• Home
  • News
  • കാലവര്‍ഷക്കെടുതി: ഓണാഘോഷ പരിപാടികൾ റദ്ദാക്കി

കാലവര്‍ഷക്കെടുതി: ഓണാഘോഷ പരിപാടികൾ റദ്ദാക്കി

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി കണക്കിലെടുത്ത് 193 വില്ലേജുകള്‍ക്കു പുറമെ 251 വില്ലേജുകള്‍കൂടി പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീടുകളില്‍നിന്ന് മാറിത്താമസിക്കേണ്ടിവന്ന ഓരോ കുടുംബത്തിനും ആശ്വാസ ധനസഹായമായി 10000 രൂപ നല്‍കും. പൂര്‍ണമായും തകര്‍ന്ന വീടുകള്‍ക്ക് നാല് ലക്ഷം നല്‍കും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 3മുതല്‍ 5 സെന്റ് വരെ സ്ഥലം വാങ്ങുന്നതിനായി പരമാവധി അഞ്ച് ലക്ഷം രൂപവരെ നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഓണാഘോഷ പരിപാടികള്‍ വേണ്ടെന്നു വെക്കാന്‍ തീരുമാനിച്ചു. ഓണാഘോഷത്തിനായി വിവിധ വകുപ്പുകള്‍ക്ക് നല്‍കിയ തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. വ്യക്തികളും സ്ഥാപനങ്ങളും ഓണാഘോഷത്തിനു നീക്കിവെക്കുന്ന തുക സംഭാവനയായി നല്‍കണം. നെഹ്‌റു ട്രോഫി വള്ളംകളി സംബന്ധിച്ച് പിന്നീട് തീരുമാനിക്കും.

സര്‍ക്കാര്‍, സ്വകാര്യ കമ്പനി ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. സംഭാവനകള്‍ കൈമാറി നല്‍കുന്നതിന് പൊതു സഹകരണ സ്ഥാപനങ്ങള്‍ ഈടാക്കുന്ന കമ്മീഷന്‍ ഒഴിവാക്കാനും ആവശ്യപ്പെടട്ടിണ്ട്. ദുരിതബാധിതര്‍ക്ക് ദുരിതാശ്വാസമായി നല്‍കുന്ന തുക ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് വേണമെന്ന നിബന്ധന പൂര്‍ണമായും ഒഴിവാക്കാന്‍ ബാങ്കുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

നഷ്ടപ്പെട്ട രേഖകള്‍ നല്‍കുന്നതിന് ഒരു തരത്തിലുള്ള കാലതാമസവും ഉണ്ടാകരുത്. ഫീസ് ഈടാക്കരുത്. അതിനായി അദാലത്തുകള്‍ നടത്തും. ഫീസ് കൂടാതെ പുതിയ രേഖകള്‍ അനുവദിക്കുന്നതിന് സെപ്തംബര്‍ 30 വരെ സമയം അനുവദിക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരെയും സെക്രട്ടറി തല ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തും. അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ സൗജന്യമായി സ്വീകരിക്കണം. അക്ഷയ കേന്ദ്രങ്ങൾക്കുള്ള ഫീസ് സര്‍ക്കാർ നല്‍കും. 

പ്രളയബാധിത പ്രദേശങ്ങളില്‍ വായ്പകള്‍ക്ക് മൊറൊട്ടോറിയം ബാധകമാക്കും. യുപിഐ അധിഷ്ഠിതമായും സര്‍ക്കാര്‍ വെബ്‌സൈറ്റും വഴി സംഭാവനകള്‍ നല്‍കാം. റസീപ്റ്റും ആദായനികുതി ഇളവിനുള്ള സര്‍ട്ടിഫിക്കറ്റും നല്‍കും. മാധ്യമങ്ങള്‍ സഹായം ലഭ്യമാക്കുന്നതിനുള്ള അറിയിപ്പുകള്‍ നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കളക്ടര്‍മാരുമായി ബന്ധപ്പെട്ട് സാധനങ്ങള്‍ നല്‍കുന്നതാണ് നല്ലത്. അതിന് ജില്ലാ തലത്തില്‍ സംവിധാനമുണ്ട്. 

കേന്ദ്രം അനുകൂല നിലപാടാണ് സ്വീകരിച്ചത്. ആഭ്യന്തരമന്ത്രി നേരിട്ടെത്തി കാര്യങ്ങള്‍ മനസ്സിലാക്കി. 100 കോടി നല്‍കിയത് നല്ല നടപടിയാണ്. അഭിനന്ദനാര്‍ഹമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഒരു സാഹചര്യത്തില്‍ ഒന്നിച്ചനില്‍ക്കാന്‍ കഴിയും എന്ന സന്ദേശം നല്‍കാന്‍ കഴിയുന്നത് ദുരിത ബാധിതര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കും. വീണ്ടും കേന്ദ്രസംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടത്തിന്റെ തീവ്രതയ്ക്കനുസരിച്ച് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കിയവര്‍ക്ക് നന്ദി അറിയിച്ചു.