മഹാപ്രളയത്തിന്റെ വെള്ളമിറങ്ങിത്തുടങ്ങി; പുനരധിവാസ നടപടിയിലേക്ക്
തിരുവനന്തപുരം:പേമാരിക്കും വെള്ളപ്പൊക്കത്തിനും ശമനമുണ്ടായതോടെ പുനരധിവാസ നടപടിയിലേക്ക് സർക്കാർ നീങ്ങുന്നു. താമസം, ആരോഗ്യ-രോഗപ്രതിരോധ നടപടികൾ, എന്നിവക്കായിരിക്കും മുൻഗണന. ബോധവത്കരണ പ്രവർത്തനവും ഉൗർജിതമാക്കും.റോഡ്-വൈദ്യുതി-കുടിവെള്ളം-കാർഷിക മേഖലയുടെ പുനരുദ്ധാരണം എന്നിവയും ഇതോടൊപ്പം നടപ്പാക്കും. വീടുകളുടെ നവീകരണം, കക്കൂസുകളുടെ നിർമാണം, കുടിവെള്ളം എന്നിവക്കും മുഖ്യപരിഗണന നൽകും. അടിസ്ഥാന സൗകര്യവികസനമാണ് ലക്ഷ്യം.
മഹാപ്രളയത്തിന്റെ വെള്ളമിറങ്ങിത്തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ജീവിതം പതുക്കെ കരകയറുന്നു. നദികളിലെ ജലനിരപ്പ് താഴ്ന്നു. ദുരിതാശ്വാസ കേന്ദ്രങ്ങളിൽ എല്ലാവിധ സഹായങ്ങളും എത്തിക്കുന്നുണ്ട്. ചെങ്ങന്നൂരിലും കുട്ടനാട്ടിലും രക്ഷാദൗത്യം ഏറെക്കുറെ പൂർത്തിയായി. ഉൾപ്രദേശങ്ങളിലെ വീടുകളിൽ ഒറ്റപ്പെട്ടവരുണ്ടോ എന്നറിയാൻ വാർഡ് അടിസ്ഥാനത്തിൽ വീട് തിരിച്ചുള്ള പരിശോധന ആരംഭിച്ചു. ചെങ്ങന്നൂരിൽ ഞായറാഴ്ച ആറുപേരുടെ മൃതദേഹം കിട്ടി. ഇതോടെ മരണസംഖ്യ 11 ആയി. കുട്ടനാട്ടിൽ അവശേഷിക്കുന്നവരെ കണ്ടെത്താൻ രാത്രി വൈകിയും രക്ഷാദൗത്യം തുടരുന്നു. 935 ക്യാമ്പിലായി 2,54,000 പേരുണ്ട്.
കെടുതി ഏറെ ബാധിച്ച തിരുവല്ലയിലും അപ്പർകുട്ടനാട്ടിലും ആറന്മുളയിലും രക്ഷാപ്രവർത്തനം പൂർണതോതിലാണ്. ഇവിടെ 516 ദുരിതാശ്വാസ ക്യാമ്പുകളിലായി 75,536 ആളുകളാണുള്ളത്. പത്തനംതിട്ടയിൽ കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു. എല്ലാ പ്രദേശങ്ങളിലും മൊബൈൽ മെഡിക്കൽ ടീം പ്രവർത്തനം തുടങ്ങി. സംവിധാനങ്ങൾ ഒരുക്കാൻ 1,500 ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഒരു ഹെലികോപ്റ്റർ അപ്പർകുട്ടനാട്ടിൽ ഭക്ഷണവിതരണം നടത്തും.
തൃശൂർ ജില്ലയിൽ ആറു പേരുടെ കൂടി മൃതദേഹം കണ്ടെത്തിയതോടെ മരിച്ചവരുടെ എണ്ണം 46 ആയി. കുറാഞ്ചേരിയിലെ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു, മരിച്ചവർ 19. ചാലക്കുടി, ചാവക്കാട്, കൊടുങ്ങല്ലൂർ ഭാഗങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ഊർജിതശ്രമം തുടരുന്നു. 721 ക്യാമ്പുകളിലായി 2,04,181 പേരാണുള്ളത്. തമിഴ്നാട്ടിൽ നിന്ന് 1000 കിലോ അരിയും കർണാടകത്തിൽനിന്ന് 900 ലിറ്റർ പാലും എത്തി. കുണ്ടൂർ, പൂവത്തുശേരി ഭാഗങ്ങളിലേക്ക് മുപ്പത് മുങ്ങൽ വിദഗ്ധരെ നിയോഗിച്ചു.
എറണാകുളം ജില്ലയിലെ രക്ഷാപ്രവർത്തനം 99 ശതമാനവും പൂർത്തിയാക്കി. പെരിയാറിൽ ജലനിരപ്പ് അഞ്ചു മീറ്ററോളം താണു. വൈപ്പിൻ, വടക്കൻ പറവൂർ, വരാപ്പുഴ എന്നിവിടങ്ങളിൽ സ്ഥിതി ഗുരുതരമാണ്.
ജില്ലയിൽ ക്യാമ്പുകളുടെ എണ്ണം 733 ആയി. 65,590 കുടുംബങ്ങളിലെ 2,61,634 പേരാണ് അഭയം തേടിയത്. 35,000 പേരെ ഞായറാഴ്ച സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പറവൂർ തെക്ക് കുത്തിയതോട്ടിൽ പള്ളിമതിലിടിഞ്ഞ് കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു. രക്ഷാപ്രവർത്തനത്തിനിടെ ആലുവയിൽ യുവാവടക്കം മറ്റ് മൂന്നുപേരും മരിച്ചു. വയനാട്ടിൽ മഴ കുറഞ്ഞു. 1500ലധികം പേർ വീടുകളിലേക്ക് മടങ്ങി. 207 ക്യാമ്പുകളിലായി 28,660 പേരാണ് ക്യാമ്പിലുള്ളത്. പനമരം, മാനന്തവാടി, കോട്ടത്തറ, പടിഞ്ഞാറത്തറ ഭാഗങ്ങളിൽ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. കോഴിക്കോട് ജില്ലയിൽ ഒഴുക്കിൽപ്പെട്ട വേങ്ങേരി ചാമക്കാമണ്ണിൽ സിദ്ദിഖിന്റെ മൃതദേഹം കിട്ടി. മലപ്പുറത്ത് ഭാരതപ്പുഴയുടെയും കടലുണ്ടിപ്പുഴയുടെയും തീരങ്ങളിൽ കുടുങ്ങിയ കൂടുതൽപേരെ രക്ഷിച്ചു.