• Home
  • News
  • കേരളത്തിലെ കാലവർഷക്കെടുതിയിൽ തരിച്ചിരിക്കുകയാണ് പ്രവാസിലോകം

കേരളത്തിലെ കാലവർഷക്കെടുതിയിൽ തരിച്ചിരിക്കുകയാണ് പ്രവാസിലോകം

ഷാർജ: കേരളത്തിലെ കാലവർഷക്കെടുതിയിൽ തരിച്ചിരിക്കുകയാണ് പ്രവാസിലോകം. നാട്ടിലേക്ക് ഫോൺ ചെയ്തും മാധ്യമവാർത്തകൾ കണ്ണ് ചിമ്മാതെ നോക്കിയിരുന്നും നാടിന്റെ അവസ്ഥയിൽ അസ്വസ്ഥതയോടെ ദിവസങ്ങൾ തള്ളിനീക്കുകയാണ് എല്ലാവരും.

സമൂഹമാധ്യമങ്ങളിലൂടെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സഹായിച്ചും സഹായാഭ്യർഥനകൾ അനുനിമിഷം പങ്കുവെച്ചും ബുധനാഴ്ച രാത്രി മിക്കവരും ഉറക്കമിളച്ചാണ് ഇക്കരെനിന്ന് നാടിനെ നോക്കിക്കണ്ടത്. പ്രളയത്തിന്റെ ഇരകളായി നിരവധി പ്രവാസികളുടെ കുടുംബങ്ങളും ഉൾപ്പെട്ടിരിക്കുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ആക്ടിങ് സെക്രട്ടറി അഡ്വ. സന്തോഷ് കെ നായരുടെ കുടുംബം ബുധനാഴ്ച ഉച്ചമുതൽ വീടിന്റെ ടെറസിൽ കുടുങ്ങികിടക്കുകയാണെന്നു അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നു. ചെങ്ങന്നൂർ നഗരസഭയിൽ ഉൾപ്പെടുന്ന ഇടനാട് പ്രദേശത്താണ് സന്തോഷിന്റെ കുടുംബം താമസിക്കുന്നത്. മുൻ നഗരസഭാംഗംകൂടിയായ അദ്ദേഹത്തിന്റെ ഭാര്യയും മകനുമാണ് രണ്ടുദിവസമായി ഭക്ഷണമോ കുടിവെള്ളമോ കിട്ടാതെ കഴിയുന്നത്.

ഇടനാട് സ്ഥിരതാമസമാക്കിയ ഷാർജയിലുള്ള ജഗദീഷിന്റെ കുടുംബവും ദുരന്തത്തിൽപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ കുടുംബം അവധിക്ക്‌ നാട്ടിൽ പോയതായിരുന്നു. ഭാര്യ വർക്കലയിൽ ചികിത്സയിലാണ്. മകനും പ്രായമായ മാതാപിതാക്കളും രണ്ടുദിവസമായി ടെറസിൽ കുടുങ്ങികിടക്കുകയാണെന്നു ജഗദീഷ് പറഞ്ഞു. നീണ്ടകരയിൽനിന്ന് ഫിഷിങ്ബോട്ട് വന്നു കുറച്ചുപേരെ രക്ഷപ്പെടുത്തിയെങ്കിലും ഭൂരിഭാഗം ആളുകളും ഇടനാടിൽ കുടുങ്ങിയിരിക്കുകയാണ്. മുവായിരത്തോളമാളുകൾ താമസിക്കുന്ന ആ പ്രദേശത്തെ മുന്നൂറോളംവീടുകളിൽ പൂർണമായും വെള്ളം കയറിയിരിക്കുകയാണ്.

ഇത്തരത്തിൽ നിരവധി കുടുംബങ്ങൾ വെള്ളപ്പൊക്കത്തിന്റെ ദുരിതക്കയത്തിലാണ്. ഇവിടെയിരുന്നുകൊണ്ട് സഹായങ്ങൾ ഏകോപിപ്പിക്കാനല്ലാതെ വേറെന്ത് ചെയ്യുമെന്ന വേവലാതിയിലാണ് എല്ലാവരും.bbഇന്ത്യൻ അസോസിയേഷൻ 25 ലക്ഷംനൽകുംbbഷാർജ ഇന്ത്യൻ അസോസിയേഷൻ കേരളത്തിലെ കാലവർഷക്കെടുതിയിൽപ്പെട്ടവരെ സഹായിക്കാനായി 25 ലക്ഷം രൂപ നൽകും. തുകയുടെ ആദ്യഗഡുവായ അഞ്ചുലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനായി അസോസിയേഷൻ ഖജാൻജി കെ. ബാലകൃഷ്ണൻ ആക്ടിങ് പ്രസിഡന്റ് എസ്. മുഹമ്മദ് ജാബിറിനെ ഏൽപ്പിച്ചു. ബുധനാഴ്ച കമ്മ്യൂണിറ്റി ഹാളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വെച്ചാണ് ചെക്ക് കൈമാറിയത്. ജോയിന്റ് ട്രഷറർ ഷാജി ജോൺ സംബന്ധിച്ചു.

Related News

Entertainment