• Home
  • News
  • കടലുണ്ടി സ്വദേശി ലിഫ്റ്റിൽനിന്ന് വീണു മരിച്ചത് ഹോട്ടലിന്റെയും ലിഫ്റ്റ് കമ്പനിയുട

കടലുണ്ടി സ്വദേശി ലിഫ്റ്റിൽനിന്ന് വീണു മരിച്ചത് ഹോട്ടലിന്റെയും ലിഫ്റ്റ് കമ്പനിയുടെയും പിഴവുമൂലമെന്ന് സൂചന

മക്ക: ഹജ്ജ് കർമത്തിനെത്തിയ കോഴിക്കോട് കടലുണ്ടി സ്വദേശി ബഷീർ ഹോട്ടലിലെ ലിഫ്റ്റിൽനിന്ന് വീണു മരിച്ചത് ഹോട്ടലിന്റെയും ലിഫ്റ്റ് കമ്പനിയുടെയും പിഴവുമൂലമെന്ന് സൂചന. അറ്റകുറ്റപ്പണി നടക്കുമ്പോൾ ലിഫ്റ്റിൽ കയറരുതെന്ന് സൂചനനൽകാതെ അലംഭാവം കാണിച്ചതാണ് മരണത്തിനിടയായതെന്ന് വൃക്തമാക്കുന്ന തെളിവുകൾ അധികൃതർക്ക് ലഭിച്ചു. ഹാജി ലിഫ്റ്റിൽ കയറുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതാണ് ലിഫ്റ്റ് അറ്റകുറ്റപ്പണി നടത്തുന്ന കമ്പനിയുടെ പാളിച്ചയിലേക്ക് വിരൽ ചൂണ്ടുന്നത്.

ഭാര്യാസമേതം സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയാണ് ബഷീർ ഹജ്ജിനെത്തിയത്. അസീസിയ കാറ്റഗറിയിൽ 300-ാം നമ്പർ കെട്ടിടത്തിലായിരുന്നു ഇന്ത്യൻ ഹജ്ജ് മിഷൻ താമസമൊരുക്കിയത്. കെട്ടിടത്തിൽ ബഷീറിന്റെ ബന്ധുക്കളായ മറ്റ് ഹാജിമാരും ഉണ്ടായിരുന്നു. മലയാളികളാണ് ഈ കെട്ടിടത്തിലെ ഭൂരിഭാഗം ജോലിക്കാരും.

ഭക്ഷണംകഴിക്കാൻ താഴത്തെ നിലയിൽനിന്ന് കൂടെയുള്ളവർ വിളിച്ചപ്പോൾ ലിഫ്റ്റ് വഴി ഇറങ്ങിയ ബഷീറിനെ കാണാതായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേടായ ലിഫ്റ്റിന്റെ കുഴിയിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. അറ്റകുറ്റപ്പണി നടക്കുമ്പോൾ ലിഫ്റ്റ് ഓഫ് ചെയ്തിടുകയും മുന്നറിയിപ്പ് ബോഡ് സ്ഥാപിക്കുകയും ചെയ്യണം. ഹാജിയെ കാണാതായപ്പോൾ സി.സി.ടിവി. ദൃശ്യങ്ങൾ പരിശോധിക്കാൻ ബന്ധുക്കൾ ഹോട്ടൽ അധികൃതരോട് ആവശ്യപ്പെട്ടിട്ടും ആദ്യം വിസമ്മതിച്ചു.

നിർബന്ധത്തിന് വഴങ്ങി ഒരു മണിക്കൂറിന് ശേഷമാണ് ദൃശ്യങ്ങൾ പരിശോധിച്ചത്. ബഷീർ ലിഫ്റ്റിനു മുന്നിൽ നിൽക്കുന്നതും ലിഫ്റ്റിന്റെ വാതിൽ തുറന്ന് അകത്തേക്ക് പോകുന്നതും വാതിൽ അടയുന്നതും വീഡിയോയിൽ കാണാം. ലിഫ്റ്റിൽ കയറിയ ഉടൻ താഴേക്ക് വീഴുകയായിരുന്നു. അന്വേഷണം നടന്നുവരുന്നു.

Related News