• Home
  • News
  • തോരാമഴയും വെള്ളപ്പൊക്കവും കനത്ത ദുരിതം വിതച്ച പത്തനംതിട്ടയിലേക്ക് സഹായഹസ്തവുമായി

തോരാമഴയും വെള്ളപ്പൊക്കവും കനത്ത ദുരിതം വിതച്ച പത്തനംതിട്ടയിലേക്ക് സഹായഹസ്തവുമായി സൈന്യമെത്തി

പത്തനംതിട്ട: തോരാമഴയും വെള്ളപ്പൊക്കവും കനത്ത ദുരിതം വിതച്ച പത്തനംതിട്ടയിലേക്ക് സഹായഹസ്തവുമായി സൈന്യമെത്തി. ജില്ലയിലെ വിവിധ മേഖലകളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള നീക്കം സൈന്യം ആരംഭിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെപ്പേർ ഒറ്റപ്പെട്ടു കിടക്കുന്ന സാഹചര്യത്തിലാണ് സൈന്യം രംഗത്തിറങ്ങിയത്.

രാത്രി വൈകി രക്ഷാപ്രവർത്തനത്തിന് അയച്ച നാല് ബോട്ടുകൾ തിരികെയെത്തി. ഈ നാല് ബോട്ടുകളിലായി അൻപതോളം പേരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. കൂടുതൽ ബോട്ടുകൾ എത്തുന്നുണ്ടെന്നും നിലവിൽ പത്തോളം ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് പോയിട്ടുണ്ടെന്നും ആറന്മുള എംഎൽഎ വീണ ജോർജ് പറഞ്ഞു. പ്രളയക്കെടുതിയില്‍ കുടുങ്ങിയിട്ടുള്ളവരെ രക്ഷപ്പെടുത്തുന്നതിന് കൂടുതൽ ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള വന്‍ സന്നാഹം എത്തുമെന്ന് ജില്ലാ കലക്ടര്‍ പി.ബി. നൂഹും അറിയിച്ചിട്ടുണ്ട്. നിലവിൽ 28 ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുള്ളത്. 23 ബോട്ടുകൾകൂടി രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമാകും.

തോമസ് ചാണ്ടി എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള രണ്ട് ബോട്ടുകള്‍, പൊലീസിന്‍റെ ആറ് ബോട്ടുകള്‍, തീരസംരക്ഷണ സേനയുടെ രണ്ടു ബോട്ടുകള്‍, നാവികസേനയുടെ രണ്ടു ബോട്ടുകള്‍, കൊല്ലത്തു നിന്നു രണ്ടു ബോട്ടുകള്‍, ദേശീയ ദുരന്തനിവാരണ സേനയുടെ ആറ് ബോട്ടുകള്‍, അഗ്നിശമന സേനയുടെ ഒരു ബോട്ട്, എറണാകുളത്തു നിന്നു രണ്ടു ബോട്ട് എന്നിവയാണ് രക്ഷാപ്രവർത്തനത്തിൽ സഹായിക്കുക. ഇതിനു പുറമേ ആര്‍മിയുടെ 69 സൈനികര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു വരുന്നു. നൂറനാട് ഐടിബിപിയില്‍നിന്നും 37 സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ആസ്ഥാനത്തുനിന്നും റാന്നിയിലെത്തി. രണ്ട് ഹെലികോപ്ടറുകളാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത്.

റാന്നി, തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലും ചെങ്ങന്നൂർ താലൂക്കിന്‍റെ വിവിധ ഭാഗങ്ങളിലും പ്രായമായവരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 500ലേറെപ്പേർ വീടുകളിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. ഇവരെ രക്ഷപ്പെടുത്തിയതിനു ശേഷം സൈന്യത്തെയും മറ്റ് സംവിധാനങ്ങളെയും ജില്ലയിലെ മറ്റിടങ്ങളിലേക്ക് വിന്യസിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം.

Related News

Entertainment