സാമ്പത്തികനയമാകട്ടെ സ്വർണനിക്ഷേപത്തിന് അനുകൂലവുമല്ല. ഇതും സ്വർണവില ഇടിയാൻ കാരണമായി .

വില ഇടിഞ്ഞിട്ടുണ്ടെങ്കിലും സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായിട്ടില്ല. രൂപയുടെ മൂല്യം ഇടിഞ്ഞതിനാൽ പണം ചെലവഴിക്കുന്നത് പരമാവധി കുറയ്ക്കുകയാണ് പ്രവാസികൾ. മികച്ച വിനിമയ നിരക്കിൽ പരമാവധി പണം നാട്ടിലേക്ക് അയയ്ക്കാനാണ് പ്രവാസികളുടെ ശ്രമം.

അടുത്തമാസത്തോടെ സ്വർണവില കൂടും എന്നാണ് ഈ മേഖലയിലെ വിദഗ്ധർ പ്രവചിക്കുന്നത്. ദീപാവലിപോലുള്ള ആഘോഷങ്ങൾ വരുന്നതോടെ സ്വർണം വാങ്ങുന്നവരുടെ എണ്ണംകൂടുമെന്ന് സ്വർണവ്യാപാരികൾ കണക്കുകൂട്ടുന്നു. അത് മുൻകൂട്ടിക്കണ്ട് വരുംദിവസങ്ങളിൽ സ്വർണത്തിന് ആവശ്യക്കാരുടെ തിരക്ക് വരുമെന്ന് അവർ പ്രതീക്ഷിക്കുന്നു