• Home
  • News
  • മഹാപ്രളയത്തിലും സംസ്‌ഥാനത്താകെ രക്ഷാപ്രവർത്തനം ഇന്നും സജീവമായി

മഹാപ്രളയത്തിലും സംസ്‌ഥാനത്താകെ രക്ഷാപ്രവർത്തനം ഇന്നും സജീവമായി

കൊച്ചി: മഹാപ്രളയത്തിലും സംസ്‌ഥാനത്താകെ രക്ഷാപ്രവർത്തനം ഇന്നും സജീവമായി തുടരുന്നു. പെരിയാറിന്റെ തീരത്തും ചാലക്കുടിയിലും  പത്തനംതിട്ടയിലുമായി കുടുങ്ങികിടക്കുന്ന പതിനായിരങ്ങളെ  രക്ഷിക്കാനുള്ള ശ്രമം  തുടരുകയാണ്‌.   കര, നാവിക, വ്യോമസേനകൾക്കൊപ്പം ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.കൂടുതൽ ഹെലികോപ്‌റ്റുകളും ബോട്ടുകളും എത്തി.   നീണ്ടകര, വിഴിഞ്ഞം എന്നിവിടങ്ങളിൽനിന്നുള്ള മൽസ്യത്തൊഴിലാളികളും ഫിഷിങ് ബോട്ടുമായി രക്ഷാപ്രവർത്തനത്തിനുണ്ട്‌.

വെള്ളം പൊങ്ങിയ പലയിടത്തും ജനങ്ങൾ ഭക്ഷണവും കുടിവെള്ളവുമില്ലാതെ ഒറ്റപ്പെട്ടിരിക്കയാണ്‌.  ഇതിനകം നിരവധിപേരെ രക്ഷപ്പെടുത്തിക്കഴിഞ്ഞു.  റോഡുഗതാഗതവും ട്രെയിൻ ഗതാഗതവും സ്‌തഭിച്ചിരിക്കയാണ്‌. പലയിടത്തും ദുരിതാശ്വാസ ക്യാമ്പുകളിൽ വെള്ളം കയറിയതും കൂടുതൽ ദുരിതമായി. രാത്രിയിൽ ക്യാമ്പുകൾ മാറ്റേണ്ടിവന്നതും ജനങ്ങളെ വലച്ചു.

ഇടുക്കി ജില്ലയിൽ മഴ കനത്തുപെയ്യുകയാണ്‌. ഇടുക്കി ഡാമിലെ ജലനിരപ്പ് 2402 അടിയിലും കൂടുകയാണ്‌. പ്രദേശത്ത് ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പെരിയാറിന്റേയും ചാലക്കുടിപ്പുഴയുടേയും തീരത്ത് സ്ഥിതി ഗുരുതരമായി തുടരുകയാണ്. ചാലക്കുടി നഗരം പൂര്‍ണമായും വെള്ളത്തിനടിയിലാണ്. പെരിയാര്‍ കരകവിഞ്ഞതോടെ എറണാകുളം ജില്ലയുടെ പലഭാഗങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. പലയിടങ്ങളിലും വെള്ളം രണ്ട് നില കെട്ടിടത്തിന്‍റെ ഉയരത്തിൽ  വടുതല, ചിറ്റൂര്‍, ഇടപ്പള്ളി, പേരണ്ടൂര്‍ മേഖലകളിലാണ് നേരത്തെ  വെള്ളം കയറിയതെങ്കില്‍ ഉള്‍പ്രദേശങ്ങളായ വരാപ്പുഴ, തൃപ്പൂണിത്തറ, കളമശ്ശേരി, കലൂര്‍ എന്നിവടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ നിന്ന് നിരവധി പേര്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കുകയാണ്.

നിലവിൽ പെരിയാറിന്‍റെ ഇരുതീരത്ത് നിന്നും പത്ത് കിലോമീറ്റർ വരെ ദൂരത്തിൽ വെള്ളം കയറിയിട്ടുണ്ട്. 80,000 ത്തോളം വീടുകൾ വെള്ളത്തിനടിയിലായെന്നാണ് പ്രാഥമിക നിഗമനം.  കൊച്ചി കായലിലും ജലനിരപ്പ് ഉയര്‍ന്നു. ചാലക്കുടി പുഴയുടെ ഇരു തീരങ്ങളിലും മൂന്ന് കിലോമീറ്റർ വരെ വെള്ളം കയറിയിട്ടുണ്ട്.

പത്തനംതിട്ടയിലെ റാന്നിയടക്കമുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. എന്നാല്‍ മഴ മാറി നില്‍ക്കുന്നുണ്ട്. ചെറിയ തോതില്‍ ജലനിരപ്പ് കുറഞ്ഞതും ആശ്വസം പകരുന്നുണ്ട്. പന്പയിലെ ജലനിരപ്പ് കുറഞ്ഞെങ്കിലും അച്ചൻകോവിൽ കരകവിഞ്ഞൊഴുകുകയാണ്. സീതത്തോടും ചിറ്റാറും ഒറ്റപ്പെട്ടു കിടക്കുകയാണ്.പലയിടത്തും രണ്ട് ദിവസമായിട്ടും രക്ഷാപ്രവർത്തകർക്ക്  എത്താൻ പോലുമാകാത്ത അവസ്ഥയിലാണ്.   പത്തനംതിട്ട ടൗണിന്റെ  ഒരു ഭാഗം ഇപ്പോഴും വെള്ളത്തിനടിയിലാണ്.

കുടുങ്ങിക്കിടക്കുന്നവരെ വെള്ളിയാഴ‌്ച വൈകുന്നേരത്തിനകം രക്ഷപ്പെടുത്താൻ കഴിയുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ‌്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കേന്ദ്ര﹣ സംസ്ഥാന സർക്കാർ ഏജൻസികൾ ഏകോപനത്തോടെ പ്രവർത്തിക്കുന്നുണ്ട‌്. വയനാട്ടിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത‌് സൗജന്യമായി റേഷൻ നൽകും. രാവിലെയും വൈകിട്ടും ചേർന്ന ഉന്നതതലയോഗത്തിൽ വിവിധ സേനാവിഭാഗങ്ങളുടെ തലപ്പത്തുളളവർ പങ്കെടുക്കുന്നു.

എറണാകുളത്ത‌്ഇതിനകം 2500 പേരെയും പത്തനംതിട്ടയിൽ 550 പേരെയും രക്ഷപ്പെടുത്തി. തൃശൂർ, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മൂന്നു വീതം ഹെലികോപ‌്റ്റർ വെള്ളിയാഴ‌്ചമുതൽ കൂടുതലായി ‌എത്തും. മറ്റ‌് ജില്ലകളിലും ആവശ്യാനുസരണം ഹെലികോപ്‌റ്റർ സേവനമുണ്ടാകും. 23 ഹെലികോപ‌്റ്റർ ഇതിനായി തയ്യാറാക്കി. 200 ബോട്ടുകൂടി വെള്ളിയാഴ‌്ച മുതൽ രക്ഷാപ്രവർത്തനത്തിന‌് വിനിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related News

Entertainment

Business